മണ്ണാറശാല ക്ഷേത്രത്തിൽ അഞ്ചു തലയുള്ള നാഗം പ്രത്യക്ഷപ്പെട്ടോ …?

സാമൂഹികം

വിവരണം 

Aneesh Kumar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 23 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഇന്ന് രാവിലെ മണ്ണാറശാലയിൽ പ്രത്യക്ഷപ്പെട്ട അഞ്ച് തലയുള്ള അത്ഭുത നാഗം…

സാക്ഷാൽ നാഗരാജാവ് ആയില്യം കാണാൻ നേരിട്ട് പ്രത്യക്ഷപ്പെട്ട പുണ്യം മുഹൂർത്തം..

ഓം നമഃ കാമരുപിണേ മഹാബലായ നാഗിധിപതയേ നമഃ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം അഞ്ചു തലയുള്ള അപൂർവ നാഗത്തിന്‍റേതാണ്. 

archived linkFB post

പോസ്റ്റിൽ ഉന്നയിക്കുന്ന അവകാശവാദം ഒക്ടോബർ 23 ന് അതായത് മണ്ണാറശാലയിലെ പ്രസിദ്ധമായ ആയില്യം ഉത്സവത്തിന്‍റെ അന്ന്‌ ഈ നാഗം ആലപ്പുഴ ജില്ലയിലെ മണ്ണാറശാല ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടു എന്നാണ്‌. ഇങ്ങനെ ഒരു നാഗം യഥാർത്ഥത്തിൽ ഉണ്ടോ…? മണ്ണാറശാല ക്ഷേത്രത്തിൽ ഈ നാഗം വന്നിരുന്നോ…? ഇതിനെ ആരെങ്കിലും കണ്ടിരുന്നോ…? പത്രങ്ങൾ ഇത് വാർത്തയാക്കിയിരുന്നോ…? നമുക്ക് അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ വാർത്തയുടെ സ്ഥിരീകരണത്തിനായി മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ തിരഞ്ഞു നോക്കി. ഈ പോസ്റ്റിലെ ചിത്രത്തിൽ കാണുന്ന നാഗം മണ്ണാറശാല ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടതായി ഒരു മാധ്യമവും വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. മണ്ണാറശാല സന്ദർശിച്ച ഭക്തരിലാരും ഇത്തരത്തിൽ ഒരു നാഗത്തിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതായി ഞങ്ങൾക്ക് പോസ്റ്റുകൾ ഒന്നും  ലഭിച്ചിട്ടില്ല. 

തുടർന്ന് ഞങ്ങൾ ഈ നാഗത്തിന്‍റെ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം  നടത്തി നോക്കി. ഏതാണ്ട് 2010 മുതൽ ഇതേ ചിത്രം ഇന്‍റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. 

 അഞ്ചു തലയുള്ള പാമ്പുണ്ടെന്നും കര്‍ണ്ണാടകയിലെ ക്ഷേത്രത്തില്‍ ഇതിനെ കണ്ടുവെന്നും ചില വാര്‍ത്തകള്‍  സജീവമായി ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊരു ഫോട്ടോഷോപ്പ് ചെയ്ത സാങ്കൽപ്പിക ചിത്രം മാത്രമാണെന്നും യഥാർത്ഥത്തിൽ ഇല്ലാത്തതുമാണെന്നുമാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഇങ്ങനെ ഒരു പാമ്പ് യഥാർത്ഥത്തിൽ ഉണ്ടോ എന്നറിയാനായി ഞങ്ങൾ പാമ്പുകളെ പറ്റി ലഭ്യമായ വിവരണങ്ങൾ തിരഞ്ഞു നോക്കി. ഒന്നിലധികം തലയുള്ള പാമ്പുകൾ ഇല്ല എന്നാണ്  മനസ്സിലാക്കാൻ കഴിയുന്നത്. ഇതേ അഞ്ചു തലയുള്ള നാഗം കർണാടകയിലെ ഒരു ക്ഷേത്രത്തിൽ കണ്ടതായി pinterest  ൽ വാർത്ത പ്രചരിച്ചിരുന്നു. 

രണ്ടു തലയുള്ള ഒരു പാമ്പിനെ അമേരിക്കയിൽ കണ്ടെത്തിയതായി ബിബിസി  2019 സെപ്റ്റംബർ 5 ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

പോസ്റ്റിലെ ഫോട്ടോഷോപ്പ് ചിത്രത്തിന്‍റെ യഥാർത്ഥ ചിത്രം ഒരു തല മാത്രമുള്ള നാഗത്തിന്‍റെതാണ്. തായ്‌ലാനിലെ പ്രസിദ്ധമായ സ്നേക്ക് പാർക്കിൽ നിന്നും ചിത്രീകരിച്ച ചിത്രമാണിത്.

 ഒരു യാത്രാ ബ്ലോഗറായ ടൈൻ ച്യൂവിന്റെ വെബ്‌സൈറ്റിൽ ഇതിനോട് സമാനതയുള്ള ചിത്രങ്ങൾ നൽകിയിട്ടുണ്ട്.  മറ്റു ചില യാത്രാ ബ്ലോഗുകളിലും സ്നേക്ക് പാർക്കിലെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ചിത്രത്തിന്‍റെ പശ്ചാത്തലം ശ്രദ്ധിച്ചാൽ ഒരേ സ്ഥലം തന്നെയാണെന്ന് എളുപ്പം മനസ്സിലാകും. 

bsparchived link

രാജവെമ്പാല എന്ന പേരിൽ അറിയപ്പെടുന്ന ഉഗ്ര വിഷമുള്ള പാമ്പിന്‍റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്താണ് പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. രാജവെമ്പാലയെപ്പറ്റി വിവരണമുള്ള ഒരു വെബ്‌സൈറ്റ് 2011 സെപ്റ്റംബർ 17 ആം തിയതി യഥാർത്ഥ ചിത്രം നൽകിയിട്ടുണ്ട്.

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് പോസ്റ്റിൽ നൽകിയിരിക്കുന്ന അഞ്ചു തലയുള്ള നാഗത്തിന്‍റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. ഏഴെട്ടു വർഷമായി ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതുമാണ്.

ഹോക്സ് സ്ലെയർ  എന്ന വസ്തുതാ അന്വേഷണ വെബ്‌സൈറ്റ് അഞ്ചു തലയുള്ള നാഗത്തിനെ പറ്റി വസ്തുതാ അന്വേഷണം നടത്തിയിരുന്നു. ഇത് ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണെന്ന നിഗമനത്തിലാണ് അവരും എത്തിച്ചേർന്നത്.

നിഗമനം 

ഈ പോസ്റ്റിലെ വാർത്ത  പൂർണ്ണമായി വ്യാജമാണ്. അഞ്ചു തലയുള്ള നാഗം മണ്ണാറശാല ക്ഷേത്രത്തിൽ കഴിഞ്ഞ ഒക്ടോബർ 23  ന് പ്രത്യക്ഷപ്പെട്ടിട്ടില്ല.  പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തു സൃഷ്ടിച്ചതാണ്. ഏറെക്കാലമായി ഇന്‍റർനെറ്റിൽ പ്രചരിക്കുന്നതുമാണ്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Avatar

Title:മണ്ണാറശാല ക്ഷേത്രത്തിൽ അഞ്ചു തലയുള്ള നാഗം പ്രത്യക്ഷപ്പെട്ടോ …?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •