‘ആർഎസ്എസ് ബിജെപി നേതാക്കളുടെ അപകട മരണങ്ങൾ.. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി’ എന്ന വാർത്ത സത്യമോ…?

രാഷ്ട്രീയം

വിവരണം 

Karshaka Morcha Chunakkara‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NARENDRA MODI (Prime Minister of India)  എന്ന ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബർ 6 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “RSS – BJP നേതാക്കളുടെ അപകട മരണങ്ങള്‍ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച ജന നായകന്‍ ശ്രീ.K.സുരേന്ദ്രന്‍ജിക്ക് ഒരായിരം അഭിവാദ്യങ്ങള്‍ .” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: ആർഎസ്എസ് ബിജെപി നേതാക്കളുടെ അപകട മരണങ്ങൾ.. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. 

archived linkFB post

പോസ്റ്റിന് പ്രതികരണങ്ങളും ഷെയറുകളും അതിവേഗം ലഭിക്കുന്നുണ്ട്. ഒരു പെൺകുട്ടിയുടെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. 

ആർഎസ്എസ് ബിജെപി നേതാക്കളുടെ രഹസ്യ മരണങ്ങൾ കേന്ദ്ര ഇന്‍റലിജൻസ് ഏജൻസി അന്വേഷണം തുടങ്ങി എന്നതാണ് വാർത്ത. ബിജെപി നേതാവായ കെ സുരേന്ദ്രനാണ് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചത് എന്നും പോസ്റ്റിൽ പറയുന്നു. നമുക്ക് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ വസ്തുത അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

ഈ വാർത്തയുടെ സ്രോതസ്സ് പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ  പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ വിശദാംശങ്ങളറിയാൻ ഞങ്ങൾ വാർത്തയുടെ വിവിധ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. എന്നാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ ഒരു സൂചന പോലും കണ്ടു കിട്ടിയില്ല. എന്നാൽ 2017  ഓഗസ്റ്റ് 2 ന് മലയാള മനോരമ പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. അതിൽ ” കേരളത്തിൽ നടക്കുന്ന ആക്രമങ്ങള്‍ എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി” എന്ന തലക്കെട്ടിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived linkmanoramanews
archived linkazhimukham
archived linkmathrubhumi

ബിജെപി അംഗങ്ങളായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരാണ് ലോക്സഭയിൽ പ്രസ്താവന നടത്തിയത് എന്ന് വാർത്തയിൽ വിവരിക്കുന്നു. ഇതേപ്പറ്റി മറ്റു മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്. ബിജെപി നേതാക്കൾ പൊതുവായി ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു എന്നാണ്  വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പോസ്റ്റിൽ വാദഗതി ഉന്നയിക്കുന്നത് പോലെ കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് കെ സുരേന്ദ്രനാണ് എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് എന്ന് ഒരു വാർത്തകളിലും പരാമർശമില്ല. അതിനാൽ ഈ വാദം തെറ്റാണെന്ന് ഉറപ്പിക്കാം.

സമാന വിഷയത്തില്‍ 2019 ല്‍ പുറത്തു വന്ന വാര്‍ത്ത താഴെ കൊടുക്കുന്നു 

കേരളത്തില്‍ കുമ്മനം രാജശേഖരനടക്കം നാലു നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷാ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു എന്നൊരു വാര്‍ത്ത മലയാള മനോരമ 2017 ജനുവരി 17 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived link

എന്നാല്‍ മുകളിലെ വാര്‍ത്തയ്ക്ക് പോസ്റ്റില്‍ നല്കിയിരിക്കുന്ന വാര്‍ത്തയുമായി യാതൊരു ബന്ധവും ഇല്ല. 

എൻഐഎ കേസിന്‍റെ അന്വേഷണം ആരംഭിച്ചോ എന്നറിയാനായി ഞങ്ങളുടെ പ്രതിനിധി കൊച്ചിയിലെ എൻഐഎ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. “ഞങ്ങൾക്ക് ഇതേപ്പറ്റി ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര ഓഫീസിൽ നിന്നുമാണ് നിർദേശം എത്തേണ്ടത്. ഇങ്ങനെ പോസ്റ്റുകൾ വരുന്നതിനെ പറ്റി അറിയില്ല. എന്നാൽ ഇന്നത്തെ തിയതിവരെ  ബിജെപി ആർഎസ്എസ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന കാര്യത്തെപ്പറ്റി യാതൊരു അറിയിപ്പുകളും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല“. 

ഇതാണ് ഞങ്ങളുടെ പ്രതിനിധിയോട് അവിടെ നിന്നും ഉദ്യോഗസ്ഥർ നൽകിയ മറുപടി. ഇതിൽ നിന്നും ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രധാന അവകാശവാദം തെറ്റാണെന്ന്  ഉറപ്പിക്കാം. എൻഐഎ അവരുടെ പ്രധാന കേസുകളുടെ വിവരങ്ങളും മറ്റ് അറിയിപ്പുകളും വാർത്താ കുറിപ്പുകളായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക പതിവുണ്ട്. അതിലും ഇത് സംബന്ധിച്ച വിവരങ്ങൾ കാണാനില്ല.

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം 2016  സെപ്റ്റംബർ 20 നു കൊല്ലത്ത് കാറിടിച്ചു മരിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലർ കോകിലയുടേതാണ്. ഇതേപ്പറ്റി വൺഇന്ത്യ എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.  

പോസ്റ്റിൽ നൽകിയിരിക്കുന്ന രണ്ട് അവകാശവാദങ്ങളും തെറ്റാണ്. ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങളെ പറ്റി   എൻഐഎ അന്വേഷണം ആരംഭിച്ചിട്ടില്ല. ഈ ആവശ്യം ഉന്നയിച്ചത് കെ സുരേന്ദ്രൻ മാത്രമല്ല, ബിജെപി നേതാക്കൾ പൊതുവായി ആണ്. 

നിഗമനം 

ഈ പോസ്റ്റിൽ പറയുന്ന കാര്യം പൂർണ്ണമായും തെറ്റാണ്. ബിജെപി ആർഎസ്എസ് നേതാക്കളുടെ അപകടമരണങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം  അന്വേഷിക്കാൻ തുടങ്ങിയിട്ടില്ല. ഇക്കാര്യം അന്വേഷിക്കാൻ ബിജെപി സർക്കാരിനോട് ബിജെപി നേതാക്കൾ പൊതുവായി ആവശ്യപ്പെട്ടിരുന്നു. കെ സുരേന്ദ്രനാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത് എന്ന അവകാശവാദവും തെറ്റാണ്. തെറ്റായ വിവരങ്ങളുള്ള  ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:‘ആർഎസ്എസ് ബിജെപി നേതാക്കളുടെ അപകട മരണങ്ങൾ.. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി’ എന്ന വാർത്ത സത്യമോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •