
വിവരണം
കോവിഡ് ഭീതി കേരളത്തിൽ നിന്നും പതിയെ ഒഴിഞ്ഞു തുടങ്ങുന്നുണ്ട്. ലോക്ക് ഡൗൺ വ്യവസ്ഥകളിൽ ഇരുപതാം തിയതിക്ക് ശേഷം ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളെ തിരികെ എത്തിക്കുന്നതിന് പറ്റിയുള്ള ചർച്ചകളാണ് മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറയുന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കുമെന്നും സംസ്ഥാനങ്ങൾ തയ്യാറായിരിക്കണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. ആലപ്പുഴയിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഹൌസ് ബോട്ടുകളും ഗുരുവായൂരിലെ ഹോട്ടലുകളും മറ്റും പ്രവാസികൾക്കായി ക്വാറന്‍റൈന്‍ ചെയ്യാനായി സർക്കാർ ഒരുക്കുകയാണ് എന്ന വാർത്തകൾ വരുന്നുണ്ട്.
ഇതിനിടെ പരക്കുന്ന വാർത്തയാണ് പ്രവാസികൾ വന്നാൽ ഇന്ത്യൻ ജനതയുടെ ജീവന് ഭീഷണിയാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ അഭിപ്രായപ്പെട്ടു എന്നത്. “പ്രവാസികൾ വന്നാൽ ഇന്ത്യൻ ജനതയുടെ ജീവന് ഭീക്ഷണിയാകുമെന്ന് വി മുരളീധരൻ, കഷ്ടം !” എന്ന തലക്കെട്ടിൽ ബൂലോകം എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്തയുടെ ഉള്ളടക്കത്തിലും ഇക്കാര്യം തന്നെയാണ് പരാമർശിക്കുന്നത്.
പ്രവാസികൾ ഇന്ത്യൻ ജനതയുടെ ജീവന് ഭീക്ഷണിയാകുമെന്നതിനാൽ അവരെ ഇന്ത്യയിൽ എത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യില്ലെന്ന് വി മുരളീധരൻ. ഇങ്ങനെയാണ് ഉള്ളടക്കത്തിന്‍റെ തുടക്കം.
എന്നാൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇങ്ങനെയല്ല പറഞ്ഞത് അദ്ദേഹം പറഞ്ഞത് എന്താണ് എന്ന് നോക്കാം.
വസ്തുതാ വിശകലനം
ഇപ്പോൾ പ്രവാസികളെ തിരികെ കൊണ്ടുവരാൻ ആകില്ല എന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ ഇന്നലെ അറിയിച്ചു എന്നൊരു വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈ വാർത്തകളിലൊന്നും പ്രവാസികൾ എത്തുന്നത് ഇന്ത്യൻ ജനതയുടെ ജീവന് ഭീഷണിയാകുമെന്നോ അവരെ ഇന്ത്യയിൽ എത്തിക്കുന്നതിന് പറ്റി ചിന്തിക്കുക പോലുമോ ചെയ്യില്ലെന്ന് വി മുരളീധരൻ പറഞ്ഞതായി മാധ്യമങ്ങളാരും റിപ്പോർട്ട് ചെയ്തിട്ടില്ല.
വി മുരളീധരൻ തന്‍റെ ട്വിറ്റർ പേജിലും ഫേസ്‌ബുക്ക് പേജിലും നൽകിയ വിശദീകരണങ്ങൾ താഴെ കൊടുക്കുന്നു.
ക്വാറൻറീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കാനാകില്ലെന്നതിന് @asianetnewstv യുടെ കണ്ടെത്തൽ പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് ഞാൻ പറഞ്ഞെന്നാണ്. ഞാൻ എഴുതാത്ത കാര്യം ബ്രേക്കിംഗ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മം?#ShameOnYou
— V Muraleedharan (@VMBJP) April 17, 2020
ക്വാറന്‍റൈന്‍ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേയ്ക്ക് എത്തിക്കാനാകില്ല എന്നാണ് താൻ പറഞ്ഞതെന്നും പ്രാവാസികളെ നാട്ടിലേയ്ക്ക് എത്തിക്കില്ല എന്ന് അതിനു അർത്ഥമില്ലെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്.
കൂടാതെ ഞങ്ങൾ വി മുരളീധരന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം സോഹൻലാലുമായി സംസാരിച്ചിരുന്നു. പ്രവാസികൾക്ക് സുരക്ഷിതമായ ക്വാറന്‍റൈൻ സൗകര്യങ്ങൾ ഏർപ്പെടുത്താതെയും ഇപ്പോഴത്തെ ലോക്ക് ഡൗൺ മൂലവും നാട്ടിൽ കൊണ്ടുവരാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ അതിനു മറ്റ് അർത്ഥങ്ങളൊന്നുമില്ല. അദ്ദേഹത്തിൻറെ പ്രസ്താവന പല മാധ്യങ്ങളും വളച്ചൊടിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെ എതിരെ ഇപ്പോൾ പ്രതികരിക്കാൻ സത്യത്തിൽ സമയമില്ല.
മുരളീധരന്‍റെ പ്രസ്താവന മറ്റൊന്നാക്കി അവതരിപ്പിക്കുകയാണ് പോസ്റ്റിൽ ചെയ്തിരിക്കുന്നത്.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണ്ണമായും തെറ്റാണ്. പ്രവാസികൾക്ക് സുരക്ഷിതമായ ക്വാറന്‍റൈൻ സൗകര്യങ്ങൾ ഏർപ്പെടുത്താതെ അവരെ വിദേശത്തു നിന്നും കൊണ്ടുവരാൻ ആകില്ല എന്ന് വി മുരളീധരൻ പറഞ്ഞ കാര്യം തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് പോസ്റ്റിൽ ചെയ്തിരിക്കുന്നത്. അദ്ദേഹം യഥാർത്ഥത്തിൽ പറഞ്ഞതുവായി ഇതിൽ നൽകിയിരിക്കുന്ന പ്രസ്താവനയ്ക്ക് യാതൊരു ബന്ധവുമില്ല