കൊറോണ വൈറസിനെതിരെ പ്രചരിക്കുന്ന ഈ മാർഗ നിർദേശങ്ങൾ യൂണിസെഫിന്റെത് അല്ല….

Coronavirus അന്തർദേശിയ൦ ആരോഗ്യം

വിവരണം 

കൊറോണ വൈറസ് ഭീതി ലോകമെമ്പാടും പടരുകയാണ്. ഇന്ത്യയിൽ  ആദ്യം കേരളത്തിലാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളായിരുന്നു രോഗബാധിതർ. കേരളത്തിൽ നിന്നും കൊറോണ ഭീതി വിട്ടൊഴിഞ്ഞശേഷം ഇന്ത്യയിൽ ഇപ്പോൾ 29  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു  എന്ന് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച്, ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 90,000 ത്തിലധികമാണ്.` 3200 പേർ ഇതിനകം രോഗം പിടിപെട്ട് മരിച്ചു.

കൊറോണ വൈറസിന്‍റെ (COVID-19) പ്രഭവകേന്ദ്രമായ വുഹാൻ പൂട്ടിയിട്ട് 6 ആഴ്ചയായി.  ചൈനയിൽ അണുബാധയുടെ തോത് ഒരു പരിധിവരെ സാധാരണ നിലയിലാണെങ്കിലും, ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് 77 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 ലോകമെമ്പാടും കൂടുതൽ  വ്യാപിക്കുമെന്നാണ്. സ്ഥിതി ഒരു മഹാമാരിയായി പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മേലുള്ള സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്  

ഈ അവസരത്തിൽ കൊറോണ വൈറസിനെ തടയുവാനും പ്രതിരോധിക്കാനുമുള്ള യുണിസെഫ് മാർഗ നിർദേശങ്ങൾ എന്ന പേരിൽ ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

archived linkFB post

അത്തരത്തിൽ ഒരു സന്ദേശം ഞങ്ങൾക്ക് വസ്തുതാ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വാട്ട്സ് ആപ്പിൽ  ലഭിച്ചിരുന്നു 

യൂണിസെഫ് പോസ്റ്റിൽ നൽകിയിട്ടുള്ള പോലെ  മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടില്ല. യാഥാർഥ്യം അറിയാം 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ സന്ദേശത്തിന്‍റെ കീ വേർഡ്സ്  ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഫേസ്‌ബുക്കിൽ സമാനമായ ചില പോസ്റ്റുകൾ കണ്ടു. പോസ്റ്റിൽ നൽകിയിരിക്കുന്ന വാദങ്ങൾ ഇങ്ങനെയാണ് 

കൊറോണ വൈറസ് വലുപ്പത്തിൽ 400-500 മൈക്രോ വ്യാസമുള്ളതിനാൽ ഏത് മാസ്കും അതിന്റെ പ്രവേശനത്തെ തടയുന്നു, അതിനാൽ മസിലുകളുമായി വ്യാപാരം നടത്താൻ ഫാർമസിസ്റ്റുകളെ ചൂഷണം ചെയ്യേണ്ട ആവശ്യമില്ല. വൈറസ് വായുവിൽ സ്ഥിരതാമസമാക്കുന്നില്ല, പക്ഷേ നിലത്താണ്, അതിനാൽ ഇത് വായുവിലൂടെ പകരില്ല. കൊറോണ വൈറസ് ഒരു ലോഹ പ്രതലത്തിൽ വീഴുമ്പോൾ 12 മണിക്കൂർ ജീവിക്കും, അതിനാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് തന്ത്രം ചെയ്യും. കൊറോണ വൈറസ് തുണിത്തരങ്ങളിൽ വീഴുമ്പോൾ 9 മണിക്കൂർ തുടരും, അതിനാൽ വസ്ത്രങ്ങൾ കഴുകുകയോ രണ്ട് മണിക്കൂർ സൂര്യനിൽ എത്തിക്കുകയോ ചെയ്താൽ മതിയാകും. വൈറസ് 10 മിനിറ്റ് കയ്യിൽ വസിക്കുന്നു, അതിനാൽ മദ്യം സാനിറ്റൈസർ പോക്കറ്റിൽ ഇടുന്നത് തടയാൻ മതിയാകും. വൈറസ് 26-27 of C താപനിലയിൽ എത്തുകയാണെങ്കിൽ, അത് കൊല്ലപ്പെടും, ഇത് ചൂടുള്ള പ്രദേശങ്ങളിൽ വസിക്കുന്നില്ല. ചൂടുവെള്ളം കുടിക്കുന്നതും സൂര്യനുമായി സമ്പർക്കം പുലർത്തുന്നതും നല്ലതാണ്. ഐസ്ക്രീമിൽ നിന്ന് മാറിനിൽക്കുക, തണുത്ത ഭക്ഷണം പ്രധാനമാണ്. ചെറുചൂടുള്ള വെള്ളവും ഉപ്പും ഉപയോഗിച്ച് ഗാർലിംഗ് ടോൺസിലുകളെ കൊല്ലുകയും ശ്വാസകോശത്തിലേക്ക് ഒഴുകുന്നത് തടയുകയും ചെയ്യുന്നു. വൈറസ് തടയാൻ ഈ നിർദ്ദേശങ്ങൾ പാലിക്കുന്നത് മതിയാകും. UNICEF #UNICEF

ഈ പ്രചാരണത്തിന്‍റെ വസ്തുത അറിയാനായി ഞങ്ങളുടെ ശ്രീലങ്ക ടീം യൂണിസെഫ് ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഈ സന്ദേശങ്ങൾ യുണിസെഫ് പ്രസ്താവനകളല്ല. ഇതൊക്കെ വ്യാജ പ്രചരണങ്ങളാണ്.യുനിസെഫിന്‍റെ കമ്മ്യൂണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് ശ്രീ ജെറമി സ്പ്രിജ് ആണ് ശ്രീലങ്കന്‍ പ്രതിനിധിയോട് ഇക്കാര്യം സ്ഥിരീകരിച്ചത്.  ഇതുമായി ബന്ധപ്പെട്ട വസ്തുത യുണിസെഫിന്‍റെ സോഷ്യൽ മീഡിയ ചാനലുകൾ വഴി പ്രസിദ്ധീകരിക്കും. ഇതാണ് യൂണിസെഫ് ഓഫീസിൽ നിന്നും ലഭിച്ച പ്രതികരണം. 

കൊറോണ വൈറസ് പ്രതിരോധത്തിനും നിരോധനത്തിനുമായി യൂണിസെഫും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും നിരവധി മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇവ ലഭ്യമാണ്.

whonovel-coronavirus-2019unicef

archived link

കൊറോണ വൈറസിനെ അറിയാനും തടയാനും പ്രതിരോധിക്കാനുമുള്ള മാര്‍ഗ നിര്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ വായിക്കാം. 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളെ പറ്റി ഞങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശ്വാസകോശരോഗ വിദഗ്ദ്ധനായ ഡോ. കെ വേണുഗോപാലിനോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം തന്ന മറുപടി ഇങ്ങനെയാണ്: “എം 95 മാസ്ക്കാണ് ഇത്തരം പകര്‍ച്ചവ്യാധികളെ തടയാന്‍ മെഡിക്കല്‍ വിദഗ്ധര്‍ പൊതുവേ രോഗി പരിചരണത്തിനുള്ളവര്‍ക്കായി റെക്കമെന്‍റ് ചെയ്യുന്നത്. മറ്റുള്ളവ മുഖവും അന്തരീക്ഷവുമായുള്ള നേരിട്ടുള്ള സംബര്‍ക്കം തടയുന്നു എന്നു മാത്രം. പുറത്ത് 12 മണിക്കൂറില്‍ കൂടുതല്‍ നേരം വൈറസിന് ആയുസ്സില്ല. 26-27 ഡിഗ്രിയില്‍ കൂടുതല്‍ ചൂടില്‍ വൈറസ് നശിക്കും. അതാണ് ഇന്ത്യയില്‍ അതിവേഗം രോഗം പടരാത്തത്. വൈറസ് 10 മിനിറ്റില്‍ കൂടുതല്‍ കൈയില്‍ ഇരിക്കില്ല എന്നതോ ഐസ്ക്രീം പോലുള്ളവ കഴിക്കുന്നത് രോഗം വരാന്‍ കാരണമാകും എന്നുള്ളതോ ഒന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ എല്ലാം വിശ്വസിക്കാന്‍ ആകില്ല.”

എന്നാല്‍ പോസ്റ്റിൽ നല്‍കിയിരിക്കുന്നതുപോലെയുള്ള മാർഗ നിർദേശങ്ങൾ യൂണിസെഫ് പുറത്തിറക്കിയിട്ടില്ല. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന തരത്തിൽ യുണിസെഫ് കൊറോണ വൈറസിനെതിരെ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടില്ല. ഇത്തരത്തിൽ വരുന്നതെല്ലാം വ്യാജ പ്രചാരണങ്ങളാണ് 

Avatar

Title:കൊറോണ വൈറസിനെതിരെ പ്രചരിക്കുന്ന ഈ മാർഗ നിർദേശങ്ങൾ യൂണിസെഫിന്റെത് അല്ല….

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •