ഈ സ്ത്രീ സുരക്ഷാ മുന്നറിയിപ്പ് പോലീസിന്‍റെതല്ല….

സാമൂഹികം

വിവരണം 

Kasaragod Flash News എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 9  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോലീസ് അറിയിപ്പാണ് ഇവിടെ നൽകിയിരിക്കുന്നത്. അത് ഇങ്ങനെയാണ്: “⭕️⭕️⭕️

*പോലിസ് ഫ്രീ റൈഡ് സ്കീം ലോഞ്ച് ചെയ്തിരിക്കുന്നു*.

രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകൾക്ക്, വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ രാത്രി 10 നും പുലർച്ച 6 മണിക്കും ഇടയിൽ, പോലീസ് ഹെൽപ്പ് ലൈൻ നമ്പർ 1091 & 7837018555 ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം. 24×7 സമയവും ഇവ പ്രവർത്തിക്കുന്നതാണ്. കൺട്രോൾ റൂം വാഹനങ്ങളോ, PCR/SHE വാഹനങ്ങളോ അവരെ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്.

സ്ത്രീകൾക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്സ് കാൾ നൽകുകയോ ബ്ലാങ്ക് മസ്സേജ് നൽകുകയോ ചെയ്യാം. ഇത് പോലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടു പിടിക്കാൻ ഉപകരിക്കും.

നിങ്ങൾക്ക് അറിയാവുന്ന സ്ത്രീകൾക്കല്ലാം ഈ വിവരം കൈമാറുക.”

archived linkFB post

ഇതേ മുന്നറിയിപ്പ് നിരവധിപ്പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ ഭീതി പരത്തുന്ന രീതിയിൽ  വർദ്ധിച്ചുവരുന്ന ക്രൂരമായ ബലാൽസംഗ സംഭവങ്ങൾക്കെതിരെ ശക്തിമത്തായ സുരക്ഷാ സംവിധാനം വേണമെന്ന് വിവിധ സംഘടനകൾ സർക്കാരിന് മുകളിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ പോലീസ് ഇത്തരത്തിൽ ഒരു സുരക്ഷാ മുന്നറിയിപ്പ് പുറത്തു വിട്ടോ..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ മുന്നറിയിപ്പിനെ കുറിച്ചറിയാൻ കേരളാ പോലീസിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് പരിശോധിച്ചു. എന്നാൽ ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് അതിൽ നൽകിയിട്ടില്ല. അതിനാൽ ഇത്തരം പോസ്റ്റുകളിൽ ഞങ്ങൾ സാധാരണ ചെയ്യാറുള്ളതുപോലെ സ്റ്റേറ്റ് പോലീസ് മീഡിയ സെൽ ഡപ്യൂട്ടി ഡയറക്ടർ പ്രമോദ് കുമാറിനോട് വിശദീകരണം തേടി. അദ്ദേഹം ഞങ്ങളോട് വ്യക്തമാക്കിയത് ഇങ്ങനെയാണ് : ഈ പോസ്റ്റ് വെറും വ്യാജപ്രചാരണമാണ്. ഇതിന് കേരള പോലീസുമായി യാതൊരു ബന്ധവുമില്ല. സ്ത്രീ സുരക്ഷാ ലക്ഷ്യമാക്കി  കേരള പോലീസ് മുന്നോട്ടു വയ്ക്കുന്ന പദ്ധതിയാണ് നിഴൽ. അത് നടപ്പിലാക്കിക്കഴിഞ്ഞു.”

ഇതേ കുറിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പുകൾ അദ്ദേഹം അയച്ചു തന്നു. അത് താഴെ നൽകിയിട്ടുണ്ട്. 

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ
പത്രക്കുറിപ്പ്
03.12.2019

*അടിയന്തിരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം ; നിഴല്‍ പദ്ധതി നിലവില്‍ വന്നു*

അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാന്‍റ് സെന്‍ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു. *നിഴൽ* എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്.

അസമയത്ത് വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നത് മൂലം വഴിയില്‍ കുടുങ്ങിയ വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാം. രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകള്‍ക്ക് പോലീസ് സഹായം എത്തിക്കാനും ഈ സംവിധാനം വഴി സാധിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഏത് ആവശ്യത്തിനും ഏത് സമയത്തും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്. പോലീസ് ആസ്ഥാനത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍റ് സെന്‍ററിലാണ് ഫോണ്‍കോള്‍ ലഭിക്കുക. വിളിക്കുന്നയാള്‍ ഉള്ള സ്ഥലം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാന്‍ കമാന്‍റ് സെന്‍ററിന് കഴിയും. നമ്പര്‍ ഡയല്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഫോണിന്‍റെ പവര്‍ ബട്ടണ്‍ മൂന്ന് തവണ അമര്‍ത്തിയാല്‍ കമാന്‍റ് സെന്‍ററില്‍ സന്ദേശം ലഭിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും. 112 ഇന്‍ഡ്യ എന്ന മൊബൈല്‍ ആപ്പിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാലും കമാന്‍റ് സെന്‍ററില്‍ സന്ദേശമെത്തും.

പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു.

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റർ

കൂടാതെ കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇതേപ്പറ്റി വിവരണം നൽകിയിട്ടുണ്ട്. 

archived linkkerala police

പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണ്. ഇത്തരത്തിൽ ഒരു സുരക്ഷാ അറിയിപ്പ് പോലീസ് പൊതുജനങ്ങൾക്കായി നൽകിയിട്ടില്ല 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന  പോലീസിന്‍റെ സ്ത്രീ സുരക്ഷാ മുന്നറിയിപ്പിന് പോലീസുമായി യാതൊരു ബന്ധവുമില്ല. കേരള പോലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയുടെ പേര് നിഴൽ എന്നാണ് . 112 എന്ന ഫോൺ നമ്പറാണ് കേരള പോലീസ് ഇതിനായി നൽകിയിരിക്കുന്നത്. തെറ്റായ മുന്നറിയിപ്പ് പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Avatar

Title:ഈ സ്ത്രീ സുരക്ഷാ മുന്നറിയിപ്പ് പോലീസിന്‍റെതല്ല….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •