തെരെഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി കുറ്റസമ്മതം നടത്തിയോ..?

രാഷ്ട്രീയം

വിവരണം 

Public kerala എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജൂലൈ 22 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ യൌടുബീല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് നല്കിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലെ പ്രത്യക്ഷ ഭാഗത്ത് “ഒടുവില്‍ കുറ്റസമ്മതം നടത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. 6 സംസ്ഥാനങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നു. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോര്ട്ട്” എന്ന വാചകങ്ങള്‍ നല്കിയിട്ടുണ്ട്. വീഡിയോ പരിശോധിച്ചാല്‍ അതിലും ഈ വാര്‍ത്തയുടെ വിശദമായ വിവരണമാണുള്ളത്. 

archived linkFB post
archived linkyoutube

വാര്‍ത്തയില്‍ നല്കിയിരിക്കുന്നത് പ്രധാനമായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമായി കുറ്റസമ്മതം നടത്തി എന്ന വാദമാണ്. 6-സംസ്ഥാനങ്ങളില്‍ എട്ടിടത്ത് പൊരുത്തക്കേടുകൾ കണ്ടുവെന്നും വാർത്തയുടെ വിവരണത്തിൽ പറയുന്നു. ഇലക്ഷൻ കമ്മീഷൻ ഇതരത്തില്‍  കുറ്റസമ്മതം നടത്തിയോ..? ആറ് സംസ്ഥാനങ്ങളില്‍ അട്ടിമറികണ്ടെത്തിയോ ..? ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരം തേടാം 

വസ്തുതാ വിശകലനം 

പ്രസ്തുത  വാർത്തയിൽ ഈ വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്നു കാര്യം വ്യക്തമാക്കിയിട്ടില്ല. ഇലക്ഷൻ കമ്മീഷൻ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചോ അതോ ഇലക്ഷൻ കമ്മീഷന്‍റെ പ്രതിനിധികൾ ആരെങ്കിലും  മാധ്യമങ്ങൾക്ക് വാർത്ത നൽകിയോ എന്നിങ്ങനെയുള്ള വിവരങ്ങളൊന്നും പബ്ലിക് കേരള വാർത്തയിൽ നൽകിയിട്ടില്ല.  

ഞങ്ങൾ വാർത്തയുടെ വിവിധ കീ വേർഡ്സ്  ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. 

archived linkeconomic times

അതിന്‍റെ പരിഭാഷ ഇപ്രകാരമാണ്:

ന്യൂഡൽഹി: അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) രേഖപ്പെടുത്തിയ വോട്ടെണ്ണലും വോട്ടർ പരിശോധിച്ചുറപ്പിക്കാവുന്ന പേപ്പർ ഓഡിറ്റ് ട്രയലും (വിവിപാറ്റ്) തമ്മിലുള്ള പൊരുത്തക്കേട് എട്ട് മെഷീനുകളിൽ  കണ്ടെത്തി. 20,687 പോളിംഗ് സ്റ്റേഷനുകളിൽ പരിശോധന നടത്തിയിരുന്നു. സുപ്രീംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ വിവിപാറ്റ് സ്ലിപ്പുകളുടെ നിർബന്ധിത പരിശോധന നടത്തി.

വോട്ടെണ്ണൽ പൊരുത്തക്കേട് – 0.0004% എന്ന് കണക്കാക്കപ്പെടുന്നു -എന്നാല്‍ അവസാന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഈ പൊരുത്തക്കേട് യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ല ..

മിക്ക കേസുകളിലും, എണ്ണൽ പൊരുത്തക്കേട് ഒന്ന് മുതൽ രണ്ട് വരെ വോട്ടുകൾ മാത്രമാണ്. ഒരു സന്ദർഭത്തിൽ മാത്രം 34 വോട്ടുകളുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ടായിരുന്നു – വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് വി‌വിപ്പാറ്റ് മെഷീനിൽ നിന്ന് മോക്ക് പോൾ സ്ലിപ്പുകൾ മായ്‌ക്കുന്നതിൽ പോളിംഗ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടതാണ് ഇതിന് കാരണം.

എട്ട് കേസുകളിലും പൊരുത്തക്കേട് വെറും 50-ഓളം വോട്ടുകൾ മാത്രമാണെന്നും അന്തിമ ഫലത്തെ ബാധിച്ചിട്ടില്ലെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ  വൃത്തങ്ങൾ അറിയിച്ചു.

വി‌വി‌പാറ്റ്  ടാലിയിംഗിലെ എണ്ണൽ പൊരുത്തക്കേട് ഇതാദ്യമായാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോർട്ട് ചെയ്യുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ 1,500 കേസുകളിൽ ഒരു പൊരുത്തക്കേട് പോലും കണ്ടെത്തിയിട്ടില്ല.  1961 ലെ തിരഞ്ഞെടുപ്പ് ചട്ടത്തിലെ 56 ഡി (4) (ബി) ചട്ടപ്രകാരം, ഇവി‌എം എണ്ണവും വി‌വി‌പാറ്റ് എണ്ണവും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ ഈ കേസുകളുടെ വിശകലനം ജില്ലാ ഇലക്ടറൽ ഓഫീസർ, ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവരുടെ തലത്തിലും ആവശ്യമെങ്കിൽ പിന്നീട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വതന്ത്ര സാങ്കേതിക വിദഗ്ദ്ധ സമിതിയിലും നടത്തും എന്നാണു വ്യവസ്ഥ.

വിവിപാറ്റ്, ഇവിഎം പ്രക്രിയകളുടെ പ്രകടനത്തിൽ തൃപ്തരാണെന്ന് സാങ്കേതിക വിദഗ്ധ സമിതി അംഗം രജത് മൂന പറഞ്ഞു.

അന്തിമ ഫലങ്ങളിൽ‌, വി‌വി‌പ്പാറ്റ്, ഇവി‌എം എണ്ണങ്ങളിൽ‌ സാങ്കേതിക പൊരുത്തക്കേടുകളൊന്നും ഉണ്ടായിട്ടില്ല. മനുഷ്യ പിശകുകൾ മൂലം ഉണ്ടായ വ്യത്യാസങ്ങള്‍ ആണെന്ന് തോന്നുന്നു. 

ഇവിഎമ്മുകളിൽ നിന്ന് മോക്ക് പോൾ ഡാറ്റ മായ്‌ക്കുന്നതിൽ പരാജയപ്പെടുകയോ എണ്ണുന്നതിനുമുമ്പ് വിവിപാറ്റ് മോക്ക് പോൾ സ്ലിപ്പുകൾ മായ്‌ക്കുകയോ ചെയ്യുന്നത് പൊരുത്തക്കേടിന് കാരണമാകും. മറ്റ് ചില സാഹചര്യങ്ങളിൽ, മാനുവൽ കൌണ്ടിംഗിലെ കൃത്യതയില്ലായ്മ, വി‌വി‌പാറ്റ് സ്ലിപ്പുകൾ ബണ്ടിൽ ചെയ്യുമ്പോൾ  കുടുങ്ങുകയോ ഒരുമിച്ച് കൂടുകയോ ചെയ്യുന്നത് പൊരുത്തക്കേടിന്‍റെ കാരണങ്ങളായി കാണുന്നു. ”എല്ലാ പിശകുകളും വിശദീകരിക്കാവുന്നതായി തോന്നുന്നു.അതിനാൽ, ഇതിൽ പ്രത്യേകിച്ച് ഒരു പ്രശ്നവുമില്ല. പരിശോധനയിൽ ഒരു കോടിയിലധികം വിവിപാറ്റ് സ്ലിപ്പുകൾ കൃത്യമായി പൊരുത്തപ്പെട്ടു. അത് വളരെ തൃപ്തികരമാണ്, ”മൂന ET യോട് പറഞ്ഞു”

 കൂടാതെ മാതൃഭൂമി, ദി പ്രിന്റ് എന്നീ മാധ്യമങ്ങൾ ഇതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എകോണോമിക് ടൈംസ് ചെയ്ത രീതിയിൽ തന്നെയാണ് അവർ വാർത്ത നൽകിയിട്ടുള്ളത്. വോട്ടിലും വിവിപ്പാറ്റിലും വന്ന പൊരുത്തക്കേട് ഉദ്യോഗസ്ഥർ എണ്ണിയപ്പോഴുണ്ടായ ചെറിയ തെറ്റ് മാത്രമാണെന്നാണ് വാർത്ത. അല്ലാതെ പബ്ലിക്ക് കേരള ചെയ്ത വാർത്തയോട് സാമ്യമുള്ള വാര്‍ത്ത മറ്റൊരിടത്തും കാണാനില്ല. 

archived linkthe print
archived linkyoutube

മുകളിൽ പറഞ്ഞ മൂന്നു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയിൽ ഒരേ രീതിയിലാണ് വാർത്ത അവതരിപ്പിച്ചിട്ടുള്ളത്. പബ്ലിക്ക് കേരളയുടെ വാർത്തയിൽ നടത്തുന്ന വാദഗതി പോലെ തെരെഞ്ഞെടുപ്പ് കമ്മീഷൻ കുറ്റസമ്മതം നടത്തിയതായി ഒരു മാധ്യമങ്ങളിലും  വാർത്തയില്ല.

വിവിപാറ്റും പോൾ ചെയ്ത വോട്ടും തമ്മിൽ നേരിയ വ്യത്യാസം ഉണ്ടായെന്നും തെരെഞ്ഞെടുപ്പ് ഫലത്തെ അത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ അധികാരികൾ അറിയിച്ചു എന്നതാണ് യഥാർത്ഥ വാർത്ത. ..0.0004% വ്യതാസം മാത്രമാണ് എണ്ണിയപ്പോൾ കാണാനായത്. ഇത് മുഴുവൻ വോട്ടിൽ ഏതാണ്ട് 50 എണ്ണം വരും. 

തെരെഞ്ഞെടുപ്പ് കമ്മീഷൻ കുറ്റസമ്മതം നടത്തിയെന്നും ആറു സംസ്ഥാനങ്ങളിൽ അട്ടിമറി നടന്നുവെന്നും വാർത്തയിൽ പറയുന്നത് പൂർണ്ണമായും തെറ്റാണ്. 

നിഗമനം 

ഈ വാർത്തയിൽ പറഞ്ഞിരിക്കുന്ന വാദഗതികൾ തെറ്റാണ്. ഇലക്ഷൻ കമ്മീഷൻ കുറ്റസമ്മതം നടത്തിയിട്ടില്ല.ആര് സംസ്ഥാനങ്ങളല്ല 5  സംസ്ഥാനങ്ങളിൽ വിവിപാട്ടും പോൾ ചെയ്ത വോട്ടുകളും തമ്മിൽ നേരിയ വ്യത്യാസം കണ്ടെത്തിയതിനെ പറ്റി വാർത്തകൾ വന്നിരുന്നു. ഇത് മനുഷ്യർ വരുത്തുന്ന ചെറിയ പിശകുകളാണെന്നും വിശദീകരം നൽകാൻ സാധിക്കുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചതായി വാർത്തകളിൽ പറയുന്നു. അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ വാർത്ത പ്രചരിപ്പിക്കാതിരിക്കാൻ  വായനക്കാർ ശ്രദ്ധിക്കുമല്ലോ …?

Avatar

Title:തെരെഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി കുറ്റസമ്മതം നടത്തിയോ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •