കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണോ ചിത്രത്തിലുള്ളവര്‍?

സാമൂഹികം

വിവരണം

കളിയിക്കാവിളയിലെ ഭീകരാക്രമണ പ്രതികൾ….. മരിച്ചത് സബ് ഇൻസ്പെക്ടർ.. എന്ന തലക്കെട്ട് നല്‍കി ഒരു സിസിടിവി ക്യാമറ ദൃശ്യത്തിന്‍റെ സ്ക്രീന്‍ഷോട്ടുകളും ഒപ്പം രണ്ട് പേരുടെ ചിത്രങ്ങളും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തി കടന്നു കളഞ്ഞ തീവ്രവാദികളാണ് ഇവര്‍ എന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. കമ്മ്യൂണിസം ആന്‍ഡ‍് ഹ്യുമാനിസം ഈസ് ദ് ബെസ്റ്റ് ഇന്‍ ദ് വേള്‍ഡ് എന്ന പേജില്‍ നിന്നും ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ചിത്രങ്ങളില്‍ ഉള്ളവര്‍ തന്നെയാണോ കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന ശേഷം കടന്നു കളഞ്ഞ തീവ്രവാദികള്‍? സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളവരുടെ യഥാര്‍ഥ ചിത്രമാണോ പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മലയാളം, തമിഴ് മാധ്യമങ്ങള്‍ക്ക് പുറമെ ദേശീയ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് തമിഴ്‌‌നാട്-കേരള അതിര്‍ത്തിയില്‍ നടന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം. തമിഴ്‌നാട് പോലീസിലെ ഉദ്യോഗസ്ഥനെയാണ് ഡ്യൂട്ടിക്കിടയില്‍ രണ്ടംഗ സംഘം നിഷ്ഠൂരം വെടിവെച്ചു കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഇവര്‍ കേരളത്തിലേക്ക് കടന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ എന്ന് സംശിക്കുന്നവരെ തമിഴ്‌നാട് പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതകം ഉള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകളിലും തീവ്രവാദ കേസുകളിലും മുന്‍പ് പ്രതികളായ അബ്‌ദുള്‍ ഷമീം, തൗഫീക് എന്നിവരാണ് കൊലപാതകം നടത്തിയതെന്നും സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് സ്ഥിരീകരിച്ചു. ഒട്ടും വൈകാതെ തന്നെ തമിഴ്‌നാട് പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് കേരളത്തിലേക്കും പ്രചരിപ്പിച്ചു. കേരള പോലീസിന്‍റെ ഔധ്യോഗിക പേജുകളില്‍ ഒന്നായ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ കേരള  എന്ന പേജില്‍ പ്രതികളുടെ ചിത്രം ജനുവരി 9ന് തന്നെ പരസ്യപ്പെടുത്തുകയും ചെയ്തതായും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഫെയ്‌സ്ബുക്ക് പേജുകളിലും വാട്‌സാപ്പിലും പ്രചരിക്കുന്ന ചിത്രത്തിലുള്ളവരല്ല പോലീസ് പരസ്യപ്പെടുത്തിയിരിക്കുന്ന ചിത്രത്തിലുള്ളതെന്നതാണ് വാസ്‌തവം.

പോലീസ് പുറത്തിറക്കിയ ലുക്ക് ഔ്ട്ട് നോട്ടീസിലെ പ്രതികളുടെ ചിത്രം-

കളിയിക്കാവിള കൊലപാതകത്തില്‍ പ്രതികളെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം-

അപ്പോള്‍ പിന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ളവര്‍ യഥാര്‍ഥത്തില്‍ ആരാണ്? ഇതറിയാന്‍ ഞങ്ങള്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോഴാണ് റെഡിഫ് ന്യൂസ് വെബ്‌സൈറ്റില്‍ നിന്നും ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു വാര്‍ത്ത റിപ്പോര്‍ട്ടിന്‍റെ ലിങ്ക് ലഭിക്കുന്നത്. ലിങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് ചിത്രത്തിലുള്ളവര്‍ തെക്കേ ഇന്ത്യയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്ന് കരുതുന്ന രണ്ട് തീവ്രവാദികളാണെന്നും ഇവര്‍ അക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായും ഇന്‍റെലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നതാണ് വാര്‍ത്ത. ഈ ഭീകരരുടെ ചിത്രമാണ് കളിയിക്കാവിള കൊലപാതക കേസിലെ പ്രതികള്‍ എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

റെഡിഫ് ന്യൂസ് ലിങ്ക്-

ടൈംസ് ഓഫ് ഇന്ത്യാ വാര്‍ത്ത റിപ്പോര്‍ട്ട്-

State Police Media Centre Kerala FB PostRediff NewsTimes Of India Report
Archived LinkArchived LinkArchived Link

നിഗമനം

ഉത്തര്‍പ്രദേശിലേക്ക് തെക്കേ ഇന്ത്യയില്‍ നിന്നും കടന്നു എന്ന് കരുതപ്പെടുന്ന തീവ്രവാദികളുടെ ചിത്രം ഇന്‍റലിജന്‍സ് ബ്യൂറോ പുറത്ത് വിട്ടതാണ് കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വധിച്ച രണ്ടു പേരുടെ ചിത്രമാണെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. രണ്ടും തീവ്രവാദ ബന്ധമുള്ള കേസുകളാണെങ്കിലും രണ്ട് വ്യത്യസ്ഥ കേസുകളാണ് ഇവ. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണോ ചിത്രത്തിലുള്ളവര്‍?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •