
വിവരണം
ഏതാനും മാസങ്ങൾക്ക് മുമ്പ് കാട്ടിൽ നിന്നും ഭക്ഷണം തേടിയെത്തിയ ഗര്‍ഭിണിയായ ആന പൈനാപ്പിൾ തോട്ടത്തിലെത്തുകയും പടക്കം ഒളിപ്പിച്ച പൈനാപ്പിൾ കഴിച്ച് വായ പൊള്ളി യാതനകള്‍ക്കൊടുവില്‍ ഏതാനും ആഴ്ചകൾക്കു ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്ത വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം മുഴുവൻ കേട്ടത്. മുഴുവൻ പേരും സംഭവത്തെ അപലപിക്കുകയും ഈ അതിക്രമം കാട്ടിയവർക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഇതുപോലെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയെ പറ്റി ഇതിനോടകം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. ഒരു പൂച്ചക്കുട്ടിയുടെ ശരീരത്തിൽ മണ്ണെണ്ണ പോലെ തീ പിടിക്കുന്ന തരം ഏതോ ദ്രാവകം ഒഴിക്കുകയും അതിനു ശേഷം സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തി അതിനെ കൊല്ലുകയും ചെയ്യുന്ന വീഡിയോ ആണിത്. തീ കൊളുത്തിയ ആൾ തന്നെയാണ് വീഡിയോ എടുത്തതെന്ന് കരുതുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

ഈ സംഭവത്തിനു പിന്നിൽ ഒരു യുവമോർച്ചാ പ്രവർത്തകനാണെന്നും അയാൾ ഇപ്പോൾ ഒളിവിലാണെന്നും അറിയിച്ചുകൊണ്ട് പ്രസ്തുത യുവമോർച്ചാ പ്രവർത്തകന്‍റെ ചിത്രവുമായിട്ടാണ് പോസ്റ്റിന്‍റെ പ്രചരണം. “ഈ സംഘിയെ ഇതുപോലെ കത്തിക്കുകയാണ് വേണ്ടത്. പൂച്ചക്കുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന പൈശാചിക കൃത്യത്തിനു പിന്നിൽ യുവമോർച്ചാ നേതാവ് സതീഷ് പുൽപ്പറമ്പിൽ. വാർത്ത പുറത്തു വന്നതോടെ ചേർത്തല യുവമോർച്ചാ നേതാവ് ഒളിവിൽ !! ഭ്രൂണത്തിൽ ശൂലം കയറ്റുന്ന ഒരു സംഘിക്കു മാത്രമേ ഈ ക്രൂരതയും ചെയ്യാൻ കഴിയുള്ളു. ഇവനെ കണ്ടെത്തുംവരെ ഷെയർ ചെയ്യുക” എന്നാണ് പോസ്റ്റിലെ വാർത്ത.
എന്നാൽ പോസ്റ്റിലെ ആരോപണം പൂർണ്ണമായും തെറ്റാണ്
യാഥാർഥ്യം ഇങ്ങനെയാണ്
ഞങ്ങൾ ആദ്യം പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് അന്വേഷണത്തിന് വിധേയമാക്കി. പ്രശസ്ത സംഗീത സംവിധായകന്‍റെ മകനും യുവ സംഗീതജ്ഞനുമായ യുവൻ ശങ്കർ രാജയുടെ ചിത്രമാണിതെന്ന് വ്യക്തമായി.
താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങൾ ശ്രദ്ധിക്കുക.


സാമൂഹ്യ മാധ്യങ്ങളിൽ പ്രചരിക്കുന്ന പൂച്ചക്കുട്ടിയെ കൊന്ന സംഭവത്തിന്‍റെ യാഥാർഥ്യമറിയാൻ ഞങ്ങൾ സൈബർ പോലീസുമായി ബന്ധപ്പെട്ടിരുന്നു. സംഭവം എവിടെ നടന്നതാണെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അന്വേഷണം തുടങ്ങുന്നതേയുള്ളൂ എന്നും അവർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന മാധ്യമ വാർത്തയിലും ഇതേ വിവരങ്ങൾ തന്നെയാണുള്ളത്.

അക്രമം നടത്തിയവരെ പിടികൂടുന്നയാൾക്ക് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ എന്ന സംഘടനയും മലേഷ്യയിലെ ആനിമൽ അസോസിയേഷൻ എന്ന സംഘടനയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
യുമോർച്ചാ പ്രവർത്തകനാണ് പൂച്ചക്കുട്ടിയെ കൊന്ന സംഭവത്തിനു പിന്നിൽ എന്ന ആരോപണം തെറ്റാണ്. പോസ്റ്റിലെ ചിത്രം യുവ സംഗീത സംവിധായകനും ഇളയരാജയുടെ മകനുമായ യുവൻ ശങ്കർ രാജയുടേതാണ്. പോസ്റ്റിലെ മറ്റു ആരോപണങ്ങളും തെറ്റാണ്.
നിഗമനം
പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം പൂർണ്ണമായും തെറ്റാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം യുവ സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയുടേതാണ്. പൂച്ചക്കുട്ടിയെ കൊന്ന കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടേയുള്ളു. അക്രമിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ഓരോ വ്യക്തികളുടെ പേരുകള്‍ അനാവശ്യമായി പ്രതി ചേർത്ത് പ്രചരിപ്പിക്കുകയാണ്.

Title:‘പൂച്ചക്കുട്ടിയുടെ ഘാതകനായ യുവമോർച്ച പ്രവർത്തകൻ’ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് യുവ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയുടെ ചിത്രമാണ്
Fact Check By: Vasuki SResult: False
