കാറളത്ത് സേവാഭാരതി പ്രവർത്തകരെ ക്യാമ്പിൽ നിന്നും പുറത്താക്കി എന്ന വാർത്തയുടെ യാഥാർഥ്യം…

സാമൂഹികം

വിവരണം 

Eye Witness News – INDIA
എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കാറളം ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള ഒരു വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “സേവാഭാരതിയല്ല ഉടായിപ്പ് ഭാരതി…!!!! കാറളത്ത് സേവാഭാരതിയുടെ ഉടായിപ്പ് കയ്യോടെ പിടികൂടി ; ജനങ്ങൾ സേവാഭാരതിക്കാരെ ക്യാമ്പിൽ നിന്ന് പുറത്താക്കി. ” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്.” നാട് പ്രളയത്തിൾ മുങ്ങുമ്പോഴും മുതലെടുപ്പ് നടത്താൻ ഒരു മടിയുമില്ലാത്ത ഒരു വിഭാഗമെ ഇവിടെയുള്ളു, സംഘപരിവാറും അവരുടെ സ്വന്തം സേവാഭാരതിയും. ജനങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ വിഷം കുത്തിവയ്ക്കുന്നതിന് പുറമെ ക്യമ്പുളളിൽ നേരിട്ടെത്തി മുതലെടുപ്പിനുള്ള ശ്രമമാണ് സേവാഭാരതി നടത്തുന്നത്. ജനങ്ങൾ ഇവരുടെ തട്ടിപ്പ് ഇപ്പോൾ മനസ്സിലാക്കിയിരിക്കുകയാണ്. സേവാഭാരതിയുടെ ആളുകൾ ഡോക്ടറുമായെത്തി ക്യാമ്പിൽ മരുന്ന് നൽകുമെന്നു വ്യാജ പ്രചരണം സംഘപരിവാരങ്ങൾ വ്യാപകമായി നടത്തിയിരുരുന്നു. അതിന്റെ പിന്നിലെ സത്യാവസ്ഥയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്…” ഇങ്ങനെയാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയിലെ വിവരണം.

FB postarchived link

അതായത് പോസ്റ്റിൽ ആരോപിക്കുന്നത് സേവാഭാരതി പ്രവർത്തകരെ കാറളത്തുള്ള ദുരിതാശ്വാസ ക്യാംപിൽ നിന്നും ഇറക്കി വിട്ടു എന്നാണ്. 

archived linkeyewitnessnewsindia

ക്യാംപുകളിൽ പ്രളയത്തെ അതിജീവിച്ചു എത്തിയവരിൽ പലർക്കും നിരവധി രോഗങ്ങൾ പിടികൂടുന്നതായി വാർത്തകൾ വരുന്നുണ്ട്. അതിനാൽ മരുന്നുകളും ഡോക്ടർമാരുടെ സേവനങ്ങളും അത്യന്താപേക്ഷിതമാണ്. എല്ലാ ക്യാമ്പിലും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നുണ്ടെന്നാണ് മാധ്യമ  വാർത്തകൾ. സേവാഭാരതിക്കാരുടെ ഭാഗത്ത് നിന്ന് എന്ത് വീഴ്ചയാണ് സംഭവിച്ചത്. നാട്ടുകാർ ക്യാമ്പിൽ നിന്നും അവരെ പുറത്താക്കിയത് എന്തിനാണ്..? മരുന്ന് സർക്കാർ തരും എന്ന് സേവാഭാരതി പ്രവർത്തകർ ക്യാമ്പിൽ കഴിയുന്നവരെ അറിയിച്ചോ..? നമുക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടാം 

വസ്തുതാ വിശകലനം 

ഈ വാർത്തയെ പറ്റി ഞങ്ങൾ അന്വേഷിച്ചു നോക്കിയപ്പോൾ നിരവധി ഫേസ്‌ബുക്ക് പേജുകളും പ്രൊഫൈലുകളും  ഇതേ വാർത്ത പ്രചരിപ്പിക്കുന്നതായ് കാണാൻ കഴിഞ്ഞു. ഐവിറ്റ്നസ് ന്യൂസ്  എന്ന വാർത്താ മാധ്യമമാണ് ആദ്യം ഇത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞു. മറ്റു മാധ്യമങ്ങളിലൊന്നും ഈ വാർത്ത നൽകിയിട്ടില്ല. അതിനാൽ വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ കാറളം പഞ്ചായത്ത് സെക്രട്ടറി സുഭാഷുമായി സംസാരിച്ചു. “നിരവധി സാമൂഹ്യ സംഘടനകൾ ഇവിടെയുള്ള എല്ലാ ക്യാമ്പുകളിലും സഹായമെത്തിക്കുന്നുണ്ട്.  സേവാഭാരതിയും അക്കൂട്ടത്തിലുണ്ട്. ആരെയും ക്യാമ്പുകളിൽ നിന്ന് പുറത്താക്കിയതായി ഇതുവരെ റിപ്പോർട്ടുകൾ ഒന്നുമില്ല. അവർ ഡോക്ടറുമായി എത്തിയിരുന്നു. ഇവിടെത്തന്നെയുള്ള  ഒരു മുതിർന്ന ഡോക്ടറാണ് ഡോ. ഗോപാലകൃഷ്ണൻ. ക്യാമ്പുകളിൽ ധാരാളം മരുന്നുകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ മരുന്നുകളുടെ വലിയ ആവശ്യകത ഉണ്ടായിട്ടില്ല. ആരും ഇങ്ങനെ റിപ്പോർട്ട് ചെയ്യുകയോ ആരെങ്കിലും ഇതേപ്പറ്റി പരാതി നൽകുകയോ ഉണ്ടായിട്ടില്ല. ഈ വാർത്ത സത്യമല്ല എന്നാണ്  എനിക്ക് പറയാനുള്ളത്.”  

തുടർന്ന് ഞങ്ങൾ സേവാഭാരതിയുടെ പ്രവർത്തകരുമായി സംസാരിച്ചു. ജിതിൻ എന്ന സേവാഭാരതി പ്രവർത്തകൻ ഞങ്ങളോട് പറഞ്ഞതിങ്ങനെയാണ്.  “ഞങ്ങളുടെ മെഡി സെല്ലിന്‍റെ പ്രവർത്തകർ മെഡിസിൽ പ്രവർത്തനവുമായി ബന്ധപ്പെട്ട്  എല്ലാ ക്യാമ്പുകളും സന്ദർശിക്കുകയുണ്ടായി. ഞങ്ങളുടെ പ്രവർത്തകർ ചെന്ന സമയത്ത് അവിടെ ഹെൽത്ത് ഇൻസ്‌പെക്ടർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ ഉണ്ട്. അവർ ഞങ്ങളോട്  ഇവിടെ കുറെ മരുന്നുകൾ ലഭിച്ചിട്ടുണ്ട്. ഇവിടെ രോഗികളുമുണ്ട്. പക്ഷേ ഡോക്ടർ ഇല്ല. ഇവിടെയുള്ള മരുന്നുകൾ രോഗികൾക്ക്ക് നൽകിയാൽ മതി. ഡോക്ടര്‍ അവ കുറിച്ചാൽ മതി എന്നറിയിച്ചു. പുറത്തുന്നുള്ള മരുന്നുകൾ കൊണ്ട് പോകേണ്ട എന്ന് ഞങ്ങളുടെ ടിം  തീരുമാനിച്ചിരുന്നു. ഇരിഞ്ഞാലക്കുട ഭാഗത്തുള്ള വളരെ സീനിയർ ആയ ഡോക്ടർ ആണ് ഞങ്ങളോടൊപ്പം വന്നത്. ഏതാനും ഡിവൈഎഫ്ഐ പ്രവർത്തകർ അവിടെയെത്തി ബാഡ്ജ് ധരിക്കാൻ പാടില്ല എന്ന് പറഞ്ഞു. ഞങ്ങളുടെ കൂടെയുള്ളവരെ തിരിച്ചറിയാനാണ് ഞങ്ങൾ യഥാർത്ഥത്തിൽ ബാഡ്ജ് ധരിക്കുന്നത്. ബാഡ്ജ് ഊരിയശേഷം മാത്രം കാര്യങ്ങള്‍ തുടർന്നാൽ മതി എന്ന് അവർ നിഷ്കർഷിച്ചു. ഞങ്ങൾ ബാഡ്ജ് ഊരിമാറ്റിയശേഷം പ്രവർത്തനം തുടർന്നപ്പോൾ  ഇവിടുത്തെ മരുന്ന് എഴുതാൻ എന്തിനാണ് പുറത്തു നിന്ന് ഡോക്ടർ എന്ന് അവർ ചോദിച്ചു. അതിന്‍റെ പേരിൽ ബഹളമോ മറ്റു പ്രശ്നങ്ങളോ ഒന്നുംതന്നെ ഉണ്ടായില്ല. സേവാഭാരതി പ്രവര്‍ത്തകരെ ആരും ക്യാമ്പില്‍ നിന്നും പുറത്താക്കിയിട്ടില്ല. ഇക്കാര്യമാണ് മറ്റുതരത്തിൽ പ്രചരിക്കുന്നത്. ഈ പോസ്റ്റും ഇത്തരത്തിൽ പ്രചരിക്കുന്ന മറ്റു പോസ്റ്റുകൾക്കുമെതിരെ ഞങ്ങൾ നിയമ നടപടിക്കൊരുങ്ങുകയാണ്.”

തുടർന്ന് ഞങ്ങൾ കാറളം പ്രദേശം ഉൾപ്പെടുന്ന കാട്ടൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച്‌ സംഭവത്തിന്റെ വിശദീകരണം തേടി. എന്നാൽ പോലീസ് അധികൃതർ  ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല, ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടുമില്ല എന്നാണ് ഞങ്ങളെ അറിയിച്ചത്.

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റിധാരണ പരത്താൻ തെറ്റായി അവതരിപ്പിച്ചിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇത്തരത്തിൽ ഒരു സംഭവം എന്തെങ്കിലും വാർത്താ പ്രാധാന്യം വരുന്ന തരത്തിൽ ക്യാമ്പിൽ ഉണ്ടായിട്ടില്ല. പഞ്ചായത്ത് സെക്രട്ടറി ഇതേപ്പറ്റി ഞങ്ങൾക്ക് വിശദീകരണം നൽകിയിട്ടുണ്ട്. സേവാഭാരതി  പ്രവർത്തകരും ഇതേപ്പറ്റി വിശദീകരണം നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകരും സേവാഭാരതി പ്രവർത്തകരും തമ്മിലുണ്ടായ ഒരു ചെറിയ വാക്കുതർക്കമാണ് മറ്റൊന്നായി പോസ്റ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. സഭാരതി പ്രവർത്തകരെയും ഡോക്ടറെയും നാട്ടുകാർ ക്യാമ്പിൽ നിന്നും പുറത്താക്കിയിട്ടില്ല. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ആറളം ക്യാമ്പിലെത്തിയ സേവാഭാരതി പ്രവർത്തകരെയും ഡോക്ടറെയും ക്യാമ്പിൽ നിന്നും പുറത്താക്കിയിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്നത് തെറ്റായ  വാർത്തകളാണെന്നു പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:കാറളത്ത് സേവാഭാരതി പ്രവർത്തകരെ ക്യാമ്പിൽ നിന്നും പുറത്താക്കി എന്ന വാർത്തയുടെ യാഥാർഥ്യം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •