FACT CHECK: മന്ത്രി വീണാ ജോര്‍ജിനെ വിളിച്ചാല്‍ കോള്‍ എടുക്കില്ലെന്ന് യു.പ്രതിഭ എംഎല്‍എ പറഞ്ഞോ..? സത്യമറിയൂ…

പ്രാദേശികം രാഷ്ട്രീയം

രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ ഞങ്ങൾ നേതാക്കൾ പരസ്പരം വിമർശിക്കുന്നു എന്ന് ആരോപിക്കുന്ന എന്ന് ചില വാര്‍ത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. 

പ്രചരണം 

കായംകുളം എംഎൽഎ യു.പ്രതിഭ ആരോഗ്യ മന്ത്രിക്കെതിരെ ഉന്നയിച്ച ഒരു ആരോപണമാണ് പ്രചരിക്കുന്നത്. അത് ഇങ്ങനെയാണ്: “വിളിച്ചാൽ കോൾ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യില്ല ആരോഗ്യമന്ത്രിക്കെതിരെ സിപിഎം എംഎൽഎ യു. പ്രതിഭ… വാർത്ത വായിച്ചല്ലേ പരിചയമുള്ളൂ ജനങ്ങളുടെ പ്രശ്നം കേട്ട് ശീലം ഇല്ലല്ലോ. ആകെയുള്ള ഗുണം നിയമസഭയിൽ എഴുന്നേറ്റ് കപ്പിത്താൻ തള്ളാണ് എന്താ ചെയ്യാ.”

archived linkFB post

അതായത് യു പ്രതിഭ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ  ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചു എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഒരു വ്യാജപ്രചരണം മാത്രമാണിത് എന്ന് കണ്ടെത്തുകയും ചെയ്തു. 

വസ്തുത ഇങ്ങനെ 

 ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തിരിഞ്ഞുനോക്കി. കായംകുളത്ത് ആരിഫ് എംപിയും മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുത്ത ചടങ്ങിലാണ് യു പ്രതിഭ മന്ത്രി ശിവന്‍കുട്ടിയെ പുകഴ്ത്തി ഇങ്ങനെ പറയുന്നത്. “എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരു മന്ത്രിയുണ്ട്. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം. 

തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍, ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അപൂർവമായാണ് മന്ത്രിമാരെ വിളിക്കുന്നത്”– ഇങ്ങനെയാണ് പ്രസ്തുത ചടങ്ങിന്‍റെ വീഡിയോയില്‍  എം.എല്‍.എയുടെ വാക്കുകള്‍.  

അവർ ഒരു മന്ത്രിയുടെയും പേരെടുത്ത് പറയുന്നില്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ പ്രതിഭാ എംഎൽഎയുടെ ഓഫീസുമായി ബന്ധപ്പെട്ടു. പ്രതിഭയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗം വിദ്യാസാഗർ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ചില അത്യാവശ്യ തിരക്കുകൾ മൂലം പ്രതിഭയെ ഫോണിൽ ലഭ്യമാകില്ല. യു.പ്രതിഭ ആരോഗ്യമന്ത്രിയെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടില്ല. എംഎല്‍എ യുടെ പ്രസംഗത്തിന്‍റെ വീഡിയോ കണ്ടാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ചില മന്ത്രിമാര്‍ കോള്‍ എടുക്കില്ലെന്നും മന്ത്രി ശിവന്‍കുട്ടി കൃത്യമായി കോള്‍ എടുത്ത് മറുപടി നല്‍കുന്നയാളാണ്  എന്നുമാണ് എംഎല്‍എ പറഞ്ഞത്.  ആരോഗ്യമന്ത്രിയെ കുറിച്ച് പറഞ്ഞു എന്നതൊക്കെ വെറും ഭാവനാസൃഷ്ടി മാത്രമാണ്.  വ്യാജ പ്രചരണമാണ് എംഎല്‍എക്കെതിരെ നടത്തുന്നത്

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.പ്രതിഭാഹരി എംഎൽഎ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ പേര് പരാമര്‍ശിച്ച്,   കുറ്റപ്പെടുത്തി യാതൊന്നും പറഞ്ഞിട്ടില്ല. ചില മന്ത്രിമാർ കോള്‍  എടുക്കില്ല എന്ന് മാത്രമാണ് അവർ പ്രസംഗത്തിനിടെ പറഞ്ഞത്. മന്ത്രി വീണ ജോർജിനെയോ മറ്റേതെങ്കിലും മന്ത്രിമാരെയോ അവർ പേരെടുത്ത് ആരോപണങ്ങളുടെ രൂപത്തില്‍ യാതൊന്നും പറഞ്ഞിട്ടില്ല.

 ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മന്ത്രി വീണാ ജോര്‍ജിനെ വിളിച്ചാല്‍ കോള്‍ എടുക്കില്ലെന്ന് യു.പ്രതിഭ എംഎല്‍എ പറഞ്ഞോ..? സത്യമറിയൂ…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •