
വിവരണം
കോവിഡ് 19 എന്ന വിനാശകാരികിയായ വൈറസ് ലോകമെമ്പാടും ഇതുവരെ 28000 ത്തോളം പേരുടെ ജീവനെടുത്തുകഴിഞ്ഞു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 599472 പേരാണ് രോഗബാധിതരായി ലോകം മുഴുവൻ ചികിത്സയിൽ കഴിയുന്നത്. കോവിഡ് 19 ന്‍റെ വ്യാപനത്തിനെതിരെ ലോക്ക് ഡൗൺ പോലുള്ള നിർണ്ണായക മാർഗങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ ഇന്ത്യയുടെ സമ്പത് വ്യവസ്ഥ വരുന്ന ഏതാനും മാസങ്ങളിൽ തകരാറിലാകും എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഇതിനിടയിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിച്ചു തുടങ്ങിയത്. വിപ്രോ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 52500 കോടി രൂപ സംഭാവന ചെയ്തു എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പരക്കെയുള്ള പ്രചരണം.

archived link | FB post |
ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. അസിം പ്രേംജിയുടെ ചിത്രത്തിനൊപ്പം നല്കിയിട്ടുള്ള വാർത്തയിതാണ്.
“ഇത് അസീം പ്രേംജി. വിപ്രോ കമ്പനി ഫൗണ്ടർ ചെയർമാൻ. ഇപ്പോൾ ഈ ഫോട്ടോ പോസ്റ്റ് ചെയ്യുവാൻ ഒരു കാരണമുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഇന്ന് അദ്ദേഹം 52500 കോടി രൂപ സംഭാവന ചെയ്തിരിക്കുന്നു. ഇതോടൊപ്പം, നേരത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയതും കൂടി ചേർത്ത് ഈ വർഷത്തെ അദ്ദേഹത്തിന്റെ സംഭാവന ആകെ 145000 കോടി രൂപ. ആ സംഖ്യയുടെ വലുപ്പം ഒന്ന് ആലോചിച്ചു നോക്കൂ. പിടുത്തം കിട്ടുന്നില്ലെങ്കിൽ താരതമ്യത്തിന് വേണ്ടി പറയാം. കൊവിഡ് പാക്കേജായി മൊത്തം ഭാരതത്തിന് വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തുക 170000 കോടി രൂപയാണ്.
ഇത് കേട്ടിട്ട് ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനാണെന്ന് കരുതുന്നുണ്ടോ? അല്ല, അദ്ദേഹം നമ്പർ 17 ആണ്. അതിലും ഒരു കഥയുണ്ട്. കഥയല്ല, ചരിത്രം! പുതു ചരിത്രം!! 2019ൽ മുകേഷ് അംബാനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്ന അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം നൽകിയ ഈ സംഭാവന കാരണമായി പതിനേഴാം സ്ഥാനത്തേക്ക് വീണു. അതോ ഉയർന്നോ? അതെ! വീണതല്ല, ഉയർന്നതാണ്. പണം കെട്ടിപ്പിടിച്ച് ഞെളിയുന്ന ഒരു അംബാനിക്കും അദാനിക്കും എത്തിപ്പെടാൻ കഴിയാത്ത ഉയരത്തിലേക്ക് ഉയർന്നതാണ്.
എന്‍റെ കാഴ്ചപ്പാടിൽ അദ്ദേഹമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ. കാരണം സ്വരൂപിച്ച് വെച്ചതല്ല, നന്മയിൽ ചിലവഴിച്ചതാണ് സമ്പത്ത്. പക്ഷെ ആ സമ്പത്ത് അസീം പ്രേംജിയെ പോലെ മഹത് ജന്മങ്ങൾക്ക് മാത്രമേ ലഭിക്കൂ.”
ഈ വാർത്തയുടെ യാഥാർഥ്യം നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ എൻഡിടിവി 2019 മാർച്ച് 15 നു പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. ചാരിറ്റിക്കായി വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജി 52,750 കോടി രൂപ സംഭാവന നൽകി എന്നതാണ് വാർത്ത. സ്ക്രീൻഷോട്ടും പരിഭാഷയും താഴെ കൊടുക്കുന്നു

“അവിശ്വസനീയമാംവിധം ഉദാരമായ സംഭാവനകൾ നൽകുന്നതിൽ അസിം പ്രേംജി എന്നും മുന്നിലാണ് – നല്ല വിദ്യാഭ്യാസം ലഭിക്കാൻ ഭാഗ്യമില്ലാത്തവരെ സഹായിക്കുന്നതിനായി വിപ്രോ ലിമിറ്റഡിന്‍റെ ശതകോടീശ്വരനായ ചെയർമാന്‍ തന്‍റെ കമ്പനിയുടെ 34 ശതമാനം ഓഹരികൾ അതായത് 7.5 ബില്യൺ ഡോളർ അല്ലെങ്കിൽ 52,750 കോടിയാണ് സംഭാവന ചെയ്തിരിക്കുന്നത്.
ഇതുള്‍പ്പെടെ അദ്ദേഹത്തിന്‍റെ ജീവകാരുണ്യ സംഭാവനയിലേക്ക് മൊത്തം 1,45,000 കോടി – അല്ലെങ്കിൽ 21 ബില്യൺ ഡോളറാണ്- ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഭാവനയാണിത്
പൊതു (സർക്കാർ) സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഗുണനിലവാരവും തുല്യതയും മെച്ചപ്പെടുത്തുന്നതിന് ഫൌണ്ടേഷന്‍റെ വിദ്യാഭ്യാസരംഗത്തെ സേവനം ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ചില ഭാഗങ്ങളിൽ നടക്കുകയാണെന്ന് അസിം പ്രേംജി ഫൌണ്ടേഷൻ അറിയിച്ചു. വിവിധ സംസ്ഥാന സർക്കാരുകളുമായി അടുത്ത പങ്കാളിത്തത്തിലാണ് ഈ പ്രവർത്തനം. നിലവിൽ ഈ പ്രവര്‍ത്തനങ്ങള്‍ കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പുതുച്ചേരി, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്നു.”
ഏതാനും വസ്തുത അന്വേഷണ വെബ്‌സൈറ്റുകൾ ഈ അവകാശവാദത്തിന് മുകളിൽ വസ്തുത അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾട്ട് ന്യൂസ് പ്രതിനിധി അസിം പ്രേംജിയുമായി അടുത്ത വൃത്തങ്ങളോട് സംസാരിച്ചതായും 2019 ൽ ചെയ്ത സംഭാവനയുടെ വാർത്തയാണ് ഇപ്പോഴുംപ്രചരിച്ചു കൊണ്ടിരിക്കുന്നത് എന്ന് അവിടെ നിന്നും അറിയിച്ചതായും ലേഖനത്തിൽ ചേർത്തിട്ടുണ്ട്.
അസിം പ്രേംജി കാരുണ്യ പ്രവർത്തനങ്ങൾക്കായി 500000 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. അത് 2019 മാർച്ചിലാണ്. ഇപ്പോൾ ഇന്ത്യ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 മായി ഈ സംഭാവനയ്ക്ക് ബന്ധവുമില്ല. കോവിഡ് 19 പ്രതിരോധത്തിനായി അദ്ദേഹം പണം സംഭാവന നൽകിയതായി വാർത്തകളില്ല .
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. അസിം പ്രേംജി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 52500 കോടി തുക സംഭാവന ചെയ്‌തിട്ടില്ല. ഇത്തരത്തിൽ കാണുന്നതെല്ലാം വ്യാജ പ്രചാരണങ്ങളാണ്.

Title:അസിം പ്രേംജി കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി 52500 കോടി സംഭാവന ചെയ്തു എന്ന്‍ വ്യാജ പ്രചരണം
Fact Check By: Vasuki SResult: False
