
വിവരണം
സൗജന്യമായി പ്രമേഹ നിര്‍ണയം നടത്താമെന്ന പേരില്‍ വീടുകളില്‍ ആരെങ്കിലും എത്തിയാല്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കണമെന്ന് കേരള പോലീസ് അറിയിച്ചെന്ന പേരില്‍ ഒരു സന്ദേശം ഫെയ്‌സ്ബുക്കില്‍ വാട്‌സാപ്പിലും കുറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ഇവര്‍ എച്ച്ഐവി പടര്‍ത്തുന്ന സംഘമാണെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. Salim Eravathur Mala എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ജനുവരി 10 മുതല്‍ ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 20 ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ കേരള പോലീസ് ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ. എന്താണ് സത്യാവസ്ഥ എന്ന് പരിശോധിക്കാം.
പ്രചരിക്കുന്ന സന്ദേശം ഇപ്രകാരമാണ്-
??❗An IMPORTANT MESSAGE FROM KERALA POLICE??
❗❗ ശ്രദ്ധിക്കുക
…. വേഗം വേഗം ….
നിങ്ങളുടെ വീട്ടിൽ ഞങ്ങൾ മെഡിക്കൽ കോളേജിൽ നിന്ന് വരുന്നു. നിങ്ങളുടെ blood free trial ൽ SUGAR ഉണ്ടോന്ന് ചെക്ക് ചെയ്യാം എന്നു പറയുകയാണെങ്കിൽ, ഉടനടി പോലീസിനെ അറിയിക്കുക. അവർ HIV വൈറസ് പടർത്തുന്നതിന് വരുന്നവരാണ്. നിങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പങ്കിടുക.
ബഹുമാനപൂർവ്വം: –
കേരളാ പോലീസ്
നന്ദി
വസ്‌തുത വിശകലനം
ഇത്തരത്തിലൊരു സന്ദേശം കേരള പോലീസ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേരളാ പോലീസ് മീഡിയ സെൽ ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് കുമാർ ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. “ഇത്തരത്തില്‍ എച്ച്ഐവി പരത്തുന്ന സംഘങ്ങളെ കുറിച്ച് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല ജനങ്ങളെ കബളിപ്പിക്കാനായി ആരോ പ്രചരിപ്പിക്കുന്ന വ്യാജമായ സന്ദേശം മാത്രമാണിതെന്നും” പോലീസ് പറഞ്ഞു.
നിഗമനം
പോസ്റ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. പോലീസിന്‍റെ പേരില്‍ പോലും വ്യാജ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സന്ദേശങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം മാത്രമെ പങ്കുവയ്ക്കാവു. മറ്റുള്ളവരില്‍ തെറ്റിദ്ധാരണയും അനാവശ്യമായ ഭയാശങ്കകള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ കാരണമാകും.

Title:പ്രമേഹം പരിശോധിക്കാമെന്ന പേരില്‍ വീട്ടില്‍ എത്തുന്നവര്‍ എച്ച്ഐവി പരത്താന്‍ വരുന്ന സംഘങ്ങളാണെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ?
Fact Check By: Harishankar PrasadResult: False
