FACT CHECK: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാന്‍ കൊല്ലത്ത് പൂജ നടത്തുന്നു എന്ന പ്രചരണം തെറ്റാണ്… സത്യമറിയൂ…

പ്രാദേശികം സാമൂഹികം

വിവരണം 

ഈ ആധുനിക കാലത്തും സ്വന്തം മക്കളെ ബലിക്കായി കൊല ചെയ്ത രണ്ടു സംഭവങ്ങള്‍ നാം ഈയിടെ വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിലൊന്ന് നമ്മുടെ കേരളത്തിലായിരുന്നു.  അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വാര്‍ത്തകള്‍ ഇക്കാലത്തും വന്നുകൊണ്ടിരിക്കുന്നു.  ഹിന്ദുക്കളിലെ ബ്രാഹ്മണേതര സമുദായങ്ങള്‍ക്ക് ബ്രാഹ്മണനാകാന്‍ സുവര്‍ണ്ണാവസരം എന്ന അറിയിപ്പ് പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നിങ്ങളുടെ ഏവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ… വായനക്കാരില്‍ ചിലര്‍ ഞങ്ങള്‍ക്ക് ഈ അറിയിപ്പ് അയച്ചു തരികയും ഇതിന്‍റെ യാഥാര്‍ത്ഥ്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് നിങ്ങള്‍ക്ക് കാണാം. 

ഒരു യാഗം നടത്തുന്ന ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇങ്ങനെയാണ്: “അടുത്ത ജന്മത്തിൽ ബ്രഹ്മണനായി ജനിക്കാൻ എല്ലാ ഹിന്ദുക്കൾക്കും (ദളിതർ ഉൾപ്പെടെ) ഒരു സുവർണ്ണാവസരം . ഈ വരുന്ന ഞായർ വകുന്നേരം 12 മണിക്ക് കൊല്ലം ശാഖാ കേന്ദ്ര 113 – ൽ വച്ച് ഭ്രാഹ്മണ്യനിത്യാഞ്ജലിപരഭൂതപ്രമാണിപൂജ നടക്കുന്നു. പങ്കെടുക്കാൻ താത്‌പര്യപ്പെടുന്നവർ വിളിക്കുക 0758862181”

“അടുത്ത ജൻമത്തിൽ സവർണ്ണനായി ജനിച്ച് അവർണ്ണന് പണി കൊടുക്കാനുള്ള സുവർണ്ണാവസരം.

ദലിത് സംഘികളൊക്കെ ഇവിടെ കമോൺ.

അടുത്ത ജൻമത്തിലെങ്കിലും മേലനങ്ങാതെ ജീവിക്കാം.

അന്തസ്സുള്ള നായരാവാൻ കഴിയാതെ പോയതിൽ കുണ്ഠിതപ്പെട്ടു നടക്കുന്ന ഉള്ളി അവസരം നഷ്ടപ്പെടുത്തരുത്. 

നായരൊക്കെ യെന്ത്…? ഇത് അതുക്കും മേലെയാണ്…”  എന്നാ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. 

archived linkFB post

എന്നാല്‍ ഞങ്ങള്‍ ഈ പ്രചാരണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ നടത്തുന്ന വെറും വ്യാജ പ്രചാരണം മാത്രമാണെന്ന് വ്യക്തമായി. വിശദാംശങ്ങള്‍ പങ്കുവയ്ക്കാം 

വസ്തുതാ വിശകലനം

ഈ പോസ്റ്റ് വസ്തുതയറിയാതെ നിരവധിപ്പേര്‍ പങ്കുവച്ച് വൈറല്‍ ആയിട്ടുണ്ട്. 

പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍ പെടാത്ത തരത്തില്‍ പോസ്റ്റിലെ വാചകങ്ങളില്‍ നിറയെ അക്ഷര തെറ്റുകളുണ്ട്. ‘ബ്രാഹ്മണന്‍’ എന്നുള്ളതിന് ‘ബ്രഹ്മണന്‍’ എന്നാണ് ആദ്യം തന്നെ എഴുതിയിട്ടുള്ളത്. പിന്നെ ‘വകുന്നേരം 12 മണി’, ‘ഭ്രാഹ്മണ്യ’ എന്നുമുള്ള തെറ്റായ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. 

ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറിനെ കുറിച്ച് അന്വേഷിച്ചു. ഇത് 2011ല്‍ വിശ്വഹിന്ദു പരിഷദ് എന്ന ഹൈന്ദവ സംഘടന പൂനയില്‍ ആരംഭിച്ച ഹെല്‍പ് ലൈന്‍ നമ്പറാണ്. ഇക്കാര്യം പരാമര്‍ശിച്ച് ടൈംസ്‌ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഞങ്ങള്‍ക്ക് ലഭിച്ചു.

അതിനാല്‍ ഞങ്ങള്‍ പോസ്റ്റിലെ വാര്‍ത്തയുടെ വിശദാംശങ്ങള്‍ക്കായി വിശ്വഹിന്ദു പരിഷദിന്റെ ദേശീയ വക്താവായ ശ്രീജിത്ത്‌ നായരുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഈ നമ്പര്‍ വിശ്വ ഹിന്ദു പരിഷദിന്റെതാണ്. എന്നാല്‍ ഇങ്ങനെയൊരു പൂജ നടത്തുന്നു എന്ന വാര്‍ത്തയോടൊപ്പം ഈ നമ്പര്‍ ആരോ മനപൂര്‍വം ചേര്‍ത്തതാണ്.  എന്‍റെ അറിവില്‍ ഇതൊരു കള്ള പ്രചാരണമാണ്.  വിശ്വഹിന്ദു പരിഷദ് എന്തായാലും ഇങ്ങനെയൊരു പൂജ ഇതുവരെ നടത്തിയിട്ടില്ല, ഇനി നടത്തുകയുമില്ല.” 

കൂടാതെ ഞങ്ങള്‍ വിശ്വ ഹിന്ദു പരിഷദ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ രാജശേഖരനുമായി സംസാരിച്ചു. “ഞാന്‍ ഈ പോസ്റ്റ് കണ്ടിരുന്നു. കുറേപ്പേര്‍ എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു പൂജ ഒന്നും കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ എവിടെയും നടക്കുന്നില്ല. ഇങ്ങനെയൊരു പൂജ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണ്. ഇത് തെറ്റിദ്ധരിപ്പിക്കാന്‍ ആരോ മനപൂര്‍വം നടത്തുന്ന പ്രചരണം മാത്രമാണ്.”

സംസ്‌കൃത ഭാഷയില്‍ 25 ല്‍ അധികം പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള ആലപ്പുഴയിലെ പ്രശസ്തനായ ഡോക്റ്ററും സംസ്കൃത ഭാഷാ പണ്ഡിതനുമായ കെ പി ഹെഗ്ഡേയോട് പോസ്റ്റിലെ പൂജയെ പറ്റി നല്‍കിയിട്ടുള്ള വാക്കുകളുടെ അര്‍ത്ഥം അന്വേഷിച്ചപ്പോള്‍ ഇതിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലെന്നും വെറുതേ ഏതാനും വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വച്ചിരിക്കുകയാണെന്നും അദ്ദേഹം മറുപടി നല്‍കി. 

പോസ്റ്റില്‍ പൂജ നടക്കുന്ന സ്ഥലം കൊല്ലം എന്ന് പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ കൊല്ലം ജില്ലയിലെ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് മുരളീധരനോട് ഞങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചു. “എന്‍റെ അറിവില്‍ ഇങ്ങനെ ഒരു പൂജ ഇവിടെ ഒരിടത്തും തീരുമാനിക്കപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള ഒരു പൂജയും ഇതുവരെ കേരളത്തില്‍ ഒരിടത്തും നടത്തിയതായി കേട്ടിട്ടില്ല. ഇത് വെറും ദുഷ്പ്രചരണം മാത്രമാണ്.

ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത് പോസ്റ്റിലേത് വെറും വ്യാജ പ്രചരണം ആണെന്നാണ്‌.

നിഗമനം

പോസ്റ്റിലെ വാര്‍ത്ത വെറും വ്യാജ പ്രചാരണമാണ്. തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ആരോ നിര്‍മ്മിച്ച വ്യാജ പോസ്റ്റ് മാത്രമാണിത്. പോസ്റ്റിലെ വിവരനഗല്‍ അസത്യമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

Avatar

Title:അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാന്‍ കൊല്ലത്ത് പൂജ നടത്തുന്നു എന്ന പ്രചരണം തെറ്റാണ്… സത്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •