ഫേസ്ബുക്കിലൂടെയുള്ള വംശീയമായ പരാമർശങ്ങൾക്കെതിരെ കെ ആർ ഇന്ദിരയ്ക്കെതിരെ കേസ് എടുത്തിട്ടില്ലേ ..?

രാഷ്ട്രീയം

വിവരണം 

ഖലാസി-Khalasi എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 3  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 400  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “#അന്തർധാര_സജീവമാണ്?” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : വർഗീയത ഛർദ്ദിച്ച കെആർ ഇന്ദിരയ്‌ക്കെതിരെ കേസില്ല. കുട്ടി സഖാക്കളുടെ മാർച്ചില്ല. വത്തയ്ക്ക പരാമർശത്തിൽ കാണിച്ച ശുഷ്‌കാന്തി സംഘികൾക്കെതിരെ കാണാത്തത് എന്തുകൊണ്ടാണ് സഖാവേ…?” എന്ന വാചകങ്ങളും കെആർ ഇന്ദിരയുടെ ചിത്രവുമാണ് പോസ്റ്റിലുള്ളത്.

archived linkFB post

കഴിഞ്ഞ രണ്ടു ദിവസമായി ഫേസ്‌ബുക്ക് പേജുകളിൽ വൈറലായി മാറിയ ചർച്ചയാണ് ആകാശവാണി പ്രോഗ്രാം ഡയറക്ടർ കെആർ ഇന്ദിരയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ. വലിയ ചലനങ്ങളാണ് ഫേസ്ബുക്ക്  ഗ്രൂപ്പുകളിലും പേജുകളിലും ഇതേച്ചൊല്ലി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം സമുദായത്തിനെതിരെ കെആർ ഇന്ദിര വംശീയ അധിക്ഷേപം നടത്തി എന്നാണ് അവർക്കെതിരെയുള്ള പ്രധാന ആരോപണം. അവർക്കെതിരെ കേസെടുക്കണമെന്ന ശക്തമായ ആവശ്യം ഇതേതുടർന്ന് ഉയർന്നു. 

പോസ്റ്റിൽ പറയുന്നത് പോലീസ് കെആർ ഇന്ദിരയ്ക്കെതിരെ കേസെടുത്തിട്ടില്ല എന്നാണ്. മറ്റു സന്ദർഭങ്ങളിലെ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ ഇതിനു മുമ്പ് കേസ് ചാർജ് ചെയ്തിരുന്നു. എന്നാൽ ഈ വിഷയം വന്നപ്പോൾ സർക്കാർ കേസെടുക്കുന്നില്ല എന്നാണു പ്രധാന വാദഗതി. നമുക്ക് ഈ വാദഗതിയുടെ സത്യാവസ്ഥ അറിയാൻശ്രമിക്കാം.

വസ്തുതാ വിശകലനം 

ഞങ്ങൾ ഇതേപ്പറ്റി കൂടുതലറിയാൻ വാർത്തയുടെ വിവിധ കീ വേർഡ്സ്‌ ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. ഫേസ്‌ബുക്ക് പരാമർശത്തിന്‍റെ പേരിൽ കെആർ ഇന്ദിരയ്ക്കെതിരെ കേസെടുത്തു എന്ന് ഏതാനും മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. അതേസമയം ചില മാധ്യമങ്ങൾ പോസ്റ്റിൽ ആരോപിക്കുന്നതുപോലെ കെആർ ഇന്ദിരയ്ക്കെതിരെ കേസെടുത്തിട്ടില്ല എന്ന് വാർത്തയിലൂടെ അറിയിക്കുന്നു.

archived link

ഇതേ വാർത്ത നൽകിയ ചില മാധ്യമങ്ങളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.

archived linkdaily hunt
archived linkkerala online news
archived linkmalayalam express

വാർത്തയിൽ “മതവിദ്വേഷം പ്രചരിപ്പിക്കുന്ന പരാമർശം നടത്തിയ എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെആർ ഇന്ദിരയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പായ ഐപിസി 153 എ പ്രകാരവും സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചരണം നടത്തിയത് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ്. 

കൊടുങ്ങല്ലൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ എംആർ വിപിൻദാസ് എന്നയാളുടെ പരാതിയുടെ പുറത്തായിരുന്നു നടപടി. മതസ്പർദ്ധ വളർത്തുന്നതും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുമാണ് ഇന്ദിരയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ എന്നാണ്  പരാതിയിൽ പറഞ്ഞിരുന്നത്. ..” ഇങ്ങനെയാണ് വാർത്തയുടെ വിവരണം.

കൊടുങ്ങല്ലൂർ പൊലീസാണ് കേസ് എടുത്തിട്ടുള്ളത് എന്ന് വാർത്തയിലൂടെ അറിഞ്ഞതുകൊണ്ട് ഞങ്ങൾ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. “കെആർ ഇന്ദിരയ്ക്കെതിരെ വിപിൻദാസ് എന്നയാൾ തന്ന പരാതിയിന്മേൽ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ക്രൈം നമ്പർ 920 /19 ആണ്. സ്റ്റേഷനിൽ എസ് ഐ ആയ ബൈജു, സി ഐ  പദ്മരാജ് എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്.” സ്റ്റേഷനിലെ ഓഫീസ് ചുമതലയുള്ള ഉദ്യോഗസ്ഥനാണ് വിവരങ്ങൾ നൽകിയത്. 

ഞങ്ങളുടെ അന്വേഷത്തിൽ നിന്നും വ്യക്തമാകുന്നത് ഫേസ്ബുക്കിലൂടെയുള്ള വംശീയ ആക്ഷേപത്തിന്റെ പേരിൽ കെആർ ഇന്ദിരയ്ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട് എന്നാണ്. കേസ് എടുത്തിട്ടില്ല എന്നുള്ള പോസ്റ്റിലെ വാദഗതി തികച്ചും തെറ്റാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം തെറ്റാണ്. ഫേസ്‌ബുക്കിലൂടെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയതിനെതിരെ കെആർ ഇന്ദിരയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:ഫേസ്ബുക്കിലൂടെയുള്ള വംശീയമായ പരാമർശങ്ങൾക്കെതിരെ കെ ആർ ഇന്ദിരയ്ക്കെതിരെ കേസ് എടുത്തിട്ടില്ലേ ..?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •