കുത്തിത്തിരിപ്പ് സമരം എന്ന തലക്കെട്ട് നല്‍കി ഈ ദിനപത്രം ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

സാമൂഹികം

വിവരണം

കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു സമരത്തിന്‍റെ പേരിലെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ട്രോളുകളുമാണ് കഴിഞ്ഞ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ഈ സമരം നടക്കുന്നതിനെ കുറിച്ച് ഒരു ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രം ഉപയോഗിച്ചും ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പത്രത്തില്‍ അച്ചടിച്ച് വന്ന തലക്കെട്ട് തെറ്റിയെന്ന പേരില്‍ കോണ്‍ഗ്രസിനെ ആക്ഷേപഹാസ്യ രൂപണ വിമര്‍ശിക്കുന്ന ചില പോസ്റ്റുകളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് കോണ്‍ഗ്രസ് കുത്തിത്തിരിപ്പ് സമരം നാളെ’ എന്ന പത്രവാര്‍ത്ത തലക്കെട്ട്. ഇങ്ങനെയൊരു തലക്കെട്ട് നല്‍കിയാണ് പത്രത്തില്‍ വാര്‍ത്ത അച്ചടിച്ച് വന്നതെന്ന പേരിലാണ് പലരും ഇത് പ്രചരിപ്പിച്ചിരിക്കുന്നത്. ഗോപകുമാര്‍.ടി എന്ന വ്യക്തിയുടെ പ്രഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പത്ര വാര്‍ത്തയുടെ ചിത്രത്തിന് ഇതുവരെ 300ല്‍ അധികം റിയാക്ഷനുകളും 36ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്-

FB PostArchived Link

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനെ കുറിച്ചുള്ള വാര്‍ത്തയുടെ തലക്കെട്ടില്‍ ഇത്തരമൊരു തെറ്റ് സംഭവിച്ചിട്ടുണ്ട്? അങ്ങനെയെങ്കില്‍ ഇത്തരത്തിലൊരു വാര്‍ത്ത അച്ചടിച്ചു വന്ന പത്രമേതാണ്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ പത്രം ഏതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തില്‍ ഡേറ്റ് ലൈന്‍ നല്‍കിയിരിക്കുന്ന രീതിയും ഫോണ്ടും തിരിച്ചറിഞ്ഞ് ഇത് മലയാള മനോരമ പത്രമാണെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. തൊടുപുഴ ഡേറ്റ് ലൈന്‍ നല്‍കിയ വാര്‍ത്തയായത് കൊണ്ട് തന്നെ ഇടുക്കി ജില്ലയിലെ മലയാള മനോരമ ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു.മനോരമ പത്രത്തില്‍ അച്ചടിച്ചു വന്ന വാര്‍ത്ത ഉപയോഗിച്ചാണ് ചിലര്‍ വ്യാജ പ്രചരണം നടത്തുന്നതെന്നത് ഇതില്‍ നിന്നും വ്യക്തമായി. എന്നാല്‍ വാര്‍ത്ത അച്ചടിച്ചു വന്നതില്‍ തെറ്റില്ലായിരുന്നു എന്നും ഏതോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ‘യി’ എന്ന അക്ഷരം മാറ്റി ‘തി’ ചേര്‍ത്തതാണെന്നും മനോരമ അധികൃതര്‍ വിശദീകരിച്ചു. തൊടുപുഴ ഡേറ്റ്‌ലൈനില്‍ അച്ചടിച്ചുവന്ന എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ പത്രവാര്‍ത്തയുടെ ചിത്രവും ഞങ്ങള്‍ക്ക് ലഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘കുത്തിയിരിപ്പ്’ സമരത്തെ കുറിച്ചുള്ളതാണ് യഥാര്‍ത്ഥ വാര്‍ത്ത.

മലയാള മനോരമ പത്രത്തില്‍ അച്ചടിച്ചു വന്ന യഥാര്‍ത്ഥ വാര്‍ത്തയുടെ തലക്കെട്ടും എഡിറ്റ് ചെയ്ത ചിത്രവും-

നിഗമനം

മലയാള മനോരമ പത്രത്തില്‍ തെറ്റായ തലക്കെട്ട് നല്‍കി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത് കൊണ്ടും പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:കുത്തിത്തിരിപ്പ് സമരം എന്ന തലക്കെട്ട് നല്‍കി ഈ ദിനപത്രം ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •