
വിവരണം
ഒടുവിൽ ഏഷ്യനെറ്റിനും സമ്മതിക്കേണ്ടി വന്നു.. എന്ന തലക്കെട്ട് നല്കി ഒരു വീഡിയോ കഴിഞ്ഞ ദിലസങ്ങളിലായി ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളെ കുറിച്ച് ഏഷ്യാനെറ്റില്‍ വന്ന പരിപാടി എന്ന പേരിലാണ് വീഡിയോ പ്രചരണം. എല്ലാക്കാലത്തും ഇടതുപക്ഷമാണ് ശരിയെന്നും കനലൊരു തരി മതി എന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്കെതിരെയുള്ള മറുപടിയാണ് രാജ്യത്തെ ഇടത് സമരങ്ങളുടെ വിജയമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി.രാജയെയും പോലുള്ളവര്‍ പോലീസ് പിടിയിലായതും ജനങ്ങള്‍ക്ക് വേണ്ടി ഇറങ്ങിയത് കൊണ്ടാണെന്നും ഏഷ്യാനെറ്റിന്റെ വിഷ്വലില്‍ അവതാരിക പറയുന്നു. ഇടത്പക്ഷമാണ് ശരിയെന്ന് ആവര്‍ത്തിച്ച് പറയുന്ന വീഡിയോ 4.41 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ഷുക്കൂര്‍ സുഗു ഷുക്കൂര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 4,800ല്‍ അധികം ഷെയറുകളും 1,700ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-
Archived Link |
എന്നാല്‍ പൗരത്വ ബില്ലിനെതിരെ ഇടതുപക്ഷം നടത്തുന്ന സമരത്തെ മാത്രം അഭിനന്ദിച്ചുകൊണ്ട് ഏഷ്യനെറ്റില്‍ ഇങ്ങനെയൊരു പരിപാടി സംപ്രേക്ഷണം ചെയ്തിട്ടുണ്ടോ? ഏഷ്യാനെറ്റ് അവതാരകയാണോ ഈ പരിപാടിയില്‍ സംസാരിക്കുന്നത്? വീഡിയോ യഥാര്‍ഥത്തില്‍ ഇത്തരമൊരു പരിപാടിയില്‍ നിന്നുമള്ളതാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
ആദ്യം തന്നെ പരിപാടി ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേക്ഷണം ചെയ്തത് തന്നെയാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ഏഷ്യാനെറ്റിന്റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ കൃഷ്ണ മോഹനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്-
ഇത്തരത്തില്‍ ഒരു പരിപാടി ഏഷ്യാനെറ്റില്‍ സംപ്രക്ഷേണം ചെയ്തിട്ടില്ല. സിന്ധു സൂര്യകുമാര്‍ എന്ന അവതാരിക അവതരിപ്പിക്കുന്ന കവര്‍ സ്റ്റോറിയാണെന്ന് തെറ്റ്ദ്ധരിപ്പിക്കുന്ന വീഡിയോയാണ് ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് കവര്‍ സ്റ്റോറിയുമല്ല സംസാരിക്കുന്നത് സിന്ധു സൂര്യകുമാറുമല്ല. ഏഷ്യാനെറ്റിലെ വാര്‍ത്ത സ്ക്രീന്‍ റിക്കോഡ് ചെയ്ത് മറ്റേതോ ഓടിയോയുമായി മികിസ് ചെയ്ത് എഡിറ്റ് ചെയ്തതാണിതെന്നും കൃഷ്ണ മോഹന്‍ പറഞ്ഞു.
പിന്നീട് എഡിറ്റ് ചെയ്ത വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന യഥാര്‍ഥ വീഡിയോ ഏതാണെന്ന് അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ യൂ ട്യൂബ് ചാനല്‍ പരിശോധിച്ചു. അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകളില്‍ നിന്നും രണ്ട് ദിവസം മുന്‍പത് അതായത് ഡിസംബര്‍ 18ന് യഥാര്‍ഥ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. 2.16 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള വാര്‍ത്തയുടെ ഭാഗം മാത്രമാണിത്. 2.16 മിനിറ്റിന് ശേഷം ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്ന വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത് ചില ചിത്രങ്ങള്‍ മാത്രമാണെന്നും ഇതോടെ കണ്ടെത്താന്‍ കഴിഞ്ഞു. വിവോ വീഡിയോ എന്ന ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ചാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതെന്ന് വീഡിയോയിലെ വാട്ടര്‍മാര്‍ക്കില്‍ നിന്നും വ്യക്തമാണ്.
വിവോ വീഡിയോ എഡിറ്ററിന്റെ വാട്ടര്‍മാര്‍ക്ക്-

ഏഷ്യാനെറ്റിന്റെ യൂ ട്യൂബ് ചാനിലില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന യഥാര്‍ഥ വീഡിയോ-
ഫെയ്സ്ബുക്ക് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന വീഡിയോയും .യഥാര്‍ഥ വീഡിയോയും തമ്മിലുള്ള താരതമ്യം കാണാം-
നിഗമനം
ഇടത് നേതാക്കളെ കഴിഞ്ഞ ദിവസം പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതിനെ കുറിച്ചുള്ള ഏഷ്യാനെറ്റ് വാര്‍ത്ത റിപ്പോര്‍ട്ടിന്റെ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത ശേഷം മറ്റൊരു ഓഡിയോ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതാണ് ഫെയ്സ്ബുക്ക് പ്രചരണത്തിലെ വീഡിയോ എന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ വീഡിയോ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരങ്ങളില്‍ ഇടതുപക്ഷത്തെ മാത്രം പ്രശംസിച്ച് ഏഷ്യാനെറ്റ് പരിപാടി അവതരിപ്പിച്ചോ?
Fact Check By: Dewin CarlosResult: False
