ബാബറി മസ്‌ജിദ് പൊളിച്ച് അയോധ്യ വിഷയം പരിഹരിക്കണമെന്ന് ഇഎംഎസ് പ്രസ്‌താവന നടത്തിയിട്ടുണ്ടോ? വസ്‌തുത എന്ത്?

രാഷ്ട്രീയം | Politics

വിവരണം

ബാബറി മസ്‌ജിദ് പൊളിച്ച് മാറ്റി പ്രശ്നം പരിഹരിക്കണമെന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് മുന്‍പ് പ്രസ്‌താവന നടത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം. 1987 ജനുവരി 14ന് മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ കട്ടിങ് സഹിതമാണ് പല ഫെയ്‌സ്ബുക്ക് പേജുകളും, ഗ്രൂപ്പുകളും പോസ്റ്റ് പ്രചരിപ്പിക്കുന്നത്. പോരാളി വാസു  എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 164ല്‍ അധികം ഷെയറുകളും 504ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഇഎംഎസിന്‍റെ സ്വപ്‌നം പൂവണിഞ്ഞു, എല്ലാ കമ്മികളും നീട്ടിവിളിച്ചോ ഇഎംഎസ് ഒരു സംഘിയായിരുന്നു എന്ന തലക്കെട്ട് നല്‍കിയാണ് ഈ പോസ്റ്റ് പോരാളി വാസു എന്ന പേജില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

Archived Link

എന്നാല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് ബാബറി മസ്‌ജിദ് പൊളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണോ? അദ്ദേഹം 1987ല്‍ ഇത്തരത്തില്‍ ഒരു പരസ്യ പ്രസ്‌താവന നടത്തിയിട്ടുണ്ടോ? പ്രചരിക്കുന്ന പത്രവാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഇഎംഎസിന്‍റെ പ്രസ്‌താവന എന്ന പേരില്‍ പ്രചരിക്കുന്നത് മാതൃഭൂമിയില്‍ വന്ന വാര്‍ത്തകുറിപ്പ് തന്നെയാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് തെറ്റായതും ഇഎംഎസിന്‍റെ പേരില്‍ വ്യാജമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്ത വാര്‍ത്തയാണെന്ന വസ്‌തുത മനോരമ ന്യൂസിന്‍റെ ചാനല്‍ ചര്‍ച്ചയിലൂടെയാണ് പലരും തിരിച്ചറിഞ്ഞത്. ഇഎംഎസിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന വസ്‌തുതയിലേക്ക് എത്തപ്പെട്ട സംഭവം ഇങ്ങനെയാണ്-

ബാബറി മസ്‌ജിദ്-രാമക്ഷേത്ര വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നതിനെ കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളും നിലപാടുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നു. സമാധനപരമായി വിധിയെ സ്വീകരിക്കുന്നതിനൊപ്പം തന്നെ ബാബറി മസ്‌ജിദ് തകര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. ഇതെ തുടര്‍ന്ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ബാബറി മസ്‌ജിദ് പൊളിച്ച് പ്രശ്ന പരിഹാരം കാണണമെന്നായിരുന്നു ഇഎംഎസിന്‍റെ അഭിപ്രായമെന്നും ഇതു തന്നെയാണ് സിപിഎമ്മിന്‍റെ നിലപാടെന്നും മുസ്‌ലിം ലീഗ് നേതാവ് അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന മനോരമ ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ചര്‍ച്ച നയിക്കുകയും ചെയ്ത ഷാനി പ്രഭാകരന്‍ മറുചോദ്യം ചോദിച്ചു. അതിനുത്തരമായി രണ്ടത്താണി പറഞ്ഞതും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന മാതൃഭൂമിയുടെ പഴയ അതെ വാര്‍ത്ത കുറിപ്പിനെ കുറിച്ചായിരുന്നു. എന്നാല്‍ ഇത് വസ്‌തുത വിരുദ്ധമാണെന്നും മാതൃഭൂമി പത്രത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത തെറ്റ്ദ്ധരിപ്പിക്കുന്ന വാര്‍ത്തയാണെന്നും ഷാനി വിശദീകരിക്കുന്നു. ഇതിന് ആധാരമായി ഇഎംഎസിന്‍റെ അന്നത്തെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം വായിച്ച് കേള്‍പ്പിക്കുകയും ചെയ്യുന്നു. ദേശാഭിമാനി ദിനപത്രത്തില്‍ 1987 ജനുവരി 15ന് വന്ന ഇഎംഎസിന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപമാണ് ഷാനി ചര്‍ച്ചയ്ക്കിടയില്‍ വായിക്കുന്നത്. ഇതിലെവിടെയും ഇഎംഎസ് ബാബറി മസ്ജിദ് പൊളിച്ച് പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞിട്ടില്ല. 1987ലെ മാതൃഭൂമിയുടെ വാര്‍ത്ത അയോധ്യ വിധിയുടെ അന്തിമ തീരുമാനം വന്നതോടെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ദേശാഭിമാനി വീണ്ടും അന്നത്തെ ഇഎംഎസിന്‍രെ മറുപടി പ്രസംഗം സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചു. ദേശാഭിമാനിയുടെ വാര്‍ത്ത കട്ടിങ് സഹിതം വിശദീകരണം അതെ പടി വീണ്ടും പകര്‍ത്തിയാണ് ദേശാഭിമാനി ഓണ്‍ലൈനിലും വാര്‍ത്ത നല്‍കിയിരിക്കുന്നത്. കൂടാതെ 1987ല്‍ മറ്റൊരു ദിനപത്രവും ഇഎംഎസ് അയോധ്യ വിഷയത്തില്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞു.

ഷാനി പ്രഭാകരന്‍ വ്യാജ പ്രചരണത്തെ കുറിച്ച് വിശദീകരിക്കുന്ന പ്രസക്‌ത ഭാഗങ്ങള്‍ (വീഡിയോ)-

1987ലെ വാര്‍ത്തകള്‍-

വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ദേശാഭിമാനി ഓണ്‍ലൈനില്‍ നല്‍കിയ ഇഎംഎസിന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം-

ഇഎംഎസ് പറയാത്തത്-

ഇഎംഎസ് യഥാര്‍ത്ഥത്തില്‍ പറഞ്ഞത്-

Archived Link

നിഗമനം

1987ല്‍ തന്നെ വ്യാജവാര്‍ത്തയെന്ന് തെളിയിക്കപ്പെട്ട മാതൃഭൂമിയുടെ റിപ്പോര്‍ട്ട് വീണ്ടും അയോധ്യ വിധിയുടെ സാഹചര്യത്തില്‍ തെറ്റ്ദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. താന്‍ നടത്തിയ പ്രസംഗത്തില്‍ എവിടെയും പറഞ്ഞിട്ടില്ലാത്ത വരികള്‍ തന്‍റെ പേരില്‍ മാതൃഭൂമി പ്രചരിപ്പിച്ചു എന്നത് ഇഎംഎസ് വ്യക്തമാക്കിയ വസ്തുതയാണ്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലെ പ്രചരണം പൂര്‍ണമായും വസ്‌തുത വിരുദ്ധമാണെന്ന് തന്നെ അനുമാനിക്കാം.

അപഡേറ്റ് (06-08-2020)

ബാബറി മസ്‌ജിദ് പൊളിച്ച് നീക്കി തര്‍ക്കം പരിഹരിക്കണമെന്ന് ഇഎംഎസ് പറഞ്ഞു എന്ന പേരില്‍ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന വിശദമായി തന്നെ പ്രസിദ്ധീകരിച്ചിരുന്നു. യഥാര്‍ത്ഥ പത്രം ദേശാഭിമാനി കൊച്ചി ബ്യൂറോയില്‍ നിന്നും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അന്നത്തെ പത്ര വാര്‍ത്തയും ചുവടെ ചേര്‍ക്കുന്നു-

Avatar

Title:ബാബറി മസ്‌ജിദ് പൊളിച്ച് അയോധ്യ വിഷയം പരിഹരിക്കണമെന്ന് ഇഎംഎസ് പ്രസ്‌താവന നടത്തിയിട്ടുണ്ടോ? വസ്‌തുത എന്ത്?

Fact Check By: Dewin Carlos 

Result: False