യുഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്ന ദിവസം ആര്‍ക്കും ഭക്ഷണം കടം നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന പ്രസ്‌താവനയിലൂടെ അറിയിപ്പ് നല്‍കിയോ?

രാഷ്ട്രീയം

വിവരണം

ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്‍റ് ഓണേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരിലുള്ള ഒരു ലെറ്റര്‍പാഡില്‍ എഴുതിയ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. 25-07-19 തീയതിയില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്നതിനാല്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ കൂട്ടത്തല്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നേദിവസം തിരുവനന്തപുരം കോര്‍പ്പൊറേഷന്‍ പരിധിയിലെ ഭക്ഷണശാലകളില്‍ നിന്നും ആര്‍ക്കും തന്നെ ഭക്ഷണം കടമായി നല്‍കില്ലെന്ന അറിയിപ്പാണ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയുടെ ഉള്ളടക്കം.

DYFI പള്ളത്ത് യൂണിറ്റ് എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന അടങ്ങിയ പോസ്റ്റിന് ഇതുവരെ 138 ഷെയറുകളും 229 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് ഓണേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടനയുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ ഇങ്ങനെയൊരു പ്രസ്‌താവന ഇറക്കിയിട്ടുണ്ടോ? സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കേരളത്തില്‍ അംഗീകൃതമായി പ്രവര്‍ത്തിക്കുന്ന കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളും തിരുവനന്തപുരം സ്വദേശിയുമായ ബി.വിജയകുമാറിനെ വിഷയത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 

അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്- 

“ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് ഓണേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലുള്ള സംഘടന പ്രവര്‍ത്തിക്കുന്നതായി തന്നെ അറിവില്ല. അങ്ങനെയൊരു സംഘടനയുടെ പേരില്‍ ഒരു പ്രസ്‌താവന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വ്യജമാണെന്ന് ഉറപ്പാണ്. ബിനോയ് ചാഴിക്കാടന്‍ എന്ന ജില്ലാ സെക്രട്ടറിയും അസോസിയേഷന്‍റെ ഓഫിസ് വിലാസം ഉള്‍പ്പടെ വ്യാജമാവാനാണ് സാധ്യതയെന്നും” ബി.വിജയകുമാര്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്‌താവന-

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് മാര്‍ച്ചിന് എത്തിയ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപമുള്ള ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ചിട്ട് പണം നല്‍കാതെ പോയതിനെ കുറിച്ചുള്ള ഹോട്ടല്‍ ഉടമയുടെ പരാതിയെ കുറിച്ചുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഏറെ വൈറലായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ആരോ പ്രചരിപ്പിച്ച വ്യാജ പ്രസ്‌താവന മാത്രമാണിത്.

നിഗമനം

ഇല്ലാത്ത സംഘടനയുടെ പേരില്‍ വ്യാജമായി ചമയ്ക്കപ്പെട്ട ഒരു പ്രസ്‌താവനയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്കില്‍ ഈ പ്രസ്‌താവനയെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകള്‍ പൂര്‍ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:യുഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുന്ന ദിവസം ആര്‍ക്കും ഭക്ഷണം കടം നല്‍കില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന പ്രസ്‌താവനയിലൂടെ അറിയിപ്പ് നല്‍കിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •