FACT CHECK: ശബരിമലയില്‍ മാത്രം ലഭിക്കുന്ന അരവണ പായസം ഹലാല്‍ മുദ്രയുള്ള പാക്കറ്റില്‍ വിപണനം ചെയ്യുന്നു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

രാഷ്ട്രീയം സാമൂഹികം

ശബരിമലയിലെ പ്രധാന പ്രസാദമായ അരവണപ്പായസം പല കാലങ്ങളിലും നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ  അരവണപ്പായസവുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

 പ്രചരണം

അൽ സഹ  എന്ന ഒരു കമ്പനി  പുറത്തിറക്കിയ അരവണ പായസത്തിന്‍റെ ബോട്ടിലിന്‍റെ ചിത്രം ഉൾപ്പെടുത്തിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പം ഇംഗ്ലീഷിൽ നൽകിയ വിവരണം ഇങ്ങനെയാണ് : This is Aravana Payasam – a traditional dessert available only at Sabarimala Sannidan. The Kerala Devasam Board seems to have issued a tender to a Muslim, at the same time not hesitating to insult the tradition, but not only calling it by its Arabic name but also referring to it as halal. What a shame for Hindus..

 ഇതിന്‍റെ മലയാള പരിഭാഷ ഭാഷ ഇങ്ങനെ:

“ഇതാണ് അരവണ പായസം – ശബരിമല സന്നിധാനത്ത് മാത്രം ലഭിക്കുന്ന പരമ്പരാഗത പായസം. കേരള ദേവസം ബോർഡ് ഒരു മുസ്ലിമിന് ടെൻഡർ നൽകിയതായി തോന്നുന്നു, പാരമ്പര്യത്തെ അവഹേളിക്കാൻ മടിക്കാതെ, അറബി നാമത്തിൽ വിളിക്കുക മാത്രമല്ല, അതിനെ ഹലാൽ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഹിന്ദുക്കൾക്ക് എന്തൊരു നാണക്കേട്..”

archived linkFB post

അതായത് ശബരിമലയിലെ അരവണ പായസം നിർമ്മിക്കുന്നതിനുള്ള ടെണ്ടര്‍ എടുത്തിരിക്കുന്നത് മുസ്ലിമായ വ്യക്തിയാണെന്നും പായസം ഹലാല്‍ മുദ്ര പതിപിച്ച് വിൽക്കുകയാണെന്നുമാണ് പോസ്റ്റിലെ അവകാശവാദം. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പൂർണമായും വ്യാജപ്രചാരണം ആണ് ചിത്രം ഉപയോഗിച്ച് നടത്തുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു. 

 വസ്തുത ഇങ്ങനെ

പലരും ഫേസ്ബുക്കില്‍ ഇതേ പ്രചരണം പങ്കുവയ്ക്കുന്നുണ്ട്.

ആദ്യം നമുക്ക് അരവണപ്പായസം എന്താണ് എന്ന് നോക്കാം ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് വേണ്ടി ഉണ്ടാക്കുന്ന പായസമാണ് ശബരിമല ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ അരവണ പ്രസാദമായി നൽകാറുണ്ട് ശബരിമലയിലെ മാത്രം നിവേദ്യമല്ല.  ഏറെനാൾ കേടുകൂടാതെ ഇരിക്കും എന്നൊരു പ്രത്യേകതയും അരവണ പായസത്തിനുണ്ട്.

 ശബരിമലയിലെ മാത്രം പ്രസാദമാണ് അരവണ എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് എന്നാൽ ഈ വാദം തെറ്റാണ്. കേരളത്തിലുള്ളവർക്ക് മിക്ക  ക്ഷേത്രങ്ങളിലും അരവണ പായസം പ്രസാദമായി കിട്ടുന്ന കാര്യം അറിയാവുന്ന കാര്യമാണ്.

പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ദേവസ്വം ബോർഡ് പബ്ലിക് ഇന്‍ഫോര്‍മേഷൻസ് ഓഫീസർ ടി കെ രമേഷ് കുമാര്‍ അറിയിച്ചത് ഇങ്ങനെ:  “ഇത് പൂർണ്ണമായും തെറ്റായ പ്രചരണമാണ്. ശബരിമലയുടെ അരവണയുടെ പാക്കിംഗ് വ്യത്യസ്തമാണ്. ഈസി ലിഡ് ടിന്നിന് പുറത്ത് ശബരിമല അയ്യപ്പന്‍റെ ചിത്രവും ദേവസ്വം ബോര്‍ഡിന്‍റെ പേരുമുണ്ട്. ശബരിമലയിലെ അരവണ മറ്റാരും അവരുടെ പേരിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അരവണ ക്ഷേത്രങ്ങളില്‍  പ്രസാദമായി നൽകുന്നതാണ്.  എങ്കിലും ഇപ്പോൾ യൂട്യൂബിലും മറ്റും അരവണ ഉണ്ടാക്കുന്നതിനെ പറ്റിയിട്ടുള്ള വീഡിയോകൾ പോലും ലഭ്യമാണ്. അമ്പലത്തിൽ നിവേദ്യമായി ഉണ്ടാക്കുന്നു എന്ന പേരില്‍ പ്രസിദ്ധമായി.  കൂടാതെ ശബരിമലയിലെ ചില അരവണ നിർമാണത്തിനുള്ള ടെൻഡർ ഓമനക്കുട്ടൻ എന്നൊരു വ്യക്തിക്കാണ് വര്‍ഷങ്ങളായി നൽകിക്കൊണ്ടിരിക്കുന്നത് മുമ്പ് പഞ്ചമി പാക്കിംഗ് എന്നൊരു കമ്പനിയായിരുന്നു. ഇവരെല്ലാവരും ഹിന്ദുമത വിശ്വാസത്തിൽ പെട്ടവരാണ്. ഇതര മതവിശ്വാസികൾക്ക് ഇതുവരെ കരാര്‍ നല്‍കിയിട്ടില്ല. ഇത് കരുതിക്കൂട്ടിയുള്ള ദുഷ്പ്രചരണമാണ് എന്ന് കരുതുന്നു.”

അല്‍ സഹാ കമ്പനി പ്രതിനിധിയുമായി പ്രചരണത്തെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം നല്‍കിയ വിശദീകരണം ഇങ്ങനെയാണ്: 

ഞങ്ങളും കിംവദന്തികൾ ശ്രദ്ധിച്ചിരുന്നു. അറബിക് മധുരപലഹാരങ്ങൾ ഉൾപ്പെടെ വിവിധതരം ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും നിർമ്മിക്കുന്ന യുഎഇയിൽ സ്ഥിതി ചെയ്യുന്ന ഒരു LLC കമ്പനിയാണ് ഞങ്ങളുടേത്. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ യുഎഇയിൽ ഉടനീളം പ്രമുഖ സൂപ്പിലേക്കും ഹൈപ്പർമാർക്കറ്റുകളിലേക്കും വിതരണം ചെയ്യുന്നു. യുഎഇയിലെ ഗവൺമെന്‍റ് അതോറിറ്റികളുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ അന്തരീക്ഷത്തിലാണ് ഞങ്ങൾ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. ഞങ്ങളുടെ ജനപ്രിയ ബ്രാൻഡായ അരവണ പായസത്തിന് മതം, ജാതി, ആചാരം എന്നിവയുമായി യാതൊരു ബന്ധവുമില്ല. അയ്യപ്പനുമായോ ശബരിമലയുമായോ ഇതിന് യാതൊരു ബന്ധവുമില്ല. അരവണ എന്നതിന്‍റെ അർത്ഥം “കട്ടിപ്പായസം” എന്നാണ്. ഞങ്ങൾ അത് നിർമ്മിക്കാൻ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.

ഞങ്ങൾ എല്ലാ മതത്തെയും ജാതിയെയും ബഹുമാനിക്കുന്നു. ഈ പ്രചരണത്തിന് പിന്നിൽ ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യമാണ് എന്ന് അനുമാനിക്കുന്നു.”

അല്‍ സഹാ കമ്പനി അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മധുര പലഹാര കമ്പനിയാണ്. 

പോസ്റ്റിലെ പ്രചരണം തെറ്റും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. അരവണ പായസം ശബരിമല ക്ഷേത്രത്തില്‍ മാത്രമുള്ള പ്രസാദമല്ല. നിരവധി ക്ഷേത്രങ്ങളില്‍ ഇത് പ്രസാദമായി നല്‍കാറുണ്ട്. ശബരിമല അരവണയുടെ ടെണ്ടര്‍ ഹിന്ദുമതത്തില്‍ പെട്ട വ്യക്തിക്കാണ് ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ളത്. അല്‍ സഹാ എന്ന കമ്പനി അവരുടെ സ്വന്തം ഉത്പന്നമായി പുറത്തിറക്കിയ അരവണ പായസത്തിന്‍റെ ബോട്ടിലിന്‍റെ ചിത്രം ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ശബരിമലയില്‍ മാത്രം ലഭിക്കുന്ന അരവണ പായസം ഹലാല്‍ മുദ്രയുള്ള പാക്കറ്റില്‍ വിപണനം ചെയ്യുന്നു എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *