
വിവരണം
അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകം വേനൽ അവധിക്ക് മുൻപേ നൽകി കുട്ടികളെ മാനസിക സമ്മർദ്ദത്തിൽ ആക്കാനുള്ള നീക്കം പിണറായി സർക്കാർ ഉപേക്ഷിക്കുക.,,, അല്ലങ്കിൽ ശക്തമായ പ്രക്ഷോഭവുമായി KSU വിന് മുന്നോട്ട് വരേണ്ടതായി വരും,,,
അബ്ദുറബ്ബയിരിന്നു ശരി😍
തെറ്റിനെതിരെ വിരൽചൂണ്ടുന്ന ksu വിന്‍റെ ചുണകുട്ടികൾക്ക് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ്ണ പൂക്കൾ എന്ന വിവരണത്തോടെ പോസ്റ്റിൽ പറയാനുദ്ദേശിക്കുന്ന വാർത്ത ഇതാണ്: അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകം സംസ്ഥാന സർക്കാർ വിതരണം ചെയ്‌താൽ കെഎസ്‌യു സമരം ആരംഭിക്കും. വേനലവധിക്ക് മുമ്പ് അടുത്ത വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ നൽകുന്നത് കുട്ടികളെ സമ്മർദ്ദത്തിലാക്കുമെന്നും പോസ്റ്റിൽ പറയുന്നു.

archived link | FB post |
ഈ വാർത്തയുമായി യഥാർത്ഥത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കെഎസ്‌യു യൂണിറ്റിന് യാതൊരു ബന്ധവുമില്ല. എന്താണ് പോസ്റ്റിന് പിന്നിലെ വസ്തുത എന്ന് വിശദമാക്കാം
വസ്തുതാ വിശകലനം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍റെ വ്യാജ പേജ് ഉണ്ടാക്കി അതിലൂടെ കെഎസ് യുവിന്‍റെ അഭിപ്രായമായി മുകളിൽ നൽകിയ വാർത്ത പ്രചരിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ഉണ്ടായത്. KSU – University College, Thiruvananthapuram Unit എന്നതാണ് കെഎസ്‌യുവിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിന്‍റെ പേര്. എന്നാൽ ഈ വാർത്ത പ്രചരിപ്പിച്ച ഫേസ്‌ബുക്ക് പേജിന്‍റെ പേര് ksu university college unit committee എന്നാണ്. ഈ പേജിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകം വേനൽ അവധിക്ക് മുൻപേ നൽകി കുട്ടികളെ മാനസിക സമ്മർദ്ദത്തിൽ ആക്കാനുള്ള നീക്കം പിണറായി സർക്കാർ ഉപേക്ഷിക്കുക.,,,അല്ലങ്കിൽ ശക്തമായ പ്രക്ഷോഭവുമായി KSU വിന് മുന്നോട്ട് വരേണ്ടതായി വരും,,, എന്ന വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ ചില മാധ്യമങ്ങൾ അത് വാർത്തയാക്കി. മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ടുകളോടൊപ്പം ചിലർ വാർത്ത പ്രചരിപ്പിച്ചു.

ഏതായാലും കെഎസ്‌യുവിന്‍റെ പ്രസ്തുത വ്യാജ ഫേസ്‌ബുക്ക് പേജ് ഇപ്പോൾ നിലവിലില്ല. ഫേസ്‌ബുക്ക് പോസ്റ്റിനെ ആധാരമാക്കി വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ വാർത്ത നീക്കം ചെയ്തിട്ടുണ്ട്. അതിനുശേഷവും ചിലർ ഇതേ വാർത്ത പ്രചരിപ്പിക്കുകയാണ്.
വാർത്തയെ പറ്റി കൂടുതലറിയാൻ ഞങ്ങൾ കെഎസ്‌യു യൂണിവേഴ്സിറ്റി യൂണിറ്റ് പ്രസിഡന്‍റ് അമൽ ചന്ദ്രയോട് സംസാരിച്ചു. കെഎസ്‌യുവിനെ അപകീർത്തിപ്പെടുത്താൻ മനഃപൂർവമായ ശ്രമമാണിത്. കെഎസ്‌യു യൂണിവേഴ്സിറ്റി യൂണിറ്റിന്‍റെ പേരിൽ വ്യാജ പേജുണ്ടാക്കി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണുണ്ടായത്. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആ പേജിലൂടെ പ്രചരിച്ച വാർത്തകൾക്ക് കെഎസ്‌യുവുമായി യാതൊരു ബന്ധവുമില്ല. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് അമല്‍ ചന്ദ്ര നല്‍കിയ പരാതിയുടെ പകര്‍പ്പ്:

ഇതിനെതിരെ കെഎസ്‌യു ഔദ്യോഗിക പേജിൽ നൽകിയ വിശദീകരണം താഴെ കൊടുക്കുന്നു:
പോസ്റ്റിലൂടെയുള്ള പ്രചാരണം പൂർണ്ണമായും തെറ്റാണ്. കെഎസ്‌യു കേരളം യൂണിവേഴ്സിറ്റി യൂണിറ്റിന്‍റെ വ്യാജ പേജുണ്ടാക്കി അതിലൂടെ വ്യാജമായി പ്രചരിച്ച വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. കെഎസ്‌യു യൂണിവേഴ്സിറ്റി യൂണിറ്റിന്‍റെ പേരിൽ വ്യാജ പേജുണ്ടാക്കി അതിലൂടെ പ്രചരിപ്പിച്ച വാർത്തയാണിത്. ഈ വാർത്തയ്ക്ക് ഔദ്യോഗിക കെഎസ്‌യു യൂണിറ്റുമായി യാതൊരു ബന്ധവുമില്ല.

Title:അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകം നേരത്തെ നൽകിയാൽ പ്രക്ഷോഭമുണ്ടാക്കുമെന്ന് കെഎസ്‌യു ഒരിടത്തും പറഞ്ഞിട്ടില്ല …
Fact Check By: Vasuki SResult: False
