നവജോത് സിദ്ധുവിനെ യുവതി പൊതുവേദിയിൽ ചെരിപ്പൂരി അടിച്ചോ..?

രാഷ്ട്രീയം

വിവരണം

സുജീഷ് അച്ചു കളരിക്കൽ സുജി എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 15  മുതൽ “സിദ്ദുവിനെ പൊതുജനം ചെരുപ്പുകൊണ്ട് തലോടി സ്വാഗതം ചെയ്യുന്നു ബലേ ഭേഷ്” എന്ന അടിക്കുറിപ്പുമായി ഒരു ചിത്രം  പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് ഇതുവരെ 1300  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. മുൻ ക്രിക്കറ്റ് താരവും ഇപ്പോൾ കോൺഗ്രസ്സ് ടിക്കറ്റിൽ പഞ്ചാബ് നിയമസഭയിൽ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രിയുമായ സിദ്ധുവിനെ വേദിയിൽ ഒരു സ്ത്രീ ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്.

archived link FB post

ഇത് യഥാർത്ഥത്തിൽ നടന്നതാണോ..? സിദ്ദുവിന് വേദിയിൽ സ്ത്രീയുടെ പക്കൽ നിന്നും ചെരിപ്പുകൊണ്ട് അടി കിട്ടിയോ..? സിദ്ദുവിനെ പൊതുവേദിയിൽ അടിക്കാൻ ധൈര്യപ്പെട്ട ആ സ്ത്രീ ആരാണ്..? എന്തിനാണ് അവർ സിദ്ധുവിനോട് ഇത്തരത്തിൽ പ്രതികരിച്ചത്..? നമുക്ക് ഈ സംശയങ്ങൾക്ക് മറുപടി തേടാം..

വസ്തുതാ പരിശോധന

ഈ ചിത്രം google reverse image ഉപയോഗിച്ച് പരിശോധിച്ചപ്പോൾ തന്നെ  ഞങ്ങൾക്ക് ലഭിച്ച ഫലങ്ങളുടെ സ്ക്രീൻഷോട്ട് താഴെ നൽകുന്നു.

വായനക്കാർ സ്ക്രീൻഷോട്ടിൽ കണ്ടതുപോലെ സിദ്ധുവിന്റെയും ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെയും ചിത്രങ്ങൾ രണ്ടും വേറെവേറെയാണ്. അതായത് ഇതൊരു ഫോട്ടോഷോപ്പ് ചിതമാണെന്നു വ്യക്തം.

ട്വിറ്ററിൽ ഒരു ട്വീറ്റിനു മറുപടിയായി ഇതേ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

archived link Twitter

ആദ്യം നമുക്ക് സിദ്ധുവിന്റെ ചിത്രം നോക്കാം.

ഈ ചിത്രത്തിൽ ഫോട്ടോഷോപ്പ് ചെയ്തു സ്ത്രീയുടേത് ചേർത്തു പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ ചിത്രം ബീഹാറിലെ കട്ടിഹാർ ജില്ലയിൽ സിദ്ധു നടത്തിയ വിവാദ പ്രസംഗത്തിൻ്റെ വാർത്തയോടൊപ്പം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രമാണ്. വാർത്ത ഇതാണ്:

ബീഹാറിലെ കട്ടിഹാറിൽ ആസാദുദ്ദിൻ ഒവൈസിയുടെ കെണിയിൽ വീഴരുതെന്ന് മുസ്ലീങ്ങളെ താക്കീതു ചെയ്തതിന് നവ്‌ജ്യോത് സിങ് സിദ്ധുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുസ്‌ലിം സമുദായത്തെ   വോട്ടിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം.ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 123  (3) റെപ്രസന്റേഷൻ ഓഫ് പീപ്പിൾ ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു എന്നു മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ എച്ച് ആർ ശ്രീനിവാസ് പിടിഐ യോട് പറഞ്ഞതായി First Post എന്ന വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019  ഏപ്രിൽ 16  നാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

archived link
firstpost

ഇതേ ചിത്രവുമായി .prabhat khabar എന്ന വാർത്താ മാധ്യമം  സൈനികരെ രക്തസാക്ഷികളാക്കി ഭരണം  നടത്താൻ ശ്രമിക്കുകയാണ് ബിജെപി എന്ന തലക്കെട്ടിൽ ഒരു വാർത്ത 2019 ഏപ്രിൽ 15  ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link
prabhatkhabar

ഇനി നമുക്ക് ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുന്ന സ്ത്രീ ആരാണെന്നു നോക്കാം.

ഗൂഗിളിൽ ഇവരുമായി ബന്ധപ്പെട്ട ഒരു വാർത്ത ഞങ്ങൾക്ക് ലഭ്യമായി.

archived link
naidunia jagran

മധ്യപ്രദേശിൽ നിന്നുമുള്ള naidunia.jagran എന്ന മാധ്യമം 2017 മെയ് 9 നാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. റൈസൺ ജില്ലയിലെ ഗൗഹർഗഞ്ജ് താലൂക്കിൽപ്പെട്ട ഇമിലിയോഗന്ധി എന്ന ഗ്രാമത്തിൽ നടന്ന ഒരു സംഭവമായാണ് വാർത്ത വന്നിരിക്കുന്നത്. ഭാര്യ ഭർത്താവിനെ അയാളുടെ രണ്ടാം വിവാഹപ്പന്തലിലെത്തി ചെരിപ്പുകൊണ്ട് അടിച്ചു എന്നാണ്  വാർത്ത.ഗുന്നു എന്നറിയപ്പെടുന്ന  തേജസിങ് കീറ്റ , സോനു എന്ന സ്ത്രീയെ വിവാഹം കഴിച്ച്  10 വർഷങ്ങൾക്ക് ശേഷം രണ്ടാം വിവാഹം കഴിക്കാനെത്തിയതാണ് എന്നാണു ഭാര്യ സോനു ആരോപിച്ചത്. ഇത് സംബന്ധിച്ച് സോനു ഭോപ്പാൽ കൊത്തവാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും പോലീസ് ഉദ്യോഗസ്ഥർ പരാതി അവഗണിച്ചുവെന്നും വാർത്തയിൽ വിശദീകരിക്കുന്നു. രണ്ടാം വിവാഹത്തെപ്പറ്റി മനസ്സിലാക്കിയ സോനു ബന്ധുക്കളെയും കൂട്ടി വിവാഹ പന്തലിലെത്തിയപ്പോൾ ഭർത്താവ് നവവധുവുമൊത്തു നിൽക്കുന്ന കാഴ്ച കണ്ട് നിയന്ത്രണം വിട്ട് അയാളെ ചെരുപ്പൂരി അടിക്കുകയായിരുന്നുവത്രെ.

ഇതേ വാർത്ത മറ്റൊരു മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ  ലിങ്ക്  താഴെ കൊടുത്തിരിക്കുന്നു.

archived link
visheshsamachar

ഇതുകൂടാതെ 2018 ഒക്ടോബർ 7 നു UP police news എന്ന വാർത്താ മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ പ്രതീകാത്മക ചിത്രമായി ഇതേ ചിത്രം തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഐപിഎസ് ഓഫീസറുടെ ഭാര്യ തന്നെ ശല്യപ്പെടുത്താൻ ശ്രമിച്ച ബിജെപി നേതാവിനെ ചെരുപ്പുകൊണ്ട് അടിച്ചു. ഉത്തരാഘണ്ഡിലെ രുദ്രാപ്പൂരിൽ ഒരു ജിംനേഷ്യത്തിൽ വച്ചാണ് സംഭവം.

archived link
policenewsup

അവർ തന്നെ 2019  ഏപ്രിൽ 26  നു പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. മീററ്റിലെ ഒരു കോടതി മുറിയിൽ ഒരു യുവതി യുവാവിനെ തലങ്ങും വിലങ്ങും തല്ലി എന്നതാണ് വാർത്ത. അഞ്ചു വർഷം  മുമ്പ് പ്രണയം നടിച്ചു വലയിലാക്കിയ യുവാവ് തന്നെ ജാതിയും മതവും മറച്ചുവച്ചു പറ്റിക്കുകയായിരുന്നു എന്ന് യുവതി ആരോപിച്ചതായി വാർത്തയിൽ പറയുന്നു.

archived link
policenewsup

ഞങ്ങളുടെ പരിശോധനയിൽ നിന്നും വ്യക്തമായത്  മുകളിൽ നൽകിയിരിക്കുന്ന രണ്ടു ചിത്രങ്ങളും എഡിറ്റ് ചെയ്ത് യോജിപ്പിച്ച് വ്യാജ പ്രചാരണത്തിനു ഉപയോഗിക്കുകയായിരുന്നു എന്നാണ്.

നിഗമനം

ഇത് തീർത്തും വ്യാജമായ ചിത്രമാണ്. നവജോത് സിങ് സിദ്ധു വേദിയിൽ പ്രസംഗിക്കുന്ന ചിത്രത്തിൽ ഒരു സ്ത്രീ ചെരിപ്പ് കൊണ്ട് അടിക്കുന്ന ചിത്രം ഫോട്ടോഷോപ്പിലൂടെ യോജിപ്പിച്ചെടുത്ത് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രചരണ വഞ്ചനകളിൽ പെടാതെ നോക്കാൻ പ്രീയ വായനക്കാർ ശ്രദ്ധിക്കുമല്ലോ…

Avatar

Title:നവജോത് സിദ്ധുവിനെ യുവതി പൊതുവേദിയിൽ ചെരിപ്പൂരി അടിച്ചോ..?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •