മോദി സർക്കാർ ലോകത്തിന് മാതൃകയാണെന്ന് ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ പറഞ്ഞു എന്ന പ്രചരണം തെറ്റാണ്..

രാഷ്ട്രീയം

വിവരണം 

മോദി  സർക്കാർ ലോകത്തിന്  മാതൃകയാണെന്ന് ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ പറഞ്ഞു എന്ന ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊറോണ വ്യാപനം തടയാൻ രാജ്യം അടച്ചു പൂട്ടി. വൈറസ് തുരത്താൻ അതിവേഗത്തിൽ പ്രവർത്തിച്ചു. ഈ രണ്ടു കാര്യങ്ങൾ പരിഗണിച്ചാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ ഇപ്രകാരം പറഞ്ഞത് എന്നാണ് പോസ്റ്റിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. 

കോവിഡ് 19  ലോകം മുഴുവൻ ദിനംപ്രതി പടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ലോക് ഡൗൺ മെയ് മൂന്നുവരെ നീട്ടിയിട്ടുണ്ട്. ഓരോ ദിവസവും ഇന്ത്യയിലും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. രോഗ വിമുക്തരായി ഏറെപ്പേർ ആശുപത്രി വിടുന്നുണ്ട്. എങ്കിലും രോഗഭീതി ഒട്ടും ഒഴിഞ്ഞിട്ടില്ല. എങ്കിലും ഇന്ത്യ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് പ്രതിരോധത്തിന്‍റെ കാര്യത്തിൽ ഏറെ മുന്നിലാണ്. ഇ സന്ദർഭത്തിലാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചു തുടങ്ങിയത്. 

archived linkFB post

ഈ വാർത്ത സത്യമാണോ എന്നന്വേഷിച്ച് ഞങ്ങൾക്ക് വായനക്കാരിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു.

എന്നാൽ ഈ വാർത്ത തെറ്റാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സർവകലാശാല ഗവേഷകർ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല.  യാഥാർഥ്യം താഴെ കൊടുക്കുന്നു.

വസ്തുതാ വിശകലനം 

ഈ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ ഞങ്ങൾക്ക് ദി പ്രിന്‍റ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. 

വാർത്തയുടെ വിവരണം ഇങ്ങനെയാണ്: 

ഭാരതീയ ജനത പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ  ഓക്സ്ഫോർഡ് സർവകലാശാലയുടെ ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്‍റ് തയ്യാറാക്കിയ ഒരു കോവിഡ് -19 പ്രതികരണ സൂചിക പങ്കുവച്ചിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി ലോകമെമ്പാടുമുള്ള സർക്കാർ സ്വീകരിച്ച കര്‍ശന നയങ്ങളുടെ വിവിധ അളവുകൾ സൂചികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ബിജെപിയുടെ ട്വിറ്റര്‍ ഹാന്‍റിലില്‍ ഇതേപ്പറ്റി നല്കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: 

ഇരുപത്തിയൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഒരേയൊരു ഭരണകൂടം നരേന്ദ്ര മോദി സർക്കാരായതിനാൽ, സൂചികയില്‍ ഇന്ത്യക്ക് ഏറ്റവും മുകളിലാണ് സ്ഥാനം നല്‍കിയത്. 

ഫലപ്രദമായ ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ മോദി സർക്കാരിന്‍റെ പ്രവർത്തനക്ഷമത, ഗൗരവം, വേഗത എന്നിവ അംഗീകരിക്കപ്പെടുകയാണ്.

എന്നാല്‍ സൂചിക പ്രസിദ്ധീകരിച്ച ഓക്സ്ഫോര്‍ഡ് ബ്ലാവത്നിക് സ്കൂളിന്‍റെ വെബ്‌സൈറ്റിൽ വിശദീകരണം നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്.

 സ്‌ട്രിംഗൻസി സൂചികയിലെ ഒരു രാജ്യത്തിന്‍റെ ഉയർന്ന സ്ഥാനം മറ്റുള്ളവരെ അപേക്ഷിച്ച്മികച്ചത്ആണെന്ന് അർത്ഥമാക്കുന്നില്ല. 

ഓക്സ്ഫോർഡ് സർവകലാശാലയിലെ ഒരു പൊതുനയ വകുപ്പാണ് 2010 ൽ സ്ഥാപിതമായ ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്‍റ്. 

ഓക്സ്ഫോർഡ് കോവിഡ് -19 ഗവൺമെന്‍റ് പ്രതികരണ സൂചിക (ഓക്സ് സിജിആർടി) തയ്യാറാക്കുന്നത് ലോകമെമ്പാടുമുള്ള നൂറിലധികം വിദ്യാർത്ഥികളും സ്റ്റാഫുകളും അടങ്ങുന്ന ഒരു സംഘമാണ്. 

ഓക്സ് സി ജി ആർ ടി 13 സൂചകങ്ങളുടെ ഡാറ്റയിലെ ഉയർന്ന സ്കോർ ഒരു സർക്കാർ കോവിഡിനെതിരെ സ്വീകരിച്ച കര്‍ശന  നടപടികളെയാണ് സൂചിപ്പിക്കുന്നത്.

ബിജെപിയുടെ ട്വീറ്റിന് മറുപടിയായി ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്‍റ് ഇങ്ങനെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

archived link

സർക്കാർ നയങ്ങളുടെ എണ്ണവും കർശനതയും രേഖപ്പെടുത്തുന്ന ഞങ്ങളുടെ നടപടി സൂചികയിലുള്ള നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി. ഒരു രാജ്യത്തിന്‍റെ നടപടി ക്രമങ്ങളുടെ  ഫലപ്രാപ്തിയോ കാര്യക്ഷമതയോ അളക്കുന്നതായി പ്രസ്തുത സൂചികയെ വ്യാഖ്യാനിക്കാൻ‌ പാടില്ല – സൂചികയ്ക്ക് അത്തരത്തിലുള്ള മാനങ്ങള്‍’ ഇല്ല.

ഇതിനർത്ഥം ഇന്ത്യയെ പുകഴ്ത്തുന്ന ഒരു വ്യാഖ്യാനം ഇക്കാര്യത്തില്‍ അവര്‍ നല്‍കിയിട്ടില്ല എന്നാണ്. അഥവാ പോസ്റ്റിൽ നല്കിയതുപോലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ പറഞ്ഞിട്ടില്ല എന്നാണ്. 

പോസ്റ്റിൽ നല്കിയിട്ടുള്ള വാർത്ത തെറ്റാണ്. 

നിഗമനം 

പോസ്റ്റിൽ നൽകിയ വാർത്ത പൂർണ്ണമായും തെറ്റാണ്. ഓക്സ്ഫോർഡ് ബ്ലവറ്റ്നിക് സ്‌കൂൾ നൽകിയ സൂചിക കണ്ടിട്ട് ബിജെപിയുടെ ട്വിറ്റര്‍ ഹാന്‍റിലിൽ  അവർ നൽകിയ ട്വീറ്റ് കണ്ടിട്ടാകാം ഇത്തരത്തിൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഇങ്ങനെ ഇന്ത്യയെപ്പറ്റി പറഞ്ഞിട്ടില്ല. ഇക്കാര്യം അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:മോദി സർക്കാർ ലോകത്തിന് മാതൃകയാണെന്ന് ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ പറഞ്ഞു എന്ന പ്രചരണം തെറ്റാണ്..

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •