ചിത്രത്തില്‍ പ്രചരിക്കുന്നത് കേരളത്തിലെ സര്‍ക്കാര്‍ സ്കൂളിന്‍റെ പരിതാപകരമായ അവസ്ഥ തന്നെയാണോ?

രാഷ്ട്രീയം

വിവരണം

“ഇതാണോ കമ്മികളെ കേരളം No1 എന്ന് പറയുന്നത്?

മോദി വിരോധം ഒന്ന് കൊണ്ട് മാത്രം കേന്ദ്ര പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന് വേണ്ടവിധം ഊന്നൽ കൊടുക്കാതെ നാടിനെ നശിപ്പിക്കുന്നു.? “

എന്ന തലക്കെട്ടില്‍ കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ കുറച്ച് സ്കൂള്‍ കുട്ടികള്‍ സ്കൂള്‍ യൂണിഫോം ധരിച്ച് വൃത്തിഹീനമായ ചുറ്റുപാടില്‍ പൊതുപൈപ്പില്‍ നിന്നും വെള്ളം കുടിക്കുന്നതായി കാണാന്‍ കഴിയും. ശാലിനി കെ. നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നത് പോസ്റ്റിന് ഇതുവരെ 23 ഷെയറുകളും 97ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ ചിത്രത്തിലുള്ളത് കേരളത്തിലെ സ്കൂള്‍ തന്നെയാണോ? കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെ യൂണിഫോം തന്നെയാണോ കുട്ടികള്‍ ധരിച്ചിരിക്കുന്നത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജില്‍ അപ്‌ലോഡ് ചെയ്ത് പരിശോധിച്ചപ്പോള്‍ റിസള്‍ട്ടില്‍ സ്കൂള്‍ ചലോ അഭിയാന്‍ എന്നയൊരു ഫെയ്‌സ്ബുക്ക് പേജില്‍ ഇതെ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത് രണ്ട് വര്‍ഷം മുന്‍പാണ്. അതായത് 2017 ഫെബ്രുവരി 14നാണ് ചിത്രം പേജില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രൈമറി സ്കൂളിന്‍റെ പരിതാപകരമായ അവസ്‌ഥ എന്നതാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന ഈ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. അതിന് അര്‍ധം ചിത്രം കേരളത്തില്‍ നിന്നും ഉള്ളതല്ലയെന്നതാണ്. മാത്രമല്ല കുട്ടികള്‍ വെള്ളം എടുക്കുന്നതിന് സമീപമുള്ള ചില ബോര്‍ഡുകളും കാണാന്‍ കഴിയും. അതിലെല്ലാം ഹിന്ദിയിലുള്ള ബോര്‍ഡ‍ുകളാണുള്ളത്. കൂടാതെ കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നും തന്നെ കാക്കി നിറത്തിലുള്ള യൂണിഫോമുകളില്ല എന്നും ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

Archived Link

നിഗമനം

ഫെയ്‌സ്ബുക്കില്‍ കേരളത്തിലെ സ്കൂളിലെ പരിതാപകരമായ അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്നക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ വളരെ നാളുകള്‍ക്ക് മുന്‍പ് തന്നെ ഉത്തര്‍പ്രദേശിലെ സ്കൂളാണെന്ന് തെളിയിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് വന്നിട്ടുള്ളതാണ്. കൂടാതെ കേരളത്തില്‍ ഇല്ലാത്ത കാക്കി യൂണിഫോമും ഹിന്ദി ബോര്‍ഡുകളും പ്രചരണം വ്യാജമാണെന്ന് തെളിയിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണമായി വ്യാജമാണെന്ന് തെളിഞ്ഞതായി അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ പ്രചരിക്കുന്നത് കേരളത്തിലെ സര്‍ക്കാര്‍ സ്കൂളിന്‍റെ പരിതാപകരമായ അവസ്ഥ തന്നെയാണോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •