നക്ഷത്രത്തെ അമ്മയായി സങ്കൽപ്പിച്ചു വിളിക്കുന്ന ഈ കുട്ടികളുടെ അമ്മ ഇറ്റലിയിൽ കൊറോണബാധ മൂലമല്ല മരിച്ചത്.. സത്യം ഇതാണ്..

Coronavirus അന്തർദേശിയ൦

വിവരണം 

രണ്ടു ചെറിയ ആൺകുട്ടികൾ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ അമ്മയെന്ന് സങ്കൽപ്പിച്ച് വിളിക്കുന്നതും കരയുന്നതുമായ ദൃശ്യങ്ങളുള്ള ഒരു വീഡിയോ ഇതിനോടകം വായനക്കാർ കണ്ടുകാണും.   ലോകമെമ്പാടും ഈയിടെ പ്രചരിച്ചുവന്ന ഈ വീഡിയോ നിങ്ങളെപ്പോലെ തന്നെ കണ്ടു കരൾനോവാത്തവരില്ല. 

കോവിഡ് 19  വൈറസ് ബാധ ദാരുണമായി ബാധിച്ച ഇറ്റലിയിൽ നിന്നുള്ള വീഡിയോ ആണെന്നുള്ള മട്ടിലാണ് ആളുകൾ ഇത് പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലമാണ് ഈ കുട്ടികളുടെ അമ്മ മരിച്ചു പോയത് എന്നാണ് പോസ്റ്റിലൂടെ കൈമാറുന്ന സന്ദേശം.

archived linkFB post

ഈ കുട്ടികളുടെ ‘അമ്മ മരിച്ചു പോയി എന്ന കാര്യം സത്യമാണ്. എന്നാൽ അത് കൊറോണ വൈറസ് ബാധ മൂലമല്ല,  സംഭവം ഇറ്റലിയിലേതുമല്ല. സംഭവത്തിന്‍റെ വിശദാംശങ്ങൾ ഇങ്ങനെയാണ് 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വീഡിയോ വിവിധ കീ ഫ്രയിമുകളായി വിഭജിച്ച ശേഷം അതിൽ നിന്നും പ്രധാനപ്പെട്ട ഒന്നിന്റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ വീഡിയോ സംബന്ധിച്ച ചില വിവരങ്ങൾ ലഭിച്ചു. 

വി ആർ ടെക്നൊപോളി എന്ന യൂട്യൂബ് ചാനലിൽ 2020 ഫെബ്രുവരി 17 ന് എൽ സാൽവദോർ വന്ന രാജ്യത്ത് നടന്ന ഒരു ബസ് അപകടത്തെ പറ്റി വിവരിക്കുന്നു. തുടർന്ന് ഇതേ വീഡിയോ കാണിച്ചിട്ട് ഈ കുട്ടികളുടെ അമ്മയും അതിൽ മരിച്ചു എന്ന കാര്യം അറിയിക്കുന്നു.

archived link

കൂടാതെ സ്പാനിഷ് ഭാഷയിലെ ടിഎൻ8 ടിവി എന്ന വെബ്‌സൈറ്റ് ഈ വീഡിയോയെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘നക്ഷത്രത്തെ നോക്കി അമ്മേ എന്നുറക്കെ വിളിക്കുന്ന ഈ കുട്ടിയുടെ വീഡിയോ തീർച്ചയായും നിങ്ങളെ കരയിക്കും’ എന്ന തലക്കെട്ടിലാണ് ലേഖനം. ഇത് എൽസാൽവദോറിൽ ചിത്രീകരിച്ചതാണെന്നും കുട്ടികൾ സഹോദരന്മാരാണെന്നും പരാമർശിക്കുന്നുണ്ട്. 

archived link

കൂടാതെ എൽസാൽവദോറിലെ ചിൽത്യുപാൻ എന്ന സ്ഥലത്ത് 2020  ഫെബ്രുവരി 17 നുണ്ടായ ഒരു ബസ് അപകടത്തെ പറ്റിയുള്ള ഒരു വാർത്ത ലഭിച്ചു. ബസ് റോഡിൽ നിന്നും 60 മീറ്റർ താഴേയ്ക്ക് വീണുവെന്നും രക്ഷ പ്രവർത്തനങ്ങൾ അതീവ ദുഷ്കരമാണെന്നും മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് പോലും ഏറെ പാടുപെട്ടാണെന്നും സ്പാനിഷ് ഭാഷയിലെ വാർത്തയിൽ പറയുന്നു. 

ഏതായാലും ഈ വീഡിയോ ഇറ്റലിയിലേതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ ഇറ്റലിയിൽ നിന്നുള്ളതല്ല. എൽസാൽവദോറിൽ നിന്നുള്ളതാണ്. കുട്ടികളുടെ അമ്മ കൊറോണബാധ മൂലമല്ല മരിച്ചത്. ബസ് അപകടത്തിൽ പെട്ടാണ്. 

Avatar

Title:നക്ഷത്രത്തെ അമ്മയായി സങ്കൽപ്പിച്ചു വിളിക്കുന്ന ഈ കുട്ടികളുടെ അമ്മ ഇറ്റലിയിൽ കൊറോണബാധ മൂലമല്ല മരിച്ചത്.. സത്യം ഇതാണ്..

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •