
വിവരണം
കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ അനധികൃത നിയമനങ്ങള്‍ നടന്നുവെന്ന് ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. തലസ്ഥാനത്ത് പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ സമരം സംഘടിപ്പിച്ച വാര്‍ത്തയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതിന്റെ വിഷമങ്ങള്‍ സമര വേദിയില്‍ പങ്കുവച്ചശേഷം സുഹൃത്തിനെ ചേര്‍ത്തുപിടിച്ച് കരയുന്ന ലയ എന്ന യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറി.
ഇപ്പോള്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പ്രചാരണം നടക്കുന്നുണ്ട്. അത് ഇങ്ങനെയാണ്: ലയ അനില്‍ അക്കര എം എല്‍ എ യുടെ ബന്ധുവാണ് എന്നാണത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിലെ വാചകങ്ങള്‍ ഇങ്ങനെ: സെക്രട്ടേറിയറ്റിന് മുന്നിലെ ഫോട്ടോ ഷൂട്ട് നാടകം പൊളിഞ്ഞിരിക്കുന്നു. നായിക അനില്‍ അക്കരയുടെ അടുത്ത ബന്ധു ലിയ. നാടകം സംവിധാനം ചെയ്തത് അനില്‍ അക്കര എം എല്‍ എ.
എംഎല്‍എ ശബരിനാഥന്റെ ഫേസ്ബുക്ക് പേജില്‍ പ്രസ്തുത പോസ്റ്റര്‍ പങ്കുവച്ചു എന്ന മട്ടിലുള്ള പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് താഴെ കാണാം.
ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. അപ്പോള്‍ ഇത് വെറും വ്യാജ പ്രചരണമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഞങ്ങളുടെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ ആദ്യം ശബരിനാഥന് എം എല്‍ എ യുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു. വൈറല്‍ ചിത്രം അതില്‍ “കേരള യുവതയുടെ കണ്ണുനീർ….” എന്ന അടിക്കുറിപ്പില്‍ നല്‍കിയിട്ടുണ്ട്.
ഈ ചിത്രത്തിന്റെ സ്ക്രീന്‍ ഷോട്ട് എഡിറ്റ് ചെയ്ത് അനില്‍ അക്കര എംഎല്‍എ യുടെ ബന്ധുവാണ് ലയ എന്ന കാര്യം കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഇനി ലയ അനില്‍ അക്കരയുടെ ബന്ധുവാണോ എന്നറിയാനായി ഞങ്ങളുടെ പ്രതിനിധി അദ്ദേഹവുമായി സംസാരിച്ചിരുന്നു. : “ലയ എന്റെ ബന്ധുവാണ് പ്രചരണം കണ്ടപ്പോള്‍ തന്നെ ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ലയ എന്ന പെണ്‍കുട്ടിയുമായി എനിക്ക് കുടുംബ ബന്ധങ്ങളൊന്നുമില്ല. ഇതൊക്കെ വെറും സൈബര്‍ പ്രചരണം മാത്രമാണ്. പക്ഷേ ലയയെ പോലെ വേദന അനുഭവിക്കുന്നവര്‍ എല്ലാവരും യഥാര്‍ത്ഥത്തില്‍ എന്റെ സഹോദരി-സഹോദരന്മാരാണ്.” ഇതാണ് അദ്ദേഹം നല്കിയ മറുപടി.
അനില്‍ അക്കര എം എല്‍ എ യുടെ ഫേസ്ബുക്ക് പോസ്റ്റ് :
കൂടാതെ ഞങ്ങളുടെ പ്രതിനിധി വൈറല്‍ ചിത്രത്തിലെ യുവതി ലയയുമായി സംസാരിച്ചു. “പിഎസ്സി ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും നിയമനത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ആകാത്തതിന് എതിരെയാണ് ഞങ്ങള്‍ സമരം ചെയ്തത്. ഞങ്ങളെ പോലുള്ളവര്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും എല്ലാ കാര്യങ്ങളും മാറ്റിവച്ച് തിരുവനന്തപുരത്ത് എത്തി സമരം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഓര്‍ത്ത് നോക്കൂ… അങ്ങനെയുള്ള സാഹചര്യങ്ങള്‍ കൊണ്ടാണ് കരച്ചില് വന്നുപോയത്. സൈബര്‍ ലോകത്ത് എന്നെ ഉടന്‍ നാടകക്കാരി ആക്കി. ഞാന്‍ അനില്‍ അക്കര എം എല്‍ എ യുടെ ബന്ധുവാണ് എന്നാണ് പുതിയ ആരോപണം. അദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ ഞാന്‍ കണ്ടിട്ടുപോലുമില്ല. ഞാന്‍ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ് അദ്ദേഹം. അത്ര മാത്രമേ എനിക്ക് അദ്ദേഹവുമായി ബന്ധമുള്ളൂ.”
അനില്‍ അക്കരയുടെ ബന്ധുവാണ് ലയ എന്നത് അടിസ്ഥാന രഹിതമായ അവകാശവാദം ആണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. സെക്രട്ടേറിയറ്റ് പടിക്കല്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ പെട്ട ഉദ്യോഗാര്‍ഥികളുടെ സമരത്തിനിടയില്‍ നിന്നും വൈറല്‍ ചിത്രത്തില്‍ ഉള്‍പ്പെട്ട ലയ, അനില്‍ അക്കരയുടെ ബന്ധുവാണ് എന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്.

Title:സെക്രട്ടേറിയറ്റിലെ സമരവേദിയില്‍ നിന്നുള്ള വൈറല്‍ ചിത്രത്തിലെ യുവതി, അനില്‍ അക്കര എംഎല്‍എയുടെ ബന്ധുവാണ് എന്ന പ്രചരണത്തിന്റെ യാഥാര്‍ത്ഥ്യമറിയൂ…
Fact Check By: Vasuki SResult: False
