FACT CHECK: ചിത്രത്തിലെ പെണ്‍കുട്ടി സൌമ്യ ദേശായി അല്ല, ജമ്മുവില്‍ നിന്നുള്ള സ്നേഹാ മഹാജനാണ്… പോസ്റ്റിലെ പ്രചരണം തെറ്റാണ്…

രാഷ്ട്രീയം | Politics

സാമൂഹ്യ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായിആയി സംഘ പ്രവർത്തകയായ ഒരു പെൺകുട്ടി മതം മാറി മുസ്ലിം ആയി മാറിയ ഒരു വാർത്ത പ്രചരിക്കുന്നുണ്ട് 

പ്രചരണം 

ഖുർആനെ കുറിച്ച് പഠിക്കാൻ നിയുക്തയായ പെൺകുട്ടി ഖുർആനെ കുറിച്ച് കൂടുതൽ അറിഞ്ഞു കഴിഞ്ഞപ്പോൾ ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി  സ്വീകരിച്ചു എന്നാണ് പോസ്റ്റ് പങ്കുവയ്ക്കുന്ന വാര്‍ത്ത. ഇത് സൂചിപ്പിച്ച് പോസ്റ്റില്‍ നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ് 

“#മുസ്‌ലിമാണ്_എന്ന്_പറയുമ്പോൾ_തിരസ്കരിക്കപ്പെടുകയും_തീവ്രവാദിയാക്കപ്പെടുകയും

#ചെയ്യുന്ന_ഒരു_കാലം_പറയുന്നുണ്ട്_അതേ_പേരിനാൽ_തന്നെ_സ്വീകരിക്കപ്പെടുന്ന

#സൽകരിക്കപ്പെടുന്ന_ഒരു_ലോകത്തെക്കുറിച്ച്…!!

RSSന്റെ വനിതാ വിഭാഗമായ രാഷ്ട്രസേവിക സമിതിയിലെ അംഗമായിരുന്ന സൗമ്യ ദേശായി ഇസ്ലാം സ്വീകരിച്ചു – Republic 05/09/20

____________________________________________

വളച്ചൊടിച്ച വി:ഖുര്‍ആൻ RSS കേന്ദ്രങ്ങളിലേക്ക് എത്തിച്ചപ്പോൾ അത്  സത്യമാണോ എന്നറിയാന്‍ യദാർത്ഥ ഖുര്‍ആന്‍ വാങ്ങി വായിച്ച RSS വനിതാ വിഭാഗമായ രാഷ്ട്രസേവിക അംഗവും ഗുജറാത്ത് കാരിയുമായ സൗമ്യ ദേശായ് യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഇസ്ലാം സ്വീകരിച്ചു.

സത്യത്തിലേക്കുള്ള അവരുടെ യാത്ര മനോഹരവും പ്രചോദനകരവുമാണ്.

തന്റെ ട്വിറ്ററിൽ “മുസ്ലീങ്ങളെ വെറുക്കുന്ന മുസ്ലീം മതത്തിൽ നിന്ന് ഇസ്ലാം സ്നേഹിക്കുന്ന മുസ്ലീമിലേക്കുള്ള പ്രചോദനാത്മകമായ യാത്ര അവൾ പങ്കുവെച്ചു. വെറുക്കാൻ പ്രോഗ്രാം ചെയ്തിട്ടും ഇസ്ലാം സത്യമാണെന്ന് തെളിയിക്കാൻ നിരവധി അനിഷേദ്ധ്യ തെളിവുകൾ നേരിട്ടതിന് ശേഷം അവൾ അത് വെളിപ്പെടുത്തി.

വളരെ ചെറുപ്പത്തിൽ തന്നെ ആർഎസ്എസ് വനിതാ വിഭാഗത്തിന്റെ ഭാഗമായെന്നും ഇസ്ലാമോഫോബിക് ആയി മാറിയെന്നും സൗമ്യ വെളിപ്പെടുത്തി. മറ്റ് പല ഹിന്ദുക്കളെയും പോലെ താനും മുസ്ലീങ്ങളെ വെറുക്കുകയും അവരെ ഹിന്ദു സമാജത്തിന്  ഒരു ഭീഷണിയും രാജ്യദ്രോഹികളുമായി കണക്കാക്കുകയും ചെയ്തിരുവെന്ന് അവർ പറഞ്ഞു. 

ഒരു മുസ്ലീം വിദ്വേഷ സംഘടനയുടെ ഭാഗമാണെങ്കിലും മുസ്ലീങ്ങളുമായി ഇടപഴകാൻ എന്റെ മനസ്സ് നിരന്തരം പറയുന്നുണ്ടായിരുന്നു എന്ന് സൗമ്യ പറഞ്ഞു. അവരെ ശ്രദ്ധിക്കാൻ അത് എന്നെ പ്രേരിപ്പിച്ചു, അതിനാൽ എന്റെ പ്രദേശത്തെ മുസ്ലീങ്ങളുമായി സംവദിക്കാൻ ഞാൻ തീരുമാനിച്ചു. ഇസ്ലാമിനോടുള്ള എന്റെ കടുത്ത വിദ്വേഷത്തിനെതിരെ വ്യത്യസ്തവും വിചിത്രവുമായ ഒരു പ്രതികരണം ഞാൻ കണ്ടെത്തി, ചിലർ എനിക്കുവേണ്ടി പുഞ്ചിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു,”  സൗമ്യ പറഞ്ഞു.

തന്റെ ജീവിതത്തിലുടനീളം സഹപാഠികളായ മുസ്ലീങ്ങളുടെ പെരുമാറ്റം വളരെ വിചിത്രവും താൻ പഠിച്ചതിൽ നിന്നും പഠിപ്പിച്ചതിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നെന്ന് സൗമ്യ സമ്മതിച്ചു, ഇത് സൗമ്യയെ തന്റെ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ചു. സൗമ്യയുടെ ഒരു മുസ്ലീം സുഹൃത്ത് പ്രശസ്ത പാക്കിസ്ഥാനി ഇസ്ലാമിക പണ്ഡിതനായ ഡോ. ഇസ്രാർ അഹമ്മദിന്റെ പ്രഭാഷണങ്ങൾ കാണാൻ അവളെ നിർബന്ധിക്കുകയും ചെയ്തു, അതിന് അവൾ സമ്മതിക്കുകയും ഇത് അവൾക്ക് ‘യുറീക്ക നിമിഷം’ ആയിത്തീരുകയും ചെയ്തു, പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല, പക്ഷേ കിട്ടി ഉള്ളിൽ നിലനിൽക്കുന്ന എല്ലാ ചോദ്യങ്ങൾക്കുള്ള എല്ലാ ഉത്തരങ്ങളും, ഇസ്ലാമിനെക്കുറിച്ച് മാത്രമല്ല, ഹിന്ദുമതത്തെക്കുറിച്ചും.

മുസ്ലീം വിശ്വാസങ്ങൾക്കെതിരെയുള്ള കടുത്ത വെറുപ്പിൽ നിന്ന് ഞാൻ ഇസ്ലാമിലേക്ക് കുതിച്ചുചാട്ടം നടത്തുകയായിരുന്നു.  മണിക്കൂറുകളോളം ഞാൻ ഇസ്ലാമിക് വീഡിയോകളും പ്രഭാഷണങ്ങളും കാണാൻ തുടങ്ങി. തന്റെ ഉള്ളിൽ എന്തോ മാറ്റം വരുന്നതായി എനിക്കറിയാമായിരുന്നു.  വേദങ്ങളിൽ നിന്നും മനുസ്മൃതിയിൽ നിന്നും മറ്റ് പുരാതന ഗ്രന്ഥങ്ങളിൽ നിന്നും ഞാൻ പഠിച്ച അസംബന്ധമായ എല്ലാ കാര്യങ്ങളും 

ഡോ. ഇസ്രാർ അഹമ്മദിന്റെ പ്രഭാഷണത്തോടെ തെറ്റാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. അവസാനം, എന്റെ യാത്രയെക്കുറിച്ച് അറിയാത്ത എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഞാൻ ഇസ്ലാം സ്വീകരിച്ച വാർത്ത അറിയിച്ചു. 

“ഞാൻ RSSനോട് പറയാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്കിന്ന് നിങ്ങളുടെ ഭക്തിയെ നഷ്ടപ്പെട്ടിരിക്കുന്നു.  ഇസ്ലാം സത്യമാണ് സമാധാനമാണ്, ഞങ്ങളുടെ സമാജത്തിൽ സത്യം പടരുന്നത് തടയാൻ നിങ്ങൾക്ക് കഴിയില്ല, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്ന്  സൗമ്യ ട്വീറ്റ് ചെയ്തു.

Republic 05/09/20

https://republicofbuzz.com/islam-hating-hindu-girl…/

പി.സി. അബ്ദുൽ ഹമീദ്

മണ്ണാർക്കാട്”

പെൺകുട്ടിയുടെ രണ്ടു ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. മതം മാറുന്നതിനു മുമ്പ് സംഘപ്രവർത്തക ആയിരുന്ന കാലത്തുള്ളതും മതം മാറിയ ശേഷമുള്ളതും.  

archived linkFB post

ഈ വാർത്ത പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്‍റെ ലിങ്കും പോസ്റ്റില്‍ നൽകിയിട്ടുണ്ട്.

ഞങ്ങൾ വാർത്തയെക്കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണ്ണമായും വ്യാജപ്രചരണമാണ് ഈ രണ്ടു ചിത്രങ്ങൾ ഉപയോഗിച്ച് നടത്തുന്നത് എന്ന് കണ്ടെത്തി.

വസ്തുത ഇങ്ങനെ 

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ്  അന്വേഷണം നടത്തി നോക്കിയപ്പോൾ ഇപ്പോൾ ഈ ചിത്രം 2017 ജൂലൈ ജമ്മുവിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച സ്ത്രീകൾക്കായുള്ള ഉള്ള സ്വയംപ്രതിരോധ tപരിശീലന പരിപാടിയിൽ പങ്കെടുത്ത വാർത്തകളിൽ   ഉള്‍പ്പെടുത്തിയിട്ടുള്ളതായി കണ്ടു.

കൂടുതല്‍ തിരഞ്ഞപ്പോൾ ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറുടെ  വിവരങ്ങള്‍ ലഭിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഫോട്ടോഗ്രാഫറായിരുന്ന ജമ്മു സ്വദേശി നിതിന്‍ കനോത്രയാണ്  ചിത്രം പകര്‍ത്തിയത്.  തുടർന്ന് ഞങ്ങൾ ആ ഫോട്ടോഗ്രാഫറുമായി സംസാരിച്ചു. 

 “ഈ ചിത്രം  ഹിന്ദുസ്ഥാൻ ടൈംസിന് വേണ്ടി പകർത്തിയിട്ടുണ്ട് എന്നും എന്നാൽ ചിത്രത്തിലുള്ള പെൺകുട്ടി ആരാണ് എന്ന് വ്യക്തമായി അറിയില്ല എന്നും രണ്ട് വർഷം പഴക്കമുള്ള ചിത്രമാണിതെന്നും അദ്ദേഹം ഞങ്ങളോട് വ്യക്തമാക്കി. അദ്ദേഹം നൽകിയ സൂചന ഉപയോഗിച്ച് ഞങ്ങൾ ജമ്മുകാശ്മീരിലെ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി കരണ്‍ സിംഗുമായി സംസാരിച്ചപ്പോൾ അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെ: “ഈ പെൺകുട്ടി ജമ്മുവില്‍ നിന്നുള്ളതാണ്.  ഈ ക്യാമ്പിൽ പങ്കെടുത്ത ആരും ഇതുവരെയും മതം മാറുകയോ ഇതര  രാഷ്ട്രീയത്തിലേയ്ക്ക്  പോവുകയോ  ഒരിക്കലും ഉണ്ടായിട്ടില്ല.  പരിശീലനപരിപാടി പതിവായി ഞങ്ങള്‍  നടത്താറുണ്ട്. ഇത് രണ്ടു വർഷം പഴയ ചിത്രമാണ്.”

തുടർന്ന് ഞങ്ങൾ ഈ പ്രസ്തുത പരിശീലനപരിപാടിയുടെ വീഡിയോ യൂട്യൂബിൽ നോക്കിയപ്പോൾ അന്താരാഷ്ട്രീയ ഹിന്ദു പരിഷദ്  ദേശീയ പ്രവർത്തകയായ രജനി തുക്രാല്‍ ക്യാമ്പിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുന്ന വീഡിയോ ലഭ്യമായി. 

തുടര്‍ന്ന് ഞങ്ങള്‍  രജനിയുമായി സംസാരിച്ചു. രജനിയുടെ വിശദീകരണം ഇങ്ങനെ: “പൂര്‍ണ്ണമായും തെറ്റായ വാര്‍ത്തയാണ്. ആദ്യം തന്നെ നിങ്ങളോട് പറയട്ടെ. ജമ്മുവില്‍ ദേശായിമാര്‍ ഇല്ല. ഈ പെണ്‍കുട്ടിയുടെ പേര് സ്നേഹ മഹാജന്‍ എന്നാണ്. നാലുകൊല്ലം മുമ്പുള്ള ക്യാമ്പിലാണ് അവള്‍ വന്നത്. സംഘപ്രവര്‍ത്തകനായ അവളുടെ അമ്മാവനാണ് സ്നേഹയെ ക്യാമ്പില്‍ എത്തിച്ചത്. അവള്‍ ഇതുവരെ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല. അവളുടെ വീട്ടുകാര്‍ ഈ പ്രചാരണത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. നിയമ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ അവരെ അറിയിക്കുന്നുണ്ട്.”

(സ്നേഹ മഹാജന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ ഞങ്ങള്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്)

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റില്‍ സൌമ്യ ദേശായി എന്ന പെണ്‍കുട്ടി മതം മാറിയതിനു ശേഷം പ്രസിദ്ധീകരിച്ച ചില ട്വീറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ട്വീറ്റിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവയൊന്നും നിലവിലില്ല എന്നാണ് കാണാന്‍ കഴിയുന്നത്. ആ പേരില്‍ അക്കൌണ്ടും നിലവിലില്ല. അതിനാല്‍ തന്നെ ട്വീറ്റ് വിശ്വസനീയമല്ല. മാത്രമല്ല ഈ വാര്‍ത്ത ഈ വെബ്സൈറ്റില്‍ ഒഴികെ മറ്റു മാധ്യമങ്ങളാരും നല്‍കിയിട്ടില്ല.  ഒരു ഉര്‍ദു മാധ്യമം സൌമ്യ ദേശായി ഗുജറാത്തില്‍ നിന്നുള്ളതാണ് എന്ന്‍ വാദിച്ച് ഇതേ വാര്‍ത്ത നല്‍കിയിട്ടുണ്ട്.  

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന രണ്ടാമത്തെ ചിത്രം അതായത് സൌമ്യ ദേശായി മതം മാറിയ ശേഷമുള്ളത് എന്നറിയിക്കാനായി ഹിജാബ് ധരിച്ചു കൊണ്ടുള്ളത് വര്‍ഷങ്ങളായി ഇന്‍റെര്‍നെറ്റില്‍ പ്രചരിച്ചു പോരുന്ന ഒരു ചിത്രമാണ്. ഈ യുവതി ഇന്ത്യയില്‍ നിന്നുള്ളതല്ല എന്ന് അനുമാനിക്കുന്നു. പല വെബ്സൈറ്റുകളിലും പോണ്‍ സൈറ്റുകളില്‍ ഉള്‍പ്പെടെ പ്രതീകാത്മക ചിത്രമായി ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ചില ട്വിറ്റര്‍ അക്കൌണ്ടുകളും പ്രൊഫൈല്‍ ചിത്രമായി ഇത് ഉയോഗിച്ചിട്ടുണ്ട്. 

ഏതായാലും പോസ്റ്റിലെ ചിത്രങ്ങളും വാര്‍ത്തയും തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ചിത്രത്തില്‍ കാണുന്നത് സൌമ്യ ദേശായി അല്ല, സ്നേഹ മഹാജന്‍ എന്ന ജമ്മു സ്വദേശിനിയാണ്. ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത ശേഷം എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് ഇന്‍റെര്‍നെറ്റില്‍ വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു ചിത്രമാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ചിത്രത്തിലെ പെണ്‍കുട്ടി സൌമ്യ ദേശായി അല്ല, ജമ്മുവില്‍ നിന്നുള്ള സ്നേഹാ മഹാജനാണ്… പോസ്റ്റിലെ പ്രചരണം തെറ്റാണ്…

Fact Check By: Vasuki S 

Result: False