യുപി സർക്കാർ മൂന്നു മാസത്തെ വൈദ്യുതി ബില്ല് ഫ്രീ ആയി പ്രഖ്യാപിച്ചു എന്ന വാർത്ത തെറ്റാണ്….

ദേശീയം

വിവരണം 

ഭരണകൂടങ്ങൾ എന്തെല്ലാം പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടങ്കിലും കോവിഡ് 19 ലോക രാഷ്ട്രങ്ങളെ കടന്നാക്രമിക്കുന്ന സ്ഥിതി തുടരുകതന്നെയാണ്. വൈറസിന്‍റെ വ്യാപനം തടയാനായി ലോകത്ത് മിക്കവാറും രാജ്യങ്ങൾ ലോക്ക് ഡൌൺ പോലെയുള്ള മാർഗങ്ങൾ  സ്വീകരിച്ചു. എന്നാൽ ഈ മാർഗങ്ങൾ സാമ്പത്തിക പ്രതിസന്ധി വരുന്ന ദിവസങ്ങളിൽ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ദിവസവേതനക്കാർക്കു മാത്രമല്ല, മാസ ശമ്പളക്കാർക്കും വരുമാനം മുടങ്ങും എന്ന അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുമെന്ന് കരുതുന്നു.

ഇങ്ങനെ വന്നാൽ നിത്യ ചെലവുകൾക്കുള്ള മാർഗം പോലും അടയും. ഈ അവസരത്തിൽ പല സംസ്ഥാനങ്ങളിലെയും സർക്കാർ ഏജൻസികളായ വൈദ്യുതി വകുപ്പും ജലവിതരണ വകുപ്പുമെല്ലാം അവരുടെ ബിൽ  അടയ്‌ക്കേണ്ടുന്ന തീയതികൾ പൊതുജങ്ങൾക്കായി നീട്ടി നൽകിയിട്ടുണ്ട്. അതുപോലെ ബാങ്കുകൾ വായ്പകൾക്ക് മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. 

ഈ അവസരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് യുപി സർക്കാർ മൂന്നു മാസത്തേയ്ക്ക് വൈദ്യുതിൽ ബിൽ ഒഴിവാക്കി നൽകി എന്നത്. ഇതേ വാര്‍ത്ത പ്രചരിപ്പിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന് ഇതുവരെ 3000 ത്തോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. വാര്‍ത്ത സത്യമാണെന്ന് ധരിച്ച് ചിലര്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.   

archived linkFB post

എന്നാല്‍ ഇത് തെറ്റായ വാർത്തയാണ്. വൈദ്യുതി ബില്ലിന്‍റെ കാര്യത്തിൽ യുപി സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് നമുക്ക് നോക്കാം

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ വിശദാംശങ്ങൾ തിരഞ്ഞപ്പോൾ ഇങ്ങനെയൊരു തീരുമാനം യുപി സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്ന് മനസ്സിലായി.  വരുന്ന മൂന്നു മാസത്തേയ്ക്ക് വൈദ്യുതി ബിൽ യുപി സർക്കാർ ഒഴിവാക്കി എന്ന തരത്തിൽ മാധ്യമ വാർത്തകൾ ഒന്നും പുറത്തു വന്നിട്ടില്ല. ഉത്തർപ്രദേശ് പവർ  കോർപറേഷൻ വെബ്‌സൈറ്റ് പരിശോധിച്ചാൽ അവരുടെ നോട്ടിഫിക്കേഷനിൽ ഇങ്ങനെയൊരു അറിയിപ്പ് നൽകിയിട്ടില്ല എന്ന് വ്യക്തമാകും. എന്നാൽ “അസൻ കിസ്ത്” യോജന പ്രകാരം വൈദ്യുതി വൈദ്യുതി കണക്ഷൻ ലഭിച്ചവർക്ക് 30.04.2020 തീയതി വരെ ബില്‍ അടയ്ക്കാനുള്ള തിയതി നീട്ടി നൽകിയതായി ഒരു നോട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. ഇതല്ലാതെ വൈദ്യുതി ബില്‍ ഒഴിവാക്കി എന്ന തരത്തിലെ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. 

ഞങ്ങൾ യുപി വൈദ്യുതി കോർപ്പറേഷന്‍റെ പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർ വിവേക് കുമാറിനെ വിളിച്ച് വാര്‍ത്തയെ കുറിച്ച് ചോദിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ മറുപടി ഇങ്ങനെയാണ്: ഇതുവരെ ഇങ്ങനെയൊരു തീരുമാനം യുപി പവർ  കോർപ്പറേഷൻ എടുത്തിട്ടില്ല. മാത്രമല്ല, കോർപ്പറേഷന്‍റെ പ്രധാന തീരുമാനങ്ങൾ എല്ലാം വെബ്‌സൈറ്റിൽ നൽകും. മുഖ്യധാരാ മാധ്യമങ്ങളിലൂടെയും  പൊതുജനങ്ങളെ അറിയിക്കും. ഞങ്ങളുടെ ട്വിറ്റര്‍  പേജിലല്ലാതെ സാമൂഹ്യ മാധ്യമങ്ങളിൽ ഞങ്ങൾ ഒന്നും നൽകാറില്ല. ഇങ്ങനെ വരുന്ന വാർത്തകളുടെ മേൽ  കോർപ്പറേഷന് യാതൊരു ഉത്തരവാദിത്തവുമില്ല.”

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. യുപി സർക്കാർ കോവിഡ്  ദുരിതാശ്വാസമായി മൂന്നു മാസത്തേയ്ക്ക് വൈദ്യുതി ബിൽ ഒഴിവാക്കി നൽകി എന്ന അറിയിപ്പുകളൊന്നും ഇതുവരെ നൽകിയിട്ടില്ല.  ഇത്തരത്തിൽ വരുന്ന പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്‌.

Avatar

Title:യുപി സർക്കാർ മൂന്നു മാസത്തെ വൈദ്യുതി ബില്ല് ഫ്രീ ആയി പ്രഖ്യാപിച്ചു എന്ന വാർത്ത തെറ്റാണ്….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •