
വിവരണം
ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും DEMOCRATIC THINKERS ജനാധിപത്യ ചിന്തകർ എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ സദ്യയിൽ പങ്കെടുക്കുന്ന ചിത്രവും ഫഹദിന്‍റെ മറ്റൊരു ചിത്രവും ഒപ്പം ” സേവാഭാരതിയെ കളിയാക്കുന്നവർ കണ്ണ് തുറന്നു കാണുക!!! ആലപ്പുഴ സേവാഭാരതി ദുരിതാശ്വാസ ക്യാംപിൽ ഫഹദ് ഫാസിൽ പങ്കെടുത്തപ്പോൾ..!!! അന്തംകമ്മികളും കൊങ്ങികളും ഇന്ന് കുരുപൊട്ടി ചാകും. ജയ് ഭവാനി ജയ് ശിവാജി നമോ..” എന്ന വാചകങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ചിത്രത്തിന് അടിക്കുറിപ്പായി ആലപ്പുഴ സേവ ഭാരതി ദുരിതാശ്വാസ ക്യാമ്പിൽ ഫഹദ് ഫാസിൽ പങ്കെടുത്തപ്പോൾ❤️…
സംഘത്തിന്റെ ഒപ്പം നിന്ന് പ്രവർത്തിക്കാൻ താല്പര്യം ഉണ്ടെന്ന് പൂജനീയ ഫഹദ് ജി അറിയിച്ചു…
ഇത് സംഘ വിജയം… നമോ….
ഇന്നിവിടെ ഒരു ലോഡ് കുരുക്കൾ പൊട്ടും…. എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.

archived link | FB post |
ഈ പോസ്റ്റിൽ ഉന്നയിക്കുന്ന വാദഗതി ചലച്ചിത്ര നടൻ ഫഹദ് ഫാസിൽ ആലപ്പുഴയിൽ സേവാഭാരതിയുടെ ക്യാമ്പിൽ പങ്കെടുത്തു എന്നാണ്. സിനിമാതാരങ്ങളായ ടോവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവർ ക്യാമ്പുകളിലേക്ക് സഹായ സഹകരണങ്ങൾ നൽകുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഫഹദ് ഫാസിൽ ഏതെങ്കിലും ക്യാമ്പുകൾ സന്ദർശിച്ചതായി വാർത്തകൾ വന്നതായി കാണാൻ സാധിച്ചില്ല. നമുക്ക് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം എത്രമാത്രം വസ്തുതാപരമാണെന്ന് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ ഉറവിടം അറിയാൻ വർത്തമാനപത്രങ്ങളുടെ പ്രാദേശിക പേജുകൾ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഫഹദ് ഫാസിൽ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ പങ്കെടുത്ത വാർത്തകൾ വന്നിട്ടില്ല.
തുടർന്ന് ഞങ്ങൾ ആലപ്പുഴയിൽ സേവാഭാരതി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ആലപ്പുഴയിൽ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലും ഓഡിറ്റോറിയം പോലുള്ള ഇടങ്ങളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവ സർക്കാർ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പ്രളയ ദുരിതാശ്വാസ വോളന്‍റീർ ആയി പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംബിഎ ആദ്യ വർഷ വിദ്യാർത്ഥി രേഷ്മ കൃഷ്ണൻ ഞങ്ങളെ അറിയിച്ചു. “എല്ലാ സാമൂഹിക സംഘടനകളും ക്യാമ്പുകളിൽ സഹായമെത്തിക്കുന്നുണ്ട്. സേവാഭാരതി എല്ലാ ക്യാമ്പുകളിലും ഭക്ഷണ സാധനങ്ങളും മറ്റു വസ്തുക്കളും എത്തിച്ചു തരുന്നുണ്ട്. എന്നാൽ സേവാഭാരതി ക്യാമ്പ് തുറന്നതായി ഇതുവരെ കേട്ടില്ല.”
ഓരോ പ്രദേശങ്ങളിലെയും സേവാഭാരതി യൂണിറ്റ് അവരുടെ പ്രവര്‍ത്തനങ്ങളെ പറ്റി അവരവരുടെ ഫേസ്ബുക്ക് പേജുകളില്‍ അപ്ഡേറ്റുകള്‍ നല്‍കാറുണ്ട്. ആലപ്പുഴ സേവാഭാരതിയുടെ പേജില്‍ അടുത്ത കാലങ്ങളില്‍ അപ്ഡേറ്റുകള്‍ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല. തുടര്‍ന്നു സേവാഭാരതി കേരളം എന്ന പേരിലുള്ള വെബ്സൈറ്റ് പരിശോധിച്ചു. 2019 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും വെബ്സൈറ്റില്‍ നല്കിയിട്ടുണ്ട്. അതിലൊന്നും പോസ്റ്റില്‍ നല്കിയ വാര്‍ത്ത കാണാനില്ല.
തുടർന്ന് ഞങ്ങൾ ആലപ്പുഴ സേവാഭാരതി പ്രവർത്തകരുമായി ബന്ധപ്പെട്ടു. സേവാഭാരതി ആലപ്പുഴ ജില്ലാ സംഘടനാ സെക്രട്ടറി ജയകൃഷ്ണൻ ഞങ്ങളെ അറിയിച്ചത് “സേവാഭാരതി ആലപ്പുഴയിൽ ക്യാമ്പ് തുറന്നിട്ടില്ല എന്നാണ്. മറ്റു സഹായ സഹകരണങ്ങൾ എല്ലാം ഞങ്ങൾ നൽകുന്നുണ്ട്. ഇത്തരം വാർത്തകൾ വെറും വ്യാജ പ്രചാരണങ്ങളാണ്. ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്തകളെല്ലാം ഞങ്ങളുടെ വെബ്‌സൈറ്റിൽ നൽകാറുണ്ട്.”
ഞങ്ങള്‍ ഫഹദ് ഫാസിലിന്‍റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു. അതില്‍ ഇതരത്തില്‍ ഒരു വാര്‍ത്ത പോലും നല്‍കിയിട്ടില്ല. പിന്നീട് ഞങ്ങൾ ഫഹദ് ഫാസിലുമായി സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം തിരക്കിലായിരുന്നതിനാൽ മാനേജരായ ശ്രീകുമാറുമായിട്ടാണ് ഞങ്ങൾക്ക് സംസാരിക്കാൻ സാധിച്ചത്. “ഫഹദ് ഫാസിലിന് സേവാഭാരതിയുമായി യാതൊരു ബന്ധവുമില്ല. ഇത്തരത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് ഫഹദ് സന്ദർശിച്ചിട്ടില്ല. ഫഹദ് സദ്യ കഴിക്കുന്ന ഈ ചിത്രം ഞാൻ പ്രകാശൻ എന്ന സിനിമയിലേതാണ്. അല്ലാതെ ക്യാംപിൽ പോയതിന്‍റെതല്ല.”
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്നാണ്. സേവാഭാരതി ആലപ്പുഴയിൽ സേവാഭാരതി ക്യാമ്പ് തുറന്നിട്ടില്ല. ക്യാമ്പിൽ പങ്കെടുത്ത് ഫഹദ് സദ്യ കഴിക്കുന്ന ചിത്രം ഞാൻ പ്രകാശൻ എന്ന സിനിമയിൽ നിന്നുമുള്ളതാണ്. തെറ്റിധാരണ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്. സേവാഭാരതി ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടില്ല എന്ന് സംഘടനാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ ഒരു സിനിമയിൽ നിന്നുമുള്ള ചിത്രമാണ് തെറ്റിധാരണ സൃഷ്ടിച്ച് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:ആലപ്പുഴ സേവ ഭാരതി ദുരിതാശ്വാസ ക്യാമ്പിൽ ഫഹദ് ഫാസിൽ പങ്കെടുത്തോ..?
Fact Check By: Vasuki SResult: False
