ജനം ടിവിയുടെ കൃത്രിമ സ്ക്രീന്ഷോട്ടുമായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു

രാഷ്ട്രീയം

വിവരണം 

Saiber Khan Ct‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചുവരെഴുത്തുകൾ – chuvarezhuthukal എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണിത്. “കായംകുളം ചേരാവള്ളിയിൽ മസ്ജിദ് അങ്കണത്തിൽ നടന്ന ഹൈന്ദവ വിവാഹത്തിൽ മനംനൊന്ത് മൂന്ന് R S.S പ്രവർത്തകർ ആത്മഹത്യക്ക് ശ്രമിച്ചു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ജനം ടിവി പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ആണ്. സ്ക്രീൻഷോട്ടിൽ നൽകിയിരിക്കുന്നത് ഇതേ വാർത്തയും ഒപ്പം ഒരു വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നുമുള്ള കമന്‍റുമാണ്.  rejeev raghven  എന്ന പേര് സ്ക്രീൻഷോട്ടിൽ വ്യക്തമായി കാണാം. ഈ വ്യക്തി ആത്മഹത്യയ്ക്കു   ശ്രമിച്ചു എന്ന മട്ടിലാണ് പോസ്റ്റിന്‍റെ പ്രചരണം. ഇയാൾ ചേരാവള്ളിയിൽ കഴിഞ്ഞ ദിവസം മസ്ജിദിൽ വച്ച് നടത്തിയ ഹൈന്ദവ വിവാഹത്തെ പറ്റി നടത്തിയ കമന്‍റ് എന്ന മട്ടിൽ ഒരു കമന്‍റ് സ്ക്രീൻഷോട്ടിലുണ്ട്.

archived linkFB post

ജനം ടിവി ഇങ്ങനെയൊരു വാർത്ത നൽകി എന്നാണ് പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. നമുക്ക് ഈ വാർത്തയുടെ വിശദാംശങ്ങൾ അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു നോക്കിയപ്പോൾ മാധ്യമങ്ങളിലൊന്നും  ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് വ്യക്തമായി. തുടർന്ന് ഞങ്ങൾ ജനം ടിവിയുടെ വെബ്‌സൈറ്റിൽ അന്വേഷിച്ചു. ഈ വാർത്ത അവരുടെ വെബ്‌സൈറ്റിൽ ഇല്ല എന്നും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അതുകൊണ്ട് വസ്തുത അറിയാനായി ഞങ്ങൾ ജനം ടിവിയുടെ എഡിറ്റർ ഇന്‍ ചാര്‍ജ് സന്തോഷുമായി സംസാരിച്ചു. “ഇങ്ങനെയൊരു വാർത്ത ജനം ടിവി പ്രസിദ്ധീകരിച്ചിട്ടില്ല. ഇതൊരു വ്യാജ പ്രചരണമാണ്.” ഈ വാർത്തയുടെ കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ആർഎസ്എസ് കായംകുളം മണ്ഡൽ കാര്യവാഹ് സതീഷിനോട് വിശദീകരണം തേടി. അദ്ദേഹം ഞങ്ങളോട് പോസ്റ്റിന്‍റെ ലിങ്ക് ആവശ്യപ്പെട്ടു. അല്പസമയത്തിനു ശേഷം അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ് : ഇതൊരു വ്യാജ പ്രചാരണമാണ്. മുസ്‌ലിം പള്ളിയിൽ ഹിന്ദു ആചാര പ്രകാരം വിവാഹം നടന്നതിൽ ആർഎസ്എസുകാർക്ക് പ്രശ്നമുണ്ടെന്ന്  വരുത്തി തീർക്കാനുള്ള മനഃപൂർവമായുള്ള ശ്രമമാണിത്. മുസ്‌ലിം പള്ളിയിൽ ഹൈന്ദവരുടെ വിവാഹം നടത്തി എന്ന പേരിൽ ഒരു ആർഎസ്എസ് പ്രവർത്തകനും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. 

പോസ്റ്റിലെ സ്ക്രീൻഷോട്ടിലുള്ള രജീഷ് രാഘവൻ എന്ന പ്രൊഫൈലിന്‍റെ  ഉടമയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ വ്യക്തിയുടെ പ്രൊഫൈൽ ഞങ്ങൾ വൈകിട്ട് 06 . 35 ന് പരിശോധിച്ചപ്പോൾ അദ്ദേഹം അഞ്ചു മണിക്കൂർ മുമ്പ് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളതായി ശ്രദ്ധയിൽ പെട്ടു. 

archived link

പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കെട്ടിച്ചമച്ച്  ഉണ്ടാക്കിയതാണെന്ന് വ്യക്തമായിട്ടുണ്ട്. ജനം ടിവിയുടെ ലോഗോ എഡിറ്റ് ചെയ്‌തു നിർമ്മിച്ച  കൃത്രിമ പേജിന്‍റെ സ്ക്രീൻഷോട്ടാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഇങ്ങനെയൊരു വാർത്ത നൽകിയിട്ടില്ലെന്ന് ജനം ടിവിയുടെ എഡിറ്ററും മുസ്‌ലിം പള്ളിയിൽ ഹിന്ദുക്കൾ വിവാഹിതരായതിന്‍റെ പേരിൽ ആർഎസ്എസ് പ്രവർത്തകരാരും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് ആർഎസ്എസ് നേതാവും വ്യക്തമാക്കിയിട്ടുണ്ട് 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ജനം ടിവിയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയ പേജിന്‍റെ സ്ക്രീൻഷോട്ടാണ് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന്  ജനം ടിവിയുടെ എഡിറ്റർ ഇൻ ചാർജ് വ്യക്തമാക്കിയിട്ടുണ്ട്. വാർത്ത വ്യാജമാണെന്നു ആർഎസ്എസ് നേതാവും സ്ഥിരീകരിച്ചിട്ടുണ്ട്. 

Avatar

Title:ജനം ടിവിയുടെ കൃത്രിമ സ്ക്രീന്ഷോട്ടുമായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •