നവീകരണം നടക്കുന്ന ആലപ്പുഴ നഗരത്തിലെ കനാലില്‍ വീണ്ടും മലിനജലം ഒഴുക്കിയോ?

സാമൂഹികം

വിവരണം

ആലപ്പുഴയിലെ കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചാ വിഷയമായത്. കോടികള്‍ ചെലവാക്കി ആലപ്പുഴ നഗരത്തിലെ കനാലുകളും ചെറുതോടുകളും നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ആലപ്പുഴ ബീച്ചിന് സമീപമുള്ള ഉപ്പൂറ്റിത്തോട്ടില്‍ നിന്നും ആരംഭിച്ച നവീകരണങ്ങള്‍ വാടക്കാനാലില്‍ എത്തി നില്‍ക്കുകയാണ്. വര്‍ഷങ്ങളായി ചെളി നിറഞ്ഞും പ്ലാസ്ടിക് മാലിന്യ കൂമ്പാരവുമായി കിടന്നിരുന്ന തോട് ഇപ്പോള്‍ മെല്ലേ പൂര്‍വ്വസ്ഥിതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ചെളിയും മാലിന്യവും നീക്കി ആഴം കൂട്ടിയും സംരക്ഷണ ഭിത്തി നിര്‍മ്മിച്ചും പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ മുന്നോട്ട് നീങ്ങുകയാണ്. ഇതിനിടയിലാണ് കറുത്തകാളിപ്പാലത്തിന് സമീപമുള്ള സ്വകാര്യ കമ്പനിയായ വികെഎല്‍ നവീകരണം നടക്കുന്ന തോട്ടില്‍ മലിനജലം ഒഴുക്കിയെന്ന ആക്ഷേപം ഉയര്‍ന്നത്. ടാങ്കര്‍ ലോറിയില്‍ പൈപ്പ് പുറത്തേക്കിട്ട് തോട്ടിലേക്ക് വെള്ളം ഒഴുക്കി വിടുന്ന വീഡിയോ സഹിതമാണ് ഫെയ്‌സ്ബുക്കില്‍ ആക്ഷേപം ഉയര്‍ന്നത്. ആരോപണം ഉന്നയിച്ച് അയ്യപ്പന്‍ സജീവന്‍ എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത് ഈ വീഡിയോയ്ക്ക് വെറും 22 മണിക്കൂര്‍ കൊണ്ട് ലഭിച്ചത് 1,100ല്‍ അധികം ഷെയറുകളും 140ല്‍ അധികം ലൈക്കുകളുമാണ്. “ക്ലീന്‍ ചെയ്യുന്ന കനാലില്‍ വീണ്ടും വേസ്റ്റ് തള്ളുന്നു” എന്ന ക്യാപ്ഷന്‍ സഹിതം മെയ് 7ന് അപ്‌ലോ‍ഡ് ചെയ്ത ഈ വീഡിയോ ഇപ്പോള്‍ വൈറലായി കഴിഞ്ഞു. എന്നാല്‍ വികെഎല്‍ കമ്പനിയുടെ മുന്‍പില്‍ നിന്നും അവരുടെ അറിവോടെ തോട്ടിലേക്ക് ഒഴുക്കിയ വെള്ളം മലിനമായിരുന്നോ.. അഥവ മലിനമല്ലെങ്കില്‍ ഇത്തരത്തില്‍ ജലാശയങ്ങളിലേക്ക് വെള്ളം ഒഴുക്കി വിടാന്‍ അനുവാദമുണ്ടോ. വസ്തുത എന്തെന്ന് പരിശോധിക്കാം.

Archived Link

വസ്തുത വിശകലനം

വികെഎല്‍ കമ്പനിയില്‍ നിന്നും പുറന്തള്ളുന്നത് സംസ്കരണ പ്രക്രിയ കഴിഞ്ഞ ശേഷമുള്ള വെള്ളമാണെന്ന വിശദീകരണവുമായി ക്യാനാല്‍പ്പി (CANALPY) എന്ന കൂട്ടായ്മ രംഗത്തെത്തി. നഗരത്തിലെ ചെറുതോടുകളും ജലാശയങ്ങളും ശുചീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ബ്രഹത് കൂട്ടായ്മയാണ് ക്യാനാല്‍പ്പി. ധനകാര്യമന്ത്രി തോമസ് ഐസകും ക്യാനാല്‍പ്പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴായി നേതൃത്വം വഹിച്ചിട്ടുണ്ട്. ക്യാനാല്‍പ്പി ഫെയ്‌സ്ബുക്ക് പേജിലൂടെ നല്‍കിയ വിശദീകരണം ഇപ്രകാരമാണ്-

VKL ഫാക്ടറയിൽ നിന്നും പുറന്തള്ളപെടുന്നത് Treated Water.

കനാൽ നവീകരണം നടന്നുകൊണ്ട് ഇരിക്കുന്ന സാഹചര്യത്തിൽ VKL ഫാക്ടറിയിൽ നിന്നും മാലിന്യ ജലം പുറംതള്ളപെടുന്നതായി നവ മാധ്യമങ്ങൾ വന്ന് വാർത്ത പ്രശംസനീയമാണ് ഇത്തരം ജനകീയ ഇടപെടലുകളിൾ ജനങ്ങളെ കനാലിൽ വേസ്റ്റ് തള്ളുന്നതിൽ നിന്നും വൃത്തികേടാക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുമെന്ന് തന്നെ കരുതാം. എന്നിരുന്നാലും ഇതിന്‍റെ പിന്നിലെ സത്യാവസ്ഥ നമ്മൾ തിരിച്ചറിയാതെ പോകരുത്. ആലപ്പുഴ Pollution Control Boardന്‍റെ കീഴിൽ ശാസ്ത്രിയമായി മാലിന്യ ജലം ശുദ്ധീകരിക്കുന്നതിനായി പ്രവർത്തിച്ച് വരുന്ന On site Treatment Plant ൽ നിന്നും ശുചീകരണത്തിന് ശേഷം പുറന്തള്ളപെട്ട വെള്ളമാണ്. ഇത് ജല മലിനീകരണത്തിനോ മറ്റു പാരിസ്ഥിക പ്രശ്നങ്ങൾക്കോ കാരണമാവുകയില്ലാ ജലത്തിന്‍റെ BOD മറ്റും പരിശോധിച്ച് വ്യക്തത വരുത്തിയതാണ്. എന്നിരുന്നാലും ഇനി ഇത്തരം പ്രവർത്തനങ്ങൾക്ക് പോലും കനാൽ ഉപയോഗിക്കാൻ പാടിലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതു പോലെയുള്ള സമൂഹിക ഇടപെടലുകളിലൂടെ കനാലുകളുടെ നല്ല ഭാവിക്കായി നമ്മുക്ക് ഒന്നിച്ച് പ്രയത്നിക്കാം.

Archived Link

തോട്ടില്‍ വെള്ളം ഒഴുക്കിവിട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സഞ്ചരിക്കുന്ന മലിനജല സംസ്കരണ യൂണിറ്റിന്‍റെ ചിത്രങ്ങള്‍ ക്യാനാല്‍പ്പി പുറത്ത് വിട്ടത്-

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകൃത ഓണ്‍സൈറ്റ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ സഹായത്തോടെ സംസ്കരണ പ്രക്രിയ നടത്തിയ ശേഷം പുറന്തള്ളപ്പെട്ട മാലിന്യമുക്തമായ വെള്ളമാണിതെങ്കിലും ഒരു ജലാശയത്തിലേക്ക് ഒഴുക്കിവിടുകയെന്നത് അംഗീകരിക്കാന്‍ കഴിയുന്ന നടപടിയല്ലെന്ന് ഔദ്യോഗികമായ വിശദീകരണത്തില്‍ തന്നെ പറയുന്നുണ്ട്. എന്നിരുന്നാലും ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചത് പോലെ വീണ്ടും മാലിന്യം തള്ളുന്നു എന്ന തരത്തിലുള്ള പോസ്റ്റ് തെറ്റ്ധാരണാജനകമാണ്.

നിഗമനം

കനാലില്‍ മാലിന്യം ഒഴുക്കു എന്ന തരത്തിലുള്ള തലക്കെട്ട് നല്‍കിയത് തെറ്റാണെന്ന് തെളിഞ്ഞെങ്കിലും പുറന്തള്ളപ്പെടുന്ന വെള്ളം ജലാശയത്തില്‍ ഒഴുക്കുന്നത് നിയമപരമായി തെറ്റായതിനാല്‍ ഫെയ്‌സ്ബുക്ക് പ്രചരണം പൂര്‍ണമായി തള്ളികളയാന്‍ കഴിയുകയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പോസ്റ്റിലെ വിവരങ്ങളും പിന്നീട് മറുപടിയായി എത്തിയ വിശീദരണവും കൂട്ടിവായിക്കുമ്പോള്‍ വസ്തുതകള്‍ സംമിശ്രമാണെന്ന നിഗമനത്തില്‍ എത്താനെ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ കനാല്‍ നവീകരണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന ആരോപണവും ആക്ഷേപവും വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിയുന്നതല്ലെന്ന് അനുമാനിക്കാം.

Avatar

Title:നവീകരണം നടക്കുന്ന ആലപ്പുഴ നഗരത്തിലെ കനാലില്‍ വീണ്ടും മലിനജലം ഒഴുക്കിയോ?

Fact Check By: Harishanakr Prasad 

Result: Mixture