
പ്രചരണം
രാഷ്ട്രീയ നേതാക്കള്‍ സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് ഇതര രാഷ്ട്രീയത്തോട് ഐക്യം പ്രകടിപ്പിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത് പുതിയ കാര്യമല്ല. ഇതുപോലെയുള്ള വാര്‍ത്തകള്‍ നമ്മള്‍ നിരവധി കാണാറുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളും ഇങ്ങനെ പ്രചരിക്കാരുണ്ട്.
ഉദാഹരണത്തിന് മഹാരാഷ്ട്ര സിപിഎം സ്റ്റേറ്റ് സെക്രട്ടറി നരസയ്യ ആദം സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നു എന്ന പ്രചരണം. ഈ പ്രചാരണത്തിന് രണ്ടു കൊല്ലത്തോളം പഴക്കമുണ്ട്. ഇതിനു മുമ്പ് ഞങ്ങള്‍ ഈ പ്രചാരണത്തിന് മുകളില്‍ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഇതേ പ്രചരണം ഇപ്പോഴും വളരെ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ വീണ്ടും പ്രചാരണത്തിന് മുകളില്‍ അന്വേഷണം നടത്തി. കാരണം രാഷ്ട്രീയമായതിനാല്‍ നേതാക്കള്‍ കൂറുമാറുക എന്നത് സംഭവിക്കാവുന്ന കാര്യമാണ്. എന്നാല്‍ ആദം നരസയ്യയുടെ കാര്യത്തില്‍ ഇപ്പോഴും തുടരുന്നത് തെറ്റായ പ്രചരണം തന്നെയാണെന്ന് ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
സാമൂഹ്യ മാധ്യമങ്ങളില്‍ പണ്ട് പ്രചരിച്ച അതേ പോസ്റ്റര്‍ രൂപത്തില്‍ തന്നെയാണ് വാര്‍ത്ത ഇപ്പോഴും പ്രചരിക്കുന്നത്.

ആദം നർസയ്യ എന്നാണ് അദ്ദേഹത്തിന്റെ പേര്. സർസയ്യ എന്നല്ല. സിപിഎമ്മിന്‍റെ മുതിർന്ന നേതാവും പാര്‍ട്ടിയുടെ മഹാരാഷ്ട്ര സംസ്ഥാന സമിതി സെക്രട്ടറിയുമാണ് നർസയ്യ. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വേളയിൽ നർസയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് പരാമർശം നടത്തി എന്നാരോപിച്ച് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു എന്ന വാർത്ത 2019 മാർച്ച് മാസം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹം മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അന്ന് ഞങ്ങള്‍ ഈ പ്രചാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി ഓഫീസുമായിട്ടാണ് ബന്ധപ്പെട്ടത്. സ്റ്റേറ്റ് കമ്മിറ്റി സ്‌പെഷ്യൽ ഇൻവൈറ്റിയും ഓഫീസ് ഭാരവാഹിയുമായ മലയാളിയായ കിഷോർ തെക്കേടത്ത് ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു “ആദം നർസയ്യ ബിജെപിയിലെ ചേർന്നു എന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിച്ചു എന്ന പേരിൽ ആദം നർസയ്യയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. മൂന്നു മാസം പാർട്ടിയിൽ നിന്നും വിലക്കേർപ്പടുത്തുകയാണുണ്ടായത്. അതിനു ശേഷം ഓഗസ്റ്റ് 15 ന് അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചെടുത്തുകൊണ്ട് ഔദ്യോഗിക കുറിപ്പ് പുറത്തിറക്കിയിരുന്നു, ആദം നർസയ്യ തന്നെയാണ് നിലവിൽ സംസ്ഥാന സെക്രട്ടറി.” ഇത്തവണ ഞങ്ങള്‍ സംശയ നിവാരണത്തിനായി സമീപിച്ചത് ആദം നരസയ്യയെ തന്നെയാണ്. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ഞാന്‍ ഇത്രയും നാള്‍ അടിയുറച്ച സിപിഎം പ്രവര്‍ത്തകനായിരുന്നു. മരണം വരെ ഇനിയും സിപിഎം കാരനായി തന്നെ തുടരും. ഞാന്‍ ബിജെപിയില്‍ ചേരുന്നു എന്ന് കാലങ്ങളായുള്ള ദുഷ് പ്രചരണമാണ്. ഇത് സത്യമല്ല.” അദ്ദേഹം നല്‍കിയ വിശദീകരത്തിന്‍റെ പൂര്‍ണ്ണ രൂപം:

വിശദീകരണവുമായി അദ്ദേഹത്തില്‍ നിന്നും ലഭിച്ച വാട്ട്സ് അപ്പ് സന്ദേശം

ഞങ്ങള്‍ ആദം നരസയ്യയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ അദ്ദേഹം സജീവമായി സിപിഎം പാര്‍ട്ടിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കാലികമായി പ്രസിദ്ധീകരിക്കുന്നുണ്ട് എന്ന് മനസ്സിലായി.
കൂടാതെ ഞങ്ങള്‍ കേരളത്തില്‍ നിന്നുമുള്ള പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചു. ഇത് വെറും വ്യാജ പ്രചരണമാണെന്നും നരസയ്യ ആദം ഇപ്പോഴും സിപിഎമ്മില്‍ തന്നെ സജീവമായി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ ബിജെപി വൃത്തങ്ങളിൽ നിന്നും ഈ വാര്‍ത്തയെ സ്ഥിരീകരിക്കുന്ന യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. സിപിഎമ്മിലെ മുതിർന്ന നേതാവ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നാൽ അത് തീര്‍ച്ചയായും വാര്‍ത്താ പ്രാധാന്യം നേടും. ബിജെപിയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ പോലും ഇത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല.
ആദം നരസയ്യ സിപിഎം വിട്ട് ബിജെപിയില്‍ ചേരുന്നു എന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. മഹാരാഷ്ട്ര സിപിഎം സെക്രട്ടറി ആദം നരസയ്യ സിപിഎം വിട്ട് ബിജെപിയില്‍ ചേരുന്നു എന്നാ തരത്തില്‍ കാലങ്ങളായി പ്രചരിക്കുന്നതൊക്കെ വ്യാജ വാര്‍ത്തകള്‍ മാത്രമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മഹാരാഷ്ട്ര സിപിഎം സ്റ്റേറ്റ് സെക്രട്ടറി നരസയ്യ ആദം സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നുവെന്ന വ്യാജ പ്രചാരണത്തിന് രണ്ടു വര്‍ഷം പഴക്കമുണ്ട്…
Fact Check By: Vasuki SResult: False
