FACT CHECK: റെംഡിസ്വിർ മരുന്നിന്‍റെ ഉപയോഗിക്കാത്ത കുപ്പികള്‍ നദിയിലൂടെ ഒഴുക്കി പാഴാക്കുന്നു എന്നാ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

ആരോഗ്യം ദേശീയം

പ്രചരണം 

ഇന്ത്യ മുഴുവനും നിലവിൽ കൊറോണ പകർച്ചവ്യാധിയോട് പോരാടുകയാണ്.  ഈ നൂറ്റാണ്ടില്‍ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ക്ലേശകരമായ സമയമാണിത്. രാജ്യത്തുടനീളം മഹാമാരി മൂലം  മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. രോഗത്തെ ഫലപ്രദമായി തടയാന്‍ വൈദ്യ ശാസ്ത്രരംഗം കിണഞ്ഞു പരിശ്രമിക്കുന്നു. 

കോവിഡ് മരുന്നായി നിലവില്‍ ഉപയോഗിച്ച് പോരുന്ന റിംഡിസ്വിവര്‍ ജനറിക്ക് വിഭാഗത്തിലെ കോവിഫോര്‍ എന്ന മരുന്നുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പഞ്ചാബിലെ ഒരു നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കോവിഫോര്‍ മരുന്നുകള്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. രാജ്യത്ത് റേംഡിസിവര്‍ മരുന്നിന്‍റെ ആവശ്യകത ഇത്രയും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വീഡിയോയില്‍ നല്‍കിയിരിക്കുന്ന അവകാശവാദത്തിന് ഏറെ പ്രസക്തിയുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: *ഇങ്ങനെയാണ് എൻ്റെ കേരളത്തിന് പുറത്ത് കോവിഡ് വാക്സിൻ വിതരണം ചെയ്യുനത്..😔😥*

archived linkFB post

ഇതേ  വീഡിയോ ബിജെപി വക്താവ് സാംബിത് പത്ര തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജ്  വഴി പങ്കുവച്ചിട്ടുണ്ട്. “ബഹുമാനപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി, ഇത് ദൌര്‍ഭാഗ്യകരവും കുറ്റകരവുമാണ്.  പഞ്ചാബിലെ രോഗികൾക്ക് അവശ്യ മരുന്നുകൾക്കായി കഷ്ടപ്പെടേണ്ടിവരുമ്പോൾ .. റെമിഡിസ്വിർ കുത്തിവയ്പ്പിന്റെ ആയിരക്കണക്കിന് കുപ്പികൾ ഭക്ര കനാലിൽ വെള്ളത്തിൽ മുങ്ങിയതായി കണ്ടെത്തി! ഈ ക്രിമിനൽ നടപടിയുടെ ഉത്തരവാദി ആരാണ്? എന്തുകൊണ്ടാണ് പഞ്ചാബ് സർക്കാർ നിശബ്ദത പാലിക്കുന്നത്?”എന്ന അടിക്കുറിപ്പോടെയാണ് സാംബിതിന്‍റെ ട്വീറ്റ്

ഗൂഗിളിൽ കീവേഡുകൾ ഉപയോഗിച്ച്  ഈ വീഡിയോയുമായി ബന്ധപ്പെട്ട വാർത്തകൾ തിരഞ്ഞു. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്  യഥാർത്ഥത്തിൽ പഞ്ചാബിലെ ഭക്ര കനാലില്‍ നടന്ന സംഭവമാണ്. 2021 മെയ് 6 ന് ദി ട്രിബ്യൂൺ ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

archived link

വാർത്ത പ്രകാരം വെള്ളത്തിൽ ഒഴുകുന്ന റിംഡിസ്വിവറിന്‍റെ കുപ്പികൾ വ്യാജമാണെന്ന് ഡ്രഗ് കൺട്രോൾ ഓഫീസർ തേജീന്ദർ സിംഗ് വ്യക്തമാക്കിയതായി വാര്‍ത്ത അറിയിക്കുന്നു. ഭക്ര കനാലിൽ 621 വ്യാജ റിംഡിസ്വിവർ കുപ്പികൾ കണ്ടെത്തിയതായി വാര്‍ത്തയിലുണ്ട്. ചാംകോര്‍  സാഹിബ് ഡിഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഒരു പോലീസ് സംഘം ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പം സംഭവസ്ഥലം സന്ദർശിക്കുകയും റിംഡിസ്വിവര്‍, സഫോപെരാസോൺ എന്നിവയുടെ കുപ്പികൾ കണ്ടെത്തുകയും ചെയ്തു. ബെൽസാണ്ട ഗ്രാമത്തിൽ നടത്തിയ തെരച്ചിലിൽ കുറച്ചുകൂടികുപ്പികൾ കൂടി കണ്ടെത്തി. രണ്ട് സ്ഥലങ്ങളിൽ നിന്നും 621 റിംഡിസ്വിവര്‍ 1,456 സഫോപെറസോൺ കുപ്പികളും പിടിച്ചെടുത്തു. കൂടാതെ 849 അനധികൃത കുപ്പികളും കണ്ടെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഫാക്റ്റ് ക്രെസെൻഡോ റോപ്പറിലെ (ഭക്ര നേഹാർ മേഖല) എസ്‌എസ്‌പി അഖിൽ ചൗധരിയുമായി ബന്ധപ്പെട്ടു, അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: 

“കനാലില്‍ മരുന്നുകുപ്പികള്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിന്‍റെ എല്ലാ വശങ്ങളും ഞങ്ങൾ അന്വേഷിക്കുന്നു. ഡ്രഗ് കൺട്രോൾ ഓഫീസറുടെ അഭിപ്രായത്തിൽ, കണ്ടെടുത്ത വിയൽ ലേബലുകൾക്ക് കമ്പനിയുടെ യഥാർത്ഥ കുപ്പികളുമായി യാതൊരു സാദൃശ്യവുമില്ല. ഇത് വ്യാജ ലേബലും ബോട്ടിലുകളുമാണ്. എസ്പി റാങ്കിലുള്ള  ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.”

ഇതുകൂടാതെ, പഞ്ചാബ് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടില്‍  ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു ട്വീറ്റ് നല്‍കിയിട്ടുണ്ട്. 

അത് ഇങ്ങനെയാണ്: 

“മെയ് 6 ന് ഭക്രയിൽ വലിയ അളവിൽ റെംഡിസ്വിർ ഒഴുകി നടക്കുന്നു എന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോയില്‍ കാണുന്നത് വ്യാജ റെംഡിസ്വിർ മരുന്നിന്‍റെ 621കുപ്പികളാണ് . മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. #COVID സമയത്ത് പരിഭ്രാന്തി ഒഴിവാക്കാൻ, കൂടുതൽ വീഡിയോകൾ പങ്കുവയ്ക്കുന്നതിന് പകരം അത്തരം വീഡിയോകൾ പോലീസിൽ റിപ്പോർട്ട് ചെയ്യുക.”

ഇതിനുപുറമെ, ഡൽഹിയിലെ ഡിസിപി മോണിക്ക ഭരദ്വാജിന്‍റെ ഒരു ട്വീറ്റും ഞങ്ങൾക്ക് ലഭിച്ചു, അതിൽ വ്യാജ റെംഡിസ്വിർ വിപണിയിൽ വിൽക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ചില ടിപ്പുകൾ നൽകിയിട്ടുണ്ട്. റെംഡിസ്വിർ വാങ്ങുമ്പോൾ ഇനിപ്പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ സന്ദേശത്തില്‍ അഭ്യർത്ഥിക്കുന്നു. ട്വീറ്റിൽ, യഥാർത്ഥവും വ്യാജവുമായ റെമിഡിവെയർ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നുണ്ട്.

താഴെ നല്‍കിയ താരതമ്യ ചിത്രം പരിശോധിച്ചാല്‍  നദിയിൽ ഒഴുകുന്ന റെംഡിസ്വിർ വ്യാജമാണെന്ന് നമുക്ക് വ്യക്തമായി മനസ്സിലാകും.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പഞാബില്‍ നദിയില്‍ ഒഴുകി നടക്കുന്നത് വ്യാജ റെംഡിസ്വിർ മരുന്നുകളാണ്. പിടിച്ചാലുള്ള നിയമ നടപടികളെ ഭയന്ന്‍ ആരെങ്കിലും ഉപേക്ഷിച്ചു കളഞ്ഞതാകാം എന്ന് അനുമാനിക്കുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:റെംഡിസ്വിർ മരുന്നിന്‍റെ ഉപയോഗിക്കാത്ത കുപ്പികള്‍ നദിയിലൂടെ ഒഴുക്കി പാഴാക്കുന്നു എന്നാ പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •