
വിവരണം
കോവിഡ് 19 വൈറസ് ബാധയ്ക്കെതിരെ പൂർണമായ പ്രതിരോധവും കരുതലും സ്വീകരിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്ന സ്ഥിതിയാണുള്ളത്. വിദേശത്ത് നിന്നും വന്നവരിലൂടെയാണ് രോഗം പടർന്നത് എന്ന് സ്ഥിരീകരിച്ചതിനാൽ വിദേശികളെ കർശനമായി പരിശോധിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബീഹാറിലെ പറ്റ്നയിൽ ഒരു മുസ്‌ലിം പള്ളിയിൽ നിന്നും 12 വിദേശികളെ പിടികൂടി എന്ന വാർത്ത പ്രചരിച്ചു തുടങ്ങിയത്. ദേശീയ മാധ്യമങ്ങൾ വാർത്ത മാർച്ച് 23 ന് പ്രസിദ്ധീകരിച്ചിരുന്നു. പാറ്റ്നയിൽ നിന്ന് പിടികൂടിയവർ ചൈനയിൽ നിന്നുള്ള തീവ്രവാദികളാണ് എന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. പിന്നാലെ ഇവർക്ക് കോവിഡ് 19 പോസിറ്റിവ് ആണെന്ന വാർത്ത പ്രചരിച്ചു തുടങ്ങി.

ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോ വാർത്തയുടെ വിവരണം ഇങ്ങനെയാണ് : ബിഹാറിലെ മസ്ജിദിൽ ഒളിവിൽ കഴിയുകയായിരുന്ന ചൈനീസ് മുസ്ലിങ്ങൾ അറസ്റ്റിൽ !ആരാണ് ഇവരെ കൊണ്ടുവന്നത് ?പത്തുപേരും കൊറോണ പോസറ്റീവ് !
എന്നാൽ ഇവർ ചൈനയിൽ നിന്നുള്ളവരല്ല, ഇവർ കോവിഡ് 19 വൈറസ് ബാധിതരുമല്ല, യാഥാർഥ്യം ഇങ്ങനെ:
വസ്തുത വിശകലനം
ഈ വാർത്ത പ്രസിദ്ധീകരിച്ച മാധ്യങ്ങൾ ആരും ഇവർ ചൈനയിൽ നിന്നുള്ള തീവ്രവാദികളാണ് എന്ന് നൽകിയിട്ടില്ല. ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെയാണ്. ഇവർ ചൈനയിൽ നിന്നുള്ളവരല്ല. കിർഗിസ്ഥാനിൽ നിന്നുള്ളവരാണ്. കൂടുതലറിയാൻ ഞങ്ങളുടെ പ്രതിനിധി പട്നയിലെ ദിഖ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെ നിന്നും എസ്‌ഐ മനോജ് കുമാർ സിംഗ് നൽകിയ മറുപടി ഇങ്ങനെയാണ് : ഇവർ കിർഗിസ്ഥാനിൽ നിന്നുള്ളവരാണ്. ഇസ്‌ലാം മതത്തിന്‍റെ പ്രചാരകരാണ് എന്നാണ് ലഭിച്ച വിവരം. ചൈനയില്‍ നിന്നോ ഇറ്റലിയില്‍ നിന്നോ ഉള്ളവരാണ് എന്നത് തെറ്റായ വിവരമാണ്. കോവിഡ് 19 മാരകമായി വ്യാപിക്കുന്നതിന് മുമ്പാണ് ഇവര്‍ എത്തിയത്. ഇവർക്ക് വൈറസ് ബാധയുണ്ടോ എന്ന് പരിശോധിച്ചിരുന്നു. ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളതൊക്കെ വെറും വ്യാജ പ്രചരണങ്ങൾ മാത്രമാണ്.
കൂടാതെ പാറ്റ്നയിൽ നിന്നുള്ള ഒരു ഓൺലൈൻ മാധ്യമമായ ദിഖ സമാചാർ അവരുടെ ഫേസ്‌ബുക്ക് പേജിൽ ഈ വിദേശികളുടെ കോവിഡ് 19 പരിശോധന ഫലത്തിന്‍റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ കാണാൻ ലിങ്ക് സന്ദർശിക്കുക.
ഈ വിദേശികള്‍ മാര്‍ച്ച് 4 നാണ് പറ്റ്നയില്‍ എത്തിയത് എന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിയുന്നുണ്ട്.
വസ്തുത അന്വേഷണ വെബ്‌സൈറ്റായ ഓൾട്ട് ന്യൂസ് ഇതേ വീഡിയോയുടെ മുകളിൽ വസ്തുത അന്വേഷണം നടത്തിയിരുന്നു. കൂടുതലായി അവരുടെ പ്രതിനിധി പിടിക്കപ്പെട്ട സംഘത്തിലെ മുനവർ ഇഖ്ബാൽ എന്ന ടൂറിസ്റ്റ് ഗൈഡുമായി സംസാരിച്ചിരുന്നു എന്നും ജുമാ നമസ്കാരത്തിനായി പള്ളിയിൽ എത്തിയതാണ് ടൂറിസ്റ്റുകൾ എന്ന് അറിയിച്ചതായും ലേഖനത്തിൽ ചേർത്തിട്ടുണ്ട്. വീഡിയോയിൽ ദൃശ്യങ്ങളിൽ കാണുന്ന വ്യക്തി തന്നെയാണ് സംസാരിച്ചത് എന്ന് വീഡിയോ കോളിലൂടെ ഉറപ്പിച്ചതായും ഓൾട്ട് ന്യൂസ് പറഞ്ഞിട്ടുണ്ട്.
ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നുമെത്തിയ ഒരു സംഘം വിദേശികളെ പറ്റ്നയിലെ കുർദി ഭാഗത്തു നിന്നും നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു എന്ന എഎൻഐ വാർത്തയെ അപലപിച്ച് സയിദ് എന്ന ട്വിറ്റെർ ഉപയോക്താവ് ഒരു പോസ്റ്റ് നൽകിയിട്ടുണ്ട്. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു എന്നും വിദേശികൾക്ക് കോവിഡ് 19 ബാധയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
कुर्जी मस्जिद में विदेशी लोगों के बारे में किसी भी तरह की अफवाह न फैलाएं।
— Zaid (@pindropviolence) March 23, 2020
उन सभी का परीक्षण कोविद -19 के लिए किया गया है और नकारात्मक पाया गया है। https://t.co/0fVQSc1FCW pic.twitter.com/ZKRLBBb7YY
രാജ്യത്ത് എത്രപേർക്കാണ് കോവിഡ് 19 പോസിറ്റിവായിരിക്കുന്നത് എന്ന് കൃത്യമായ കണക്ക് കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങൾ കാത്തു സൂക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെ ആശുപത്രികളിലും സ്വന്തം താമസ സ്ഥലത്തും ഖ്വാറെൻറ്റൈനിൽ കഴിയുന്ന ആളുകളുടെയും കണക്കുകൾ കൃത്യമായി എടുത്തു വയ്ക്കുന്നുണ്ട്. ഓരോ സ്ഥലത്തുള്ള രോഗികളുടെയും ഖ്വാറെൻറ്റൈനിൽ കഴിയുന്ന ആളുകളുടെയും കണക്കുകൾ മാധ്യമങ്ങളിൽ വരുന്നുണ്ട്. സാമൂഹ്യ മാധ്യങ്ങളിൽ കോവിഡ് 19 വൈറസ് ബാധയെ പറ്റി സ്ഥിരീകരണമില്ലാത്ത പല വാർത്തകളും ദിനംപ്രതി വരുന്നുണ്ട്. വ്യക്തതയില്ലാത്ത വാർത്തകൾ പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പാറ്റ്നയിലെ മസ്ജിദിൽ നിന്നും പിടികൂടിയ വിദേശികൾ ചൈന-ഇറ്റലി പൗരന്മാരാണെന്നും അവർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു എന്നുമുള്ള മട്ടിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം പൂർണ്ണമായും തെറ്റാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പറ്റ്നയിലെ മുസ്‌ലിം പള്ളിയിൽ നിന്നും പിടികൂടിയ വിദേശികൾ ചൈന-ഇറ്റലി പൗരന്മാരല്ല. 10 പേർ വിദേശികളും രണ്ടുപേർ സ്വദേശികളായ ഗൈഡുകളുമാണ്. വിദേശികൾ കിർഗിസ്ഥാനിൽ നിന്നുള്ളവരാണ്. തെറ്റായ വാർത്തയിൽ ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കുക

Title:പറ്റ്നയിലെ മുസ്‌ലിം പള്ളിയിൽ നിന്നും കണ്ടെത്തിയ ‘ചൈനക്കാർക്ക്’ കോവിഡ് 19 ബാധയില്ല….
Fact Check By: Vasuki SResult: False
