FACT CHECK: വൈറല്‍ വീഡിയോയിലെ വ്യക്തിയുടെ കൈ ഡ്രെയിനേജ് പൈപ്പില്‍ ഭാര്യ അറിയാതെ ഒളിപ്പിച്ചു വച്ച മദ്യക്കുപ്പി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുങ്ങിയതാണ് എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്…

പ്രാദേശികം സാമൂഹികം

പ്രചരണം 

ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോയും ഏതാനും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.  ഒരു വ്യക്തിയുടെ കൈ കുളിമുറിയിലെ അഴുക്കുവെള്ളം പോകുന്ന കുഴലിനുള്ളില്‍ കുടുങ്ങിയിരിക്കുന്നതും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏറെ പരിശ്രമിച്ച് കൈ ഊരിയെടുക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പമുള്ള ചിത്രങ്ങളില്‍ ഒവുചാലിന്റെ മുകളില്‍ സ്ഥാപിക്കുന്ന സ്റ്റീല്‍ വളയം കൈത്തണ്ടയില്‍ കുടുങ്ങി കിടക്കുന്നത് കാണാം. ഈ ചിത്രങ്ങളോടൊപ്പം നല്‍കിയ വിവരണപ്രകാരം ഈ വ്യക്തി ഡ്രെയിനേജ് കുഴലില്‍ ഭാര്യ അറിയാതെ ഒളിപ്പിച്ചു വച്ച മദ്യക്കുപ്പി എടുക്കാന്‍ ശ്രമിച്ചതാണ്. 

archived linkfacebook

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ശ്രദ്ധിക്കുക: 

ഭാര്യ കാണാതെ  

ബാത്ത് റൂമിലെ വേസ്റ്റ് വെള്ളം പോകുന്ന പൈപ്പിൽ ഒളിപ്പിച്ച് വച്ചിരുന്ന മദ്യ കുപ്പി എടുക്കുന്നതിനിടിയിൽ 

കൈ കുടുങ്ങി പോയ

 ആളിനെ അഗ്നിശമന സേന രക്ഷപെടുത്തുന്നു

പവനായി ശവമായി 😁😁😁😁

archived linkFB post

ഫാക്റ്റ് ക്രെസണ്ടോ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചു. വീഡിയോയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്ന വിവരണം പൂര്‍ണ്ണമായി തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തു. 

വസ്തുത ഇതാണ്

ഞങ്ങള്‍ പ്രചാരണത്തെ കുറിച്ച് ഫേസ്ബുക്കില്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതേ വാര്‍ത്ത പലരും പ്രചരിപ്പിക്കുന്നതായി കണ്ടു.

വീണ്ടും ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ മനോരമ ഓണ്‍ലൈന്‍ ഈ സംഭവത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കിയതായി ശ്രദ്ധയില്‍ പെട്ടു.  പ്രചരണം യാഥാര്‍ത്ഥ്യമല്ലെന്നും ഈ വ്യക്തി കുളിമുറിയുടെ ഓവുചാല്‍ ബ്ലോക്കായപ്പോള്‍ വൃത്തിയാക്കാന്‍ ശ്രമിച്ച വേളയില്‍ കൈ കുടുങ്ങി പോയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത‍ തെറ്റായ വിവരണത്തോടെ പ്രച്ചരിച്ചതിനാല്‍ ഈ വ്യക്തിയുടെ കുടുംബം വളരെയധികം മാനസിക വിഷം നേരിടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ സ്ക്രീന്‍ ഷോട്ട് കാണാം.  

മാവേലിക്കരയിലെ ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍ ഞങ്ങള്‍ മാവേലിക്കരയിലെ ഫയര്‍ ഫോഴ്‌സ് ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ രാജേന്ദ്രന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തന്നെയാണ്. “വീടിന്റെ  അഴുക്ക് വെള്ളം പോകുന്ന പൈപ്പ് ബ്ലോക്കായി കുളിമുറിയില്‍ വെള്ളം പോകാതിരിക്കുന്ന അവസ്ഥ ഉണ്ടായപ്പോള്‍ വൃത്തിയാക്കാന്‍ സ്വന്തം നിലയ്ക്ക് ഒരു ശ്രമം നടത്തിയതാണ് ആലപ്പുഴ മാന്നാര്‍ സ്വദേശിയായ വ്യക്തി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കൈ പൈപ്പിനുള്ളില്‍ കുടുങ്ങി. ഒവുചാലിന്റെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റീല്‍ വലയത്തിലാണ് കൈ കുടുങ്ങി പോയത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തെ കുറിച്ച് അറിഞ്ഞിരുന്നു. അതില്‍ ഒരു വാസ്തവവുമില്ല. യഥാര്‍ത്ഥ സംഭവം ഞാന്‍ ഇപ്പോള്‍ പറഞ്ഞതാണ്‌. വീഡിയോ ചിത്രീകരിച്ചത് ഫയര്‍ സ്റ്റേഷന്‍ അംഗങ്ങള്‍ തന്നെയാണ്. ആരോ ഇത് തെറ്റായി പ്രചരിപ്പിച്ചു.”

മാന്നാര്‍ കുരിട്ടിശ്ശേരി സുരഭിയില്‍ സുരേഷ് എന്ന വ്യക്തിയാണ് കുളിമുറിയുടെ ഓവുചാലില്‍ കൈ കുടുങ്ങി ആപത്തില്‍ പെട്ടത്. വസ്തുത അറിയാതെ സംഭവത്തെ പറ്റി ആരോ നടത്തിയ ദുഷ്പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണുണ്ടായത്. ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രചാരണം സത്യമല്ലെന്നും യാഥാര്‍ത്ഥ്യം ഇതാണെന്നും വാര്‍ത്ത നല്‍കിയിട്ടുണ്ട്

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോയില്‍ കാണുന്ന  വ്യക്തിയുടെ കൈ ഡ്രെയിനേജ് പൈപ്പില്‍ കുടുങ്ങിയത് കുളിമുറിയില്‍ രൂപപ്പെട്ട ബ്ലോക്ക് നീക്കാന്‍ ശ്രമിച്ചപ്പോഴാണ്. ഭാര്യ അറിയാതെ ഡ്രെയിനേജ് പൈപ്പില്‍ ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ കുടുങ്ങി എന്നത് വെറും ദുഷ് പ്രചരണം മാത്രമാണ്. 

Avatar

Title:FACT CHECK: വൈറല്‍ വീഡിയോയിലെ വ്യക്തിയുടെ കൈ ഡ്രെയിനേജ് പൈപ്പില്‍ ഭാര്യ അറിയാതെ ഒളിപ്പിച്ചു വച്ച മദ്യക്കുപ്പി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുങ്ങിയതാണ് എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •