വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ എക്‌സൈസ് പിടികൂടുമോ?

രാഷ്ട്രീയം

വിവരണം

ഇനി വീട്ടിൽ വൈൻ ഉണ്ടാക്കിയാൽ ജാമ്യമില്ലാതെ അകത്താകുമെന്ന കര്‍ശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എക്സൈസ് ഡിപ്പാർട്ട്മെന്റ്. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളും എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വിഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവർക്കും ഇത്തവണ പിടിവീഴും.

എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിവായി ഫെയ്‌സ്ബുക്കില്‍ ധാരളം വാര്‍ത്തകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. ക്രിസ്‌മസ് ദിനത്തോട് അടുക്കുമ്പോള്‍ ക്രൈസ്തവര്‍ വീടുകളില്‍ നിര്‍മ്മിക്കുന്നത് പതിവാണ്. എന്നാല്‍ എക്‌സൈസ് വകുപ്പ് ഇനി ഇതിന് അനുവദിക്കില്ലെന്നും വൈന്‍ വീടുകളില്‍ നിര്‍മ്മിച്ചാല്‍ പിടികൂടുമെന്നും സര്‍ക്കുലര്‍ ഇറക്കി എന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെ അവകാശവാദം.  വനിത എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിലും  ഇതെ കാര്യങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സാഹചര്യത്തിലാണ് എക്‌സൈസിന്‍റെ കര്‍ശന നടപടിയെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 68ല്‍ അധികം ഷെയറുകളും 77ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

വെബ്സൈറ്റിലെ വാര്‍ത്ത-

VanithaArchived Link

എന്നാല്‍ എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ വൈന്‍ വീട്ടില്‍ നിര്‍മ്മിക്കുന്നവരെ പിടികൂടുമെന്നും ഇനി വൈന്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള സര്‍ക്കുലറാണോ പുറപ്പെടുവിച്ചിരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വാര്‍ത്ത ഒരുപാട് വൈറലായതോടെ ക്രൈസ്‌തവ സമുദായത്തില്‍പ്പെട്ടവരെ ലക്ഷ്യം വെച്ചുള്ള സര്‍ക്കാരിന്‍റെ നടപടിയെന്ന പേരിലും ചില പ്രചരണങ്ങള്‍ നടന്നു വന്നിരുന്നു. ഈ സാഹചര്യത്തില്‍ എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ തന്നെ വിഷയത്തെ കുറിച്ച് വ്യക്തത വരുത്താന്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വാചകങ്ങള്‍ ഇപ്രകാരമാണ്-

ക്രിസ്തുമസ് ആഘോഷവേളകളിൽ വ്യാപകമായി അനധികൃത വൈൻ ഉല്പാദനവും വില്പനയും നടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇത്തരത്തിൽ അനധികൃതമായി വൈൻ നിർമിച്ച വില്പന നടത്തുന്നത് സമൂഹത്തിനു ഹിതകരമല്ല. ഇത് പല അനിഷ്ടസംഭവങ്ങൾക്കും കാരണമാകുകയും ചെയ്യാം. ഇതൊഴിവാക്കുന്നതിനാണ് ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച നൽകിയ പൊതുനിർദേശത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ സ്വകാര്യമായി വീട്ടിലെ ആഘോഷത്തിന് ആൽക്കഹോൾ കണ്ടന്റ് ഇല്ലാതെ വൈൻ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ല. എക്സൈസ് വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ പരിശോധിച്ചാൽ ഇത് ആർക്കും ബോധ്യപ്പെടുന്നതാണ്. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല.

പോസ്റ്റില്‍ വ്യക്തമായി തന്നെ അദ്ദേഹം വിശദീകരിക്കുന്നത് വീട്ടിലെ ആവശ്യങ്ങള്‍ക്കായി വൈന്‍ നിര്‍മ്മിക്കുന്നത് തടയാന്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. ആല്‍കഹോളിന്‍റെ അളവ് ഇല്ലാത്ത രീതിയില്‍ വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമാണെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടില്ല. സര്‍ക്കുലറിന്‍റെ പകര്‍പ്പും അദ്ദേഹം പോസ്റ്റിന് ഒപ്പം ചേര്‍ത്തിട്ടുണ്ട്. ആല്‍ക്കഹോള്‍ ചേര്‍ത്ത് ചിലര്‍ വലിയ തോതില്‍ വൈന്‍ നിര്‍മ്മിച്ച് അത് പരസ്യപ്പെടുത്തുകയും വില്‍ക്കുകയും ചെയ്യുന്നത് വ്യാപകമായതോടെ ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ മാത്രമാണ് നിര്‍ദേശമെന്നും മന്ത്രി വ്യക്തമാക്കിയിട്ടപണ്ട്. 

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം-

Archived Link

എക്‌സൈസ് സ്പെഷ്യല്‍ ഡ്രൈവ് സംബന്ധിച്ച സര്‍ക്കുലറിന്‍റെ പ്രസക്തഭാഗം-

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹവും വാര്‍ത്തയെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്.

സര്‍ക്കുലറില്‍ പരസ്യം നല്‍കി വിപണനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും ഇത് വളച്ചൊടിക്കും വിധമാണ് വാര്‍ത്തകള്‍ പ്രചരിച്ചതും. (പി.എം.ഫിറോസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി)

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍-

മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ ക്രിസ്‌മസ്-ന്യൂ ഇയര്‍ സെപ്ഷ്യല്‍ ഡ്രൈവകളുടെ ഭാഗമായി സര്‍ക്കുലര്‍ പുറത്തിറക്കിയരുന്നു. പ്രധാനമായും ആല്‍ക്കഹോള്‍ അടങ്ങിയ വൈന്‍ വിപണനം ചെയ്യുന്നവരെ പിടികൂടുകയെന്നതാണ് സര്‍ക്കലുറില്‍ വിശദീകരിക്കുന്ന നിര്‍ദേശം. നിയമ വിരുദ്ധ പ്രവര്‍ത്തനമായതുകൊണ്ടാണ് ഇത്തരക്കാരെ പിടികൂടുന്നത്. നിശ്ചിത അളവില്‍ വീടുകളില്‍ അവരുടെ മാത്രം ആവശ്യങ്ങള്‍ക്കായി വൈന്‍ നിര്‍മ്മിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാറില്ല. (എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍)

നിഗമനം

വനിത എന്ന പേജില്‍ വൈന്‍ വലിയ തോതില്‍ നിര്‍മ്മിച്ച് വിപണനം നടത്തുന്നവരെ പിടികൂടാന്‍ എക്‌സൈസ് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്നത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സാധാരണയായി വീട്ടില്‍ വൈന്‍ നിര്‍മ്മിക്കുന്നവരെ പിടികൂടി റിമാന്‍ഡ് ചെയ്യുമെന്നത് വസ്‌തുത വിരുദ്ധമാണെന്ന് വകുപ്പ് മന്ത്രിയും എക്‌സൈസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയ സാഹചര്യത്തില്‍ പോസ്റ്റിലെ വിവരങ്ങള്‍ ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.

Avatar

Title:വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ എക്‌സൈസ് പിടികൂടുമോ?

Fact Check By: Dewin Carlos 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •