
വിവരണം
Sreekumar Sree എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 18 മുതൽ കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)?എന്ന ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. “ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സർക്കാരിന് കഴിയും. നമ്മളെ കൊണ്ട് അത് ചെയ്യിക്കരുത് – പി ജയരാജൻ എന്ന വാചകങ്ങളോടൊപ്പം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. “2019 ലേ ഏറ്റവും വലിയ തള്ള് .. എന്നാലും എന്റെ മാക്രിയെ ഇത്രക്ക് അങ്ങ് തള്ളാമോ ഡെ …???” എന്ന വാചകങ്ങളും അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്.

FB post | archived link |
ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സംസ്ഥാന സർക്കാറിന് കഴിയും എന്ന് പി ജയരാജൻ പറഞ്ഞു എന്നാണ് പോസ്റ്റിലെ ആരോപണം. കേരളത്തിൽ സിപിഎമ്മും ആർഎസ്എസും തമ്മിൽ ഇടയ്ക്കിടെ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു പരാമർശം പി ജയരാജൻ നടത്തിയിരുന്നോ..? നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
പോസ്റ്റിൽ പി ജയരാജൻ ഇങ്ങനെയൊരു പരാമർശം നടത്തി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഏതു സന്ദർഭത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് എന്നതിന് യാതൊരു തെളിവുകളും നൽകിയിട്ടില്ല. അദ്ദേഹത്തിൻറെ ഫേസ്‌ബുക്ക് പേജിലാണോ അതോ ഏതെങ്കിലും മാധ്യമ വാർത്തകളിൽ നിന്നും ലഭിച്ചതാണോ എന്നൊന്നും യാതൊരു വ്യക്തതയും പോസ്റ്റിൽ നിന്നും ലഭ്യമല്ല.
ഈ വാർത്തയുടെ വിവിധ മലയാളം കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിൽ ഒരു വാർത്തയും കാണാൻ സാധിച്ചില്ല. തുടർന്ന് ഞങ്ങൾ പി ജയരാജന്റെ ഫേസ്‌ബുക്ക് പേജിൽ തിരഞ്ഞു നോക്കി. അതിലും ഇത്തരത്തിൽ യാതൊരു വാർത്തയും നൽകിയിട്ടില്ല. പ്രളയ ദുരിത മുഖത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ പറ്റിയുള്ള പോസ്റ്റുകളാണ് അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പേജിൽ കാണാൻ സാധിക്കുന്നത്.
തുടർന്ന് ഞങ്ങൾ പി ജയരാജനുമായി നേരിൽ ബന്ധപ്പെട്ടു. “ഞാൻ ഒരിടത്തും ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. ഇത് ഒരുതരം തരംതാണ രാഷ്ട്രീയമാണ്. ഞാൻ പറയാത്തത് എന്റെ പേരിൽ വെറുതെ പ്രചരിപ്പിക്കുക. ഫേസ്‌ബുക്ക് പേജിൽ ഞാൻ സജീവമായി നിലപാടുകൾ പറയുന്നുണ്ട്. ഇതൊരു വ്യാജ പ്രചാരണം മാത്രമാണ്”
താൻ ഇങ്ങനെയൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ല എന്ന് പി ജയരാജൻ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വിവരമാണ്. തെറ്റിദ്ധരിപ്പിക്കാനായി സൃഷ്ട്ടിച്ച വ്യാജ പ്രസ്താവനയാണ് പി ജയരാജന്റെ പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും വ്യാജ വാർത്തയാണ്. പി ജയരാജൻ ഇത്തരത്തിൽ ഒരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ല. തെറ്റിധാരണ പരത്താനായി സൃഷ്ടിച്ച വ്യാജ വാർത്തയാണിത്. അതിനാൽ മാന്യ വായനക്കാർ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Title:ശബരിമലയിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെ നിരോധിക്കാൻ സർക്കാരിന് കഴിയുമെന്ന് പി ജയരാജൻ പറഞ്ഞോ..?
Fact Check By: Vasuki SResult: False
