കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ചു ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിൽ ബോർഡ് സ്ഥാപിച്ചു എന്ന വാർത്ത തെറ്റാണ്…

അന്തർദേശിയ൦ രാഷ്ട്രീയം

വിവരണം 

കോവിഡ്  ഭീതി ലോകം മുഴുവൻ പരക്കുമ്പോഴും അപൂർവം ചില ജില്ലകളും സംസ്ഥാനങ്ങളും ലോകത്തിന്റെ പലഭാഗത്തും കോവിഡ് ഫലപ്രദമായി തടഞ്ഞ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിക്കുകയും അവരുടെ വിജയം മാധ്യമ ശ്രദ്ധ നേടുകളും ചെയ്തിട്ടുണ്ട്. അത്തരം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിന്‍റെ മികവുറ്റ കോവിഡ്  പ്രതിരോധ പദ്ധതിയെ പ്രശംസിച്ച് പല വിദേശ മാധ്യമങ്ങളും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 

ഇതുകൂടാതെ  മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വിദേശരാജ്യങ്ങൾ എന്ന പേരിൽ ചില വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ശ്രീലങ്കൻ സർക്കാർ നമ്മുടെ മുഖ്യമന്ത്രിയോടുള്ള ആദര സൂചകമായി സ്റ്റാമ്പ് പുറത്തിറക്കി എന്നൊരു വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ഞങ്ങൾ വാർത്തയുടെ മുകളിൽ വസ്തുതാ അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

പിണറായി വിജയന്‍റെ ചിത്രം വച്ച് ശ്രീലങ്കൻ സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയതായി വ്യാജ പ്രചരണം

അതേപോലെ ഈയിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് കേരള മുഖ്യമന്ത്രിയുടെ പേര് പതിപ്പിച്ച ബോർഡ് ഓസ്‌ട്രേലിയയിലെ മെൽബണിൽ സ്ഥാപിച്ചു എന്നത്. 

archived linkFB post

“കോവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നും നയിക്കുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ചു ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിൽ സ്ഥാപിച്ച ബോർഡ് ❣️” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ താങ്ക്സ് പിണറായി എന്ന് ഇംഗ്ലീഷിൽ ഒരു വലിയ കെട്ടിടത്തിന് മുന്നിൽ എഴുതി വച്ചിരിക്കുന്നതായി കാണാം. ഒപ്പം പോസ്റ്റിന്‍റെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന അതേ  വാചകങ്ങളും പിണറായി വിജയന്‍റെ ചിത്രത്തിന്‍റെ കൂടെ നൽകിയിട്ടുണ്ട്. എന്നാൽ ഈ വാർത്ത തെറ്റാണ്. കേരള മുഖ്യമന്ത്രിയുടെ പേര് പതിപ്പിച്ച ബോർഡ് ഓസ്‌ട്രേലിയയിലെ മെൽബണിൽ സ്ഥാപിച്ചിട്ടില്ല. എന്താണ് ചിത്രത്തിന്‍റെ പിന്നിലെന്ന് നമുക്ക് നോക്കാം.

വസ്തുതാ വിശകലനം 

ഈ ചിത്രത്തിന് ലഭിച്ച കമന്‍റുകളിലൊന്നിൽ ദേശാഭിമാനി ദിനപത്രം പ്രസിദ്ധീകരിച്ച ഒരു “തിരുത്ത് ” ഒരു വ്യക്തി സ്ക്രീൻഷോട്ടായി നൽകിയിട്ടുണ്ട്. ഇതേ ചിത്രം പ്രസിദ്ധീകരിച്ചത് വാസ്തവമറിയാതെയാണ് എന്നാണ് പത്രാധിപർ തിരുത്തിൽ നൽകിയിട്ടുള്ളത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷിനോയ് ചന്ദ്രൻ  എന്ന വ്യക്തി വാര്‍ത്തയുടെ വിശദാംശങ്ങൾ വ്യക്തമാക്കി പോസ്റ്റ്  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സഖാക്കളെ ,സുഹൃത്തുക്കളെ ഒരുപാട് പേര് ഇൻബോക്സിൽ തൊട്ടു മുൻപ് ഇട്ട ബോർഡിനെപ്പറ്റി ഉള്ള പോസ്റ്റിനെക്കുറിച്ച്‌ സംശയം ചോദിക്കുന്നത് കൊണ്ടാണ് ഈ പോസ്റ്റ്‌ .

ആദ്യമേ പറയട്ടെ അത് ഫേക്കോ ഫോട്ടോഷോപ്പോ അല്ല . Telstra എന്നത് ഇവിടുത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കൾ ആണ് -നാട്ടിലെ bsnl പോലെ – കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുപാട് സൗജന്യങ്ങൾ ഒക്കെ അവർ വരിക്കാർക്ക് കൊടുക്കുന്നുണ്ട് .

മെൽബൺ എന്ന സ്ഥലത്തെ അവരുടെ ഹെഡ് ക്വാർട്ടേഴ്‌സ് നു മുൻപിലുള്ള ബോർഡാണ് മുകളിൽ പറഞ്ഞത് .അത് സ്ഥാപിച്ചത് കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക്‌ നന്ദി പറയുക എന്ന ഉദ്ദേശത്തോടെ ആണ് . Thanks … എന്ന് തുടങ്ങി നമ്മൾക്ക് പറയേണ്ട മെസേജ് ഏറ്റവും ചുരുക്കി അവരുടെ ഒരു നമ്പറിലേക്ക് അയച്ചു കൊടുത്താൽ അവർ നമ്മളുടെ മെസേജ് ക്യൂവിൽ ഇടും. ഊഴം വന്നാൽ അത് അവിടെ ഡിസ്പ്ലെ ചെയ്തു ലൈവ് ആയി ഒരു ഫോട്ടോ എടുത്തു mms ആയി നമ്മൾക്ക് അയച്ചു തരും . നേരിട്ട് അവിടെ പോയാൽ മൊത്തം മെസേജ് സ്ക്രോൾ ആയി വരുന്നതിന്റെ വീഡിയോ കിട്ടും .” എന്ന വിവരണത്തോടൊപ്പം ഇങ്ങനെ ചിത്രം ചെയ്തെടുക്കുന്ന രീതി പ്രദിപാദിക്കുന്ന ലിങ്ക് അദ്ദേഹം ചേർത്തിട്ടുണ്ട്. 

archived link

കൂടാതെ എസ്‌എം‌എസ് അയച്ചതിന്‍റെ സ്ക്രീന്‍ഷോട്ട് നല്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ പ്രമുഖ വാർത്താവിനിമയ സേവന ദാതാക്കളായ ടെൽസ്ട്ര ഉപഭോക്താക്കൾക്കായി നൽകുന്ന ഒരു സേവനമാണിത്. ഷിനോയ് ചന്ദ്രൻ ഓസ്‌ട്രേലിയയിൽ ആണ് താമസിക്കുന്നത് എന്നാണ് പ്രൊഫൈലിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അദ്ദേഹം ടെൽസ്ട്ര അധികൃതർക്കയച്ച അഭ്യർത്ഥന പ്രകാരം മൊബൈൽ കമ്പനി പിണറായിയുടെ പേര് അവരുടെ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള ബിൽബോർഡിൽ എഴുതി പ്രദർശിപ്പിച്ചതാണ്. കോവിഡ് പ്രതിരോധത്തിന് പിന്തുണ നൽകിയ ആരുടെ പേരും ഇതുപോലെ അഭ്യർത്ഥന പ്രകാരം അവർ പ്രസിദ്ധീകരിക്കും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സേവനത്തിന്  അവർ എസ്എംഎസ് ചാർജ് ഈടാക്കുന്നുണ്ട്. 

കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ച് ഓസ്‌ട്രേലിയയിലെ മെൽബണിൽ ബോർഡ് പ്രദർശിപ്പിച്ചു എന്ന വാർത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ് 

നിഗമനം 

ഈപോസ്റ്റിലെ വാർത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. ഓസ്‌ട്രേലിയയിലെ മൊബൈൽ കമ്പനിയായ ടെൽസ്ട്ര ഉപഭോക്താക്കളുടെ എസ്എംഎസ് അഭ്യർത്ഥന പ്രകാരം കോവിഡ്  പ്രതിരോധത്തിനായി പ്രവർത്തിക്കുന്നവർക്ക് നന്ദി അറിയിച്ചുകൊണ്ട് അവരുടെ കെട്ടിടത്തിലെ ബിൽബോർഡിൽ പേരുകൾ പ്രദർശിപ്പിക്കും. ഇത് എസ്എംഎസ് വഴി ആർക്കും അഭ്യർത്ഥിക്കാവുന്നതാണ്. ആരുടെ പേരും അഭ്യർത്ഥന പ്രകാരം അവർ പ്രദർശിപ്പിക്കുകയും ചിത്രം പകർത്തി ഉപഭോക്താവിന് അയച്ചു കൊടുക്കുകയും ചെയ്യും. അങ്ങനെ ഒരു വ്യക്തി പിണറായി വിജയാനത്തെ പേര് എസ്എംഎസ് വഴി കമ്പനിക്ക് നൽകിയപ്പോൾ അവർ അദ്ദേഹത്തിന് അയച്ചു കൊടുത്ത ചിത്രമാണിത്. ചിത്രം കണ്ട് തെറ്റിദ്ധരിച്ചവർ വസ്തുതയറിയാതെ ഷെയർ ചെയ്തതാണ്.

Avatar

Title:കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ചു ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിൽ ബോർഡ് സ്ഥാപിച്ചു എന്ന വാർത്ത തെറ്റാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •