
ഉത്തർപ്രദേശില്‍ നിന്നും മുസ്ലിം ആരാധനാലയം പൊളിച്ച് നീക്കുന്ന വീഡിയോ വൈറല്‍ ആകുന്നുണ്ട്.
പ്രചരണം
മസ്ജിദിന് മുകളിൽ പാകിസ്ഥാൻ ദേശീയ പതാക ഉയർത്തിയതിന്റെ പേരില്‍ പള്ളി പൊളിച്ച് നീക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടുവെന്ന അവകാശവാദവുമായി ഒരു മസ്ജിദ് പൊളിക്കുന്ന വീഡിയോ കാണിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ബുള്‍ഡോസര്‍ ഉപയോഗിച്ച് പള്ളി പൊളിക്കുന്നതും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി ആളുകള്‍ രംഗം വീക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: പാകിസ്ഥാൻ പതാക ഉയർത്തിയ പള്ളി പൊളിച്ചു കളഞ്ഞ ഇരട്ടചങ്കൻ അങ്ങ് യുപിയിൽ.കേരളത്തിലെ പരട്ടചങ്കൻ ആയിരുന്നെങ്കിലോ?”
എന്നാല്‍ പള്ളി പൊളിച്ചു നീക്കുന്നത് പാകിസ്ഥാന് പതാക ഉയര്‍ത്തിയതിനല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ സംഭവവുമായി ബന്ധപ്പെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ കഴിഞ്ഞ ആഴ്ച ദൈനിക് ഭാസ്കറിൽ വാര്‍ത്ത റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണ്ടെത്തി.

അലഹബാദിലെ ഹാൻഡിയയിൽ (പ്രയാഗ്രാജ്) ജിടി (ഗ്രാന്റ് ട്രങ്ക്) റോഡ് വീതി കൂട്ടുന്നതിനായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഷാഹി മസ്ജിദ് പൊളിച്ചു നീക്കുന്ന ദൃശ്യങ്ങളാണിത്.
പ്രയാഗ്രാജിലെ ഹാൻഡിയ തഹ്സിലിന് കീഴിലുള്ള സൈദാബാദ് മാർക്കറ്റിലെ ഷാഹി മസ്ജിദ് കർശനമായ അഡ്മിനിസ്ട്രേറ്റീവ് സെക്യൂരിറ്റി ഫോഴ്സിന്റെയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പൊളിച്ച് നീക്കി എന്നാണ് റിപ്പോർട്ട്. ഷേർഷാ സൂരിയുടെ ഭരണകാലത്താണ് മസ്ജിദ് നിർമ്മിച്ചത്. പ്രയാഗ്രാജ് മുതൽ ഹാൽദിയ വരെയുള്ള ജിടി റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വീതികൂട്ടി വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പ്രകാരം ഷാഹി മസ്ജിദ് കമ്മിറ്റിക്ക് അധികൃതർ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. റിട്ട് ഹർജിയുമായി നാട്ടുകാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. അതിനിടെ, ഭരണകൂടം മസ്ജിദ് മസ്ജിദ് പൊളിച്ച് നീക്കി. എന്നാൽ പാകിസ്ഥാൻ പതാക ഉയർത്തിയതിനെക്കുറിച്ച് റിപ്പോർട്ടിൽ ഒരിടത്തും പരാമർശമില്ല.
കൂടുതല്‍ വ്യക്തതയ്ക്കായി സമീപിച്ചപ്പോള്‍ ഹാൻഡിയ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ധർമേന്ദ്ര ദൂബെ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “ഈ മുസ്ലിം പള്ളി പൊളിച്ച സംഭവത്തിന് യാതൊരു വിധത്തിലുമുള്ള സാമുദായിക തലങ്ങളില്ല. ഇവിടെ GT റോഡ് നാലുവരി പാതയാക്കുകയാണ്. അതിനു വേണ്ടി വിവിധ മതങ്ങളുടെ ആരാധനനാലയങ്ങൾ അടക്കം പല കെട്ടിടങ്ങളും PWD വകുപ്പ് പൊളിച്ചു മാറ്റി. ഹിന്ദു ക്ഷേത്രങ്ങളും പൊളിച്ചുമാറ്റിയവയിൽ പെടും. കൂടാതെ നാനാജാതി മതസ്ഥർ നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ നീക്കിയിട്ടുണ്ട്. പൊളിച്ച് നീക്കിയ മുസ്ലിം പള്ളിയിൽ പാകിസ്ഥാൻ പതാക ഉയർത്തിയിരുന്നു എന്നുള്ളത് പൂർണ്ണമായും തെറ്റായ പ്രചരണമാണ്.”
പ്രാദേശിക ചാനല്‍ നല്കിയ യുട്യൂബ് വാര്‍ത്ത:
2022 ഓഗസ്റ്റ് 24 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം അലഹബാദ് ഹൈക്കോടതി പള്ളി പൊളിക്കുന്നതിനെതിരെ നല്കിയ റിട്ട് ഹർജി തള്ളുകയും സർക്കാർ റിപ്പോർട്ട് പ്രകാരം സർക്കാർ ഭൂമി കയ്യേറിയാണ് പള്ളി നിർമ്മിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുമുമ്പ് മസ്ജിദ് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്റസാമിയ കമ്മിറ്റി റിട്ട് ഹർജി നൽകിയിരുന്നു. ഭൂമിയുടെ പട്ടയം പ്രാദേശിക സിവിൽ കോടതിക്ക് തീരുമാനിക്കാമെന്നും കോടതി നിർദേശിച്ചു.
പാകിസ്ഥാന് പതാക പ്രസ്തുത മസ്ജിദില്‍ കാണുന്ന പതാകയുമായി വ്യത്യാസമുള്ളതാണ്. പാക് ദേശീയ പതാകയിലെ വെളുത്ത ഭാഗം വീഡിയോയിലെ പതാകയില്‍ കാണാനില്ല.

ഇത്തരം പതാകകൾ പൊതുവെ ഇസ്ലാമിക സ്ഥാപനങ്ങളിൽ ഉപയോഗിക്കാറുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രയാഗ്രാജില് മസ്ജിദ് പൊളിച്ച് നീക്കിയത് GT റോഡ് വീതികൂട്ടി നാലുവരി പാതയാക്കുന്നതിന്റെ ഭാഗമായാണ്. അല്ലാതെ പോസ്റ്റിലെ വിവരണത്തില്‍ ആരോപിക്കുന്നത് പോലെ പാകിസ്ഥാന് പതാക ഉയര്‍ത്തിയതിനല്ല…
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:പ്രയാഗ്രാജിലെ മസ്ജിദ് പൊളിച്ച് നീക്കിയത് പാകിസ്ഥാൻ പതാക ഉയർത്തിയതിനല്ല… സത്യമിങ്ങനെ…
Fact Check By: Vasuki SResult: False
