2013 ആഗസ്റ്റ് 12ന് എലിസബത്ത് ആന്‍റണി INS വിക്രാന്ത് ലോഞ്ച് ചെയ്തത് കുരിശ് വരച്ചാണ് എന്ന ആരോപണം ശരിയോ…?

രാഷ്ട്രീയം

വിവരണം 

K R Joshy‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NARENDRA MODI (Prime Minister of India) എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിലേയ്ക്ക് 2019 ഒക്ടോബർ 9 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് 19 മണിക്കൂറുകൾ കൊണ്ട് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “”കോൺഗ്രസിന്റെ വർഗ്ഗീയതക്ക് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്?

ആന്റണിയുടെ ഭാര്യക്ക് കുരിശ് വരക്കാമെങ്കിൽ രാജ്‌നാഥ്‌ സിംഗിന് ഓം എന്നും വരക്കാം കേട്ടോടാ …….മോനെ, ബലരാമാ…! നാല് വോട്ടിന് വേണ്ടി ഹൈന്ദവൻ്റെ നെഞ്ചത്ത് കയറാൻ നടക്കുന്ന കോൺഗ്രസ്സിനെ ഭാരത മണ്ണിൽ നിന്നും കെട്ടുകെട്ടിച്ചിരിക്കും!”

2013 ആഗസ്റ്റ് 12ന് എലിസബത്ത് ആന്റണി INS വിക്രാന്ത് ലോഞ്ച് ചെയ്തത് കുരിശ് വരച്ചാണ്.

അവരത് അവരുടെ വിശ്വാസമനുസരിച്ച് ചെയ്തു. അതിൽ ഒരു കുഴപ്പവുമില്ല.

ആരും എതിർത്തൊന്നും പറഞ്ഞതുമില്ല.

പക്ഷെ, ഇപ്പൊ പ്രതിരോധ മന്ത്രി രാജ്നാഥ് റാഫേലിൽ ഭാരതപാരമ്പര്യമനുസരിച്ച് പൂജ ചെയ്യുമ്പോൾ അത് വർഗീയമാകുന്നത് എങ്ങനെ?

ഇവിടെ ഏതു വിശ്വാസപ്രകാരം ചെയ്താലും രാഷ്ട്രത്തിന്‍റെ ഗുണത്തിനാണോ എന്നു നോക്കിയാൽ മതി. പക്ഷെ ഹൈന്ദവ ആചാരങ്ങൾ കണ്ടാൽ പലരും അശ്വസ്തരാകുന്നു. അവരുടെ ഈ അശ്വസ്തതയാണ്, അല്ലെങ്കിൽ ഒരുവിഭാഗത്തിനു ഉളിന്‍റെയുള്ളിൽ

ഹൈന്ദവതയോടുള്ള വിരോധമാണ്‌ അന്ധമായ BJPവിരോധമായി മാറുന്നത്‌.

മതേതര മക്കൾക്കെന്താ ഹിന്ദുയിസം എന്നുകേട്ടാൽ ഇത്ര ചൊറിച്ചിൽ ????? എല്ലാവരെയും സ്വീകരിച്ചവരും അഭയം നൽകിയവരുമാണ് ഹൈന്ദവർ. അവരുടെ ആചാരങ്ങളെയും സംസ്കാരത്തെയും ഇങ്ങനെ വെറുക്കുന്നതെന്തിനാണ് ???

ഈ ഹൈന്ദവ വിരോധത്തിനെതിരെ

ശബ്‌ദിക്കാൻ ത്രാണിയില്ലാതെ, അതു മുതലെടുക്കാനും തന്‍റെ വോട്ടുബാങ്ക്‌ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കാനും മതേതര ഇമേജിനേയ് ദാഹിക്കുന്ന ചില ഹൈന്ദവർ തന്നെ അവരോട്‌ ആത്മവഞ്ചന നടത്തുന്നു.

Social media യുടെ ഈ കാലത്താണ് ഇതൊക്കെ കൂടുതൽ മറനീക്കി പുറത്തുവരുന്നത്.

കടപ്പാട്” എന്ന വിവരണത്തോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഐഎൻഎസ് വിക്രാന്ത് ലോഞ്ച് ചെയ്യുന്ന വേളയിൽ അന്നത്തെ പ്രതിരോധമന്ത്രി എകെ ആന്‍റണിയുടെ പത്നി എലിസബത്ത് ആന്‍റണി കപ്പലിന്‍റെ ഭിത്തിയിൽ എന്തോ എഴുതുന്ന മട്ടിലുള്ളതാണ്‌. ചിത്രത്തിൽ എകെ ആന്റണിയെ കൂടാതെ നേവിയുടെ ഉയർന്ന ഉദ്യോഗസ്ഥരെയും കാണാം. കപ്പൽ പൂമാലകൾ കൊണ്ടും ചന്ദന കുങ്കുമാദികൾ കൊണ്ടും അലങ്കരിച്ചിട്ടുള്ളതായും ചിത്രം വ്യക്തമാക്കുന്നു.

FacebookArchived Link

പോസ്റ്റിൽ നൽകിയിട്ടുള്ള ആരോപണം അന്നത്തെ പ്രതിരോധമന്ത്രിയുടെ ഭാര്യ എലിസബത്ത് ആന്‍റണി  ഐഎൻഎസ് വിക്രാന്ത് ലോഞ്ചിന്‍റെ പൂജാവേളയിൽ കുരിശു വരച്ചാണ് കർമ്മം നിർവഹിച്ചത് എന്നാണ്. ആ നിലയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് റാഫേൽ വിമാനത്തിൽ പൂജ ചെയ്തതിനെ മാത്രം എന്തിനാണ് വിമർശിക്കുന്നത് എന്നാണ് പോസ്റ്റിലെ  ചോദ്യം. 

2013 ൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്‍റണിയുടെ ഭാര്യ ഐഎൻഎസ് വിക്രാന്തിന്‍റെ ലോഞ്ചിംഗ് വേളയിൽ കുരിശു വരച്ച് പൂജാകർമ്മം നിർവഹിച്ചോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് പരിശോധനയ്ക്ക് വിധേയമാക്കി നോക്കി. 2013 ഓഗസ്റ്റിൽ ശ്രീമതി എലിസബത്ത് ആന്‍റണി ഐഎൻഎസ് വിക്രാന്ത് നീറ്റിലിറക്കിയ വാർത്ത നിരവധി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഒരു വാർത്തയിലും കുരിശു വരച്ചാണ് എലിസബത്ത്  ആന്‍റണി കർമ്മം നിർവഹിച്ചത് എന്ന് പരാമർശമില്ല. 

archived linkindiatoday
archived linkfirstpost
archived linkmalayalam.oneindia

അതിനാൽ ഞങ്ങൾ എകെ ആന്‍റണിയുടെ ഭാര്യ എലിസബത്ത്  ആന്റണിയുമായി നേരിട്ട് സംസാരിച്ചു. അവർ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഇത് വെറും അനാവശ്യ പ്രചാരണമാണ്. ഞാൻ ഇനാഗുറേറ്റ് ചെയ്ത സമയത്തൊന്നും ഇതേച്ചൊല്ലി യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലല്ലോ…?ഇത്രയും വർഷങ്ങൾ കഴിഞ്ഞപ്പോൾ മനഃപൂർവം ദുഷ്പ്രചരണം നടത്തുകയാണ്. ഞാൻ കുരിശു വരയ്ക്കുകയല്ല ചെയ്തത്. നേവിക്കാരാണ് ചടങ്ങ് അറേഞ്ച് ചെയ്തത്. വർഷങ്ങൾ പഴക്കമുള്ള ചടങ്ങാണത്. അവരുടെ നിർദ്ദേശപ്രകാരം ഞാൻ അത് ചെയ്യക മാത്രമാണുണ്ടായത്. അതിനു ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യൻ എന്നോ വ്യത്യാസമില്ല. ഷിപ്പ് ലോഞ്ച് ചെയ്തപ്പോൾ ആ സമയത്ത് പ്രതിരോധ മന്ത്രിയുടെ ഭാര്യ എന്ന നിലയിൽ അത് എന്റെ ചുമതലയായി എന്ന് മാത്രം. ഞാൻ അല്ലാതെ മറ്റ്  ആരാണെങ്കിലും ഇത് തന്നെയാണ് ചടങ്ങ്.അവരുടെ ചടങ്ങ് നേവി ഉദ്യോഗസ്ഥർ പറയുന്നതുപോലെ മാത്രമേ നമുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എന്‍റെ കൈയ്യിൽ നിന്നിട്ട് നാൻ ഒന്നും ചെയ്തിട്ടില്ല. നേവിയുടെ നിർദ്ദേശപ്രകാരം രണ്ടിടത്ത്, ഒന്ന് ബോംബെയിലും മറ്റൊന്ന് കൊച്ചിയിലും അവരുടെ പ്രോട്ടോകോൾ പ്രകാരം ചെയ്തിട്ടുണ്ട്. മാലയിടുക, കുങ്കുമം തൊടുവിക്കുക, തേങ്ങാ ഉടയ്ക്കുക തുടങ്ങിയ ചടങ്ങുകളാണ് ഉണ്ടായിരുന്നത്. പ്രതിരോധമന്ത്രിയ്ക്കല്ല, ഭാര്യക്കാണ് ചടങ്ങുകൾ നടത്താൻ അനുമതിയുള്ളത്. സ്ത്രീകൾക്കാണ് യഥാർത്ഥത്തിൽ നേവി അനുമതി വച്ചിട്ടുള്ളത്. അല്ലാതെ ഞാൻ ഐഎൻഎസ് വിക്രാന്തിൽ കുരിശുവരച്ചിട്ടില്ല.” 

തുടർന്ന് നേവിയുടെ കപ്പൽ ലോഞ്ചിന്‍റെ സമയത്ത് നടത്തുന്ന ആചാരങ്ങളെ പറ്റി  അറിയാൻ ഞങ്ങൾ കൊച്ചിയിലുള്ള നേവി ആസ്ഥാനവുമായി ബന്ധപ്പെട്ടു. അവിടെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ കമാണ്ടർ  ശ്രീധർ വാരിയർ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇപ്രകാരമാണ്. “ഇന്ത്യയുടെ മൂന്നു പ്രതിരോധ സേനകളിൽ നേവിയുടെ പ്രത്യേകത അത് ഒരു മതത്തിന്റെയും ആചാരങ്ങളെ പിന്തുടരുന്നില്ല എന്നതാണ്. ആർമിയിൽ എല്ലാ മതങ്ങൾക്കും തുല്യ പരിഗണനയാണുള്ളത്. അതായത് സർവമതങ്ങളെയും അവർ അംഗീകരിക്കുന്നു. എയർഫോഴ്സും ഏറെക്കുറെ അങ്ങനെതന്നെ. പുതിയ ഷിപ്പ് കമ്മീഷൻ ചെയ്യുമ്പോഴോ അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും വിശേഷ  അവസരങ്ങളിലോ ഞങ്ങൾ കമ്മീഷൻ ചെയ്യാൻ നിയോഗിക്കുന്നത് ഒരു സ്ത്രീയെ ആണ്. വേറൊന്നുംകൊണ്ടല്ല, കപ്പലിനെ ഒരു സ്ത്രീയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. അതിനാലാണ് സ്ത്രീയെ നിയോഗിക്കുന്നത്. ആ സ്ത്രീയുടെ ജാതിയോ മതമോ നേവി നോക്കില്ല. പിന്നെ നാളികേരം ഉടച്ചു തടസ്സങ്ങൾ നീക്കുകയും കുങ്കുമം ചാർത്തുകയും മാലകൾ ചാർത്തുകയും ചെയ്യുന്നത്  ചടങ്ങിന്‍റെ ഭാഗമാണ്. ഒരു വിശേഷ അവസരത്തിന്‍റെ നിറപ്പകിട്ട് ഉറപ്പാക്കുകയാണ് അതിലൂടെ. നിയോഗിക്കപ്പെട്ട സ്ത്രീക്ക് ഏതു മതത്തിലുള്ളതാണ് എന്നത് പ്രസക്തമല്ല. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഞാൻ കണ്ടിട്ടില്ല. അതിനാൽ കൂടുതൽ പറയാൻ കഴിയില്ല.”

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം വെറും പൊള്ളയാണെന്ന് അനുമാനിക്കേണ്ടിവരും. താൻ ഐഎൻഎസ് വിക്രാന്തിന്‍റെ കമ്മീഷൻ വേളയിൽ കുരിശു വരച്ചിട്ടില്ലെന്ന് അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്‍റണിയുടെ  ഭാര്യ എലിസബത്ത് ആന്‍റണി വ്യക്തമാക്കിയിട്ടുണ്ട്. നേവിയുടെ ആചാരത്തിൽ സ്ത്രീയെ കൊണ്ട് കപ്പൽ കമ്മീഷൻ ചെയ്യിക്കുന്ന പതിവുണ്ടെന്ന് നേവി കമാണ്ടർ ശ്രീധർ വാര്യർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്‌. നേവിയുടെ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ വേളയിൽ  നേവിയുടെ നിർദ്ദേശം അനുസരിച്ച് ചടങ്ങുകൾ ചെയ്തതല്ലാതെ കുരിശു വരച്ചിട്ടില്ല എന്ന് അന്നത്തെ പ്രതിരോധമന്ത്രി എകെ ആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണി ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന രഹിതമായ വാദഗതിയുള്ള ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു 

Avatar

Title:2013 ആഗസ്റ്റ് 12ന് എലിസബത്ത് ആന്‍റണി INS വിക്രാന്ത് ലോഞ്ച് ചെയ്തത് കുരിശ് വരച്ചാണ് എന്ന ആരോപണം ശരിയോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •