
വിവരണം
‘കോണ്‍ഗ്രസില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു’ എന്ന് തലക്കെട്ട് നല്കി ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ജൂണ്‍ അഞ്ച് മുതല്‍ പ്രചരിക്കുന്നുണ്ട്. റെഡ് സല്യൂട്ട് എന്ന പ്രൊഫൈലില്‍ നിന്നും മഹിള കോണ്‍ഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷ ഗോപിക കോലോത്തെപ്പറമ്പ് രാജി വച്ച് സിപിഎമ്മില്‍ ചേര്‍ന്നു എന്നാണ് പ്രചരിപ്പിക്കുന്നത്. ചിത്രം സഹിതമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 350ല്‍ അധികം ഷെയറുകളും 340ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സിപിഎമ്മില്‍ ചേര്‍ന്ന മഹിള കോണ്‍ഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷയുടെ തന്നെയാണോ? യഥാര്‍ത്ഥത്തില്‍ എറണാകുളം ജില്ലാ അധ്യക്ഷയുടെ പേര് ഗോപിക കോലോത്തെപ്പറമ്പ് എന്ന് തന്നെയാണോ? സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
പോസ്റ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷയുടെ പേര് മിനിമോള്‍ വി.കെ എന്നാണ്. 2019 ജനുവരി 18നാണ് വി.കെ.മിനിമോള്‍ മഹിള കോണ്‍ഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷയായി ചുമതലയേറ്റത്. ഇത് സംബന്ധിച്ച് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു.

ഗോപിക കോലോത്തെപ്പറമ്പ് എന്ന പേരില്‍ എറണാകുളത്ത് ഒരു കോണ്‍ഗ്രസ് നേതാവില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ക്രോപ്പ് ചെയ്ത് ഗൂഗിളില്‍ റിവേഴ്സ് സര്‍ച്ച് ചെയ്തതില്‍ നിന്നും തെലുങ്ക് നടി തേജ റെഡ്ഡിയാണിതെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം സൗത്ത് ഇന്ത്യന്‍ ആക്രട്രസ് എന്ന പേരിലുള്ള വെബ്സൈറ്റില്‍ നിന്നും ലഭിച്ചിട്ടുമുണ്ട്.


നിഗമനം
പോസ്റ്റില്‍ പ്രചരിക്കുന്ന മുഴുവന്‍ വിവരങ്ങളും വ്യാജമാണെന്ന് ഇതോടെ കണ്ടെത്തിയിരിക്കുകയാണ്. സത്യാമാണെന്ന് തെറ്റദ്ധരിച്ച് ധാരാളം ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്. സത്യാവസ്ഥ മനസിലാക്കി മാത്രമെ ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്കാവു.

Title:മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നോ?
Fact Check By: Harishankar PrasadResult: False
