തൃണമൂൽ എംപി അഭിഷേക്ബാനർജി പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചോ…?

ദേശീയം രാഷ്ട്രീയം

വിവരണം 

Martin Sunny – MSV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 21 മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. #മമതയ്ക്ക് വൻ തിരിച്ചടി

പൗരത്വ ഭേദഗതി ബില്ലിന് എതിരെയുള്ള മമതയുടെ നിലപാടിൽ പ്രതിഷേധിച്ച് തൃണമൂൽ MLA #അഭിഷേക്ബാനർജി പാർട്ടിവിട്ട് BJP യിൽ ചേരുന്നു. ബിജെപി യുടെ പൗരത്വ ബില്ലിനെ അനുകൂലിച്ചുള്ള പരിപാടിയിൽ അഭിഷേക് പങ്കെടുത്തു. ഒരു മന്ത്രി ഉൾപ്പെടെ നിരവധി പേർ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു..” എന്ന വാർത്തയോടൊപ്പം പോസ്റ്റിൽ അഭിഷേക് ബാനർജിയുടെ ചിത്രം നൽകിയിട്ടുണ്ട്.

archived linkFB post

ബംഗാളിലെ തൃണമൂൽ എംപി അഭിഷേക് ബാനർജി സ്വന്തം പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നു. കൂടാതെ പൗരത്വ ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള റാലിയിൽ അദ്ദേഹം പങ്കെടുത്തു എന്നും വാർത്തയിൽ പറയുന്നു. 

ബെംഗാളിലെ കോണ്‍ഗ്രസ്സിന്‍റെ പ്രമുഖ നേതാവും എംപിയുമായ അഭിഷേക് ബാനർജി തൃണമൂൽ കോൺഗ്രസ്സ് ഉപേക്ഷിച്ച് ബിജെപിയിൽ ചേരാൻ തീരുമാനിച്ചോ…? അദ്ദേഹം പൗരത്വ ബിൽ അനുകൂല റാലിയിൽ പങ്കെടുത്തോ…? നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം 

നിലവില്‍ അഭിഷേക് ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ ലോക്സഭയിലെത്തിയ എംപിയാണ്. പോസ്റ്റില്‍ പറയുന്നതുപോലെ എം‌എല്‍‌എ അല്ല. ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഞങ്ങൾ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ വാർത്ത തിരഞ്ഞെങ്കിലും ഇത്തരത്തിലൊരു വാർത്ത കണ്ടെത്താൻ കഴിഞ്ഞില്ല. ബംഗാളി ഭാഷയിലെ വാർത്താ മാധ്യമങ്ങളിൽ ഞങ്ങൾ വാർത്ത തിരഞ്ഞു. എന്നാൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വാർത്തകളൊന്നും കാണാൻ കഴിഞ്ഞില്ല. അഭിഷേക് ബാനര്‍ജിയുമായുള്ള അഭിപ്രായ വത്യാസത്തെ തുടർന്ന് 60 തൃണമൂൽ നേതാക്കൾ പാർട്ടി മാറാൻ തീരുമാനിച്ചതായി ബിജെപി എംപി സൗമിത്ര ഖാൻ പറഞ്ഞതായി ബംഗ്ലാ ഭാഷയിലെ ഇന്ത്യൻ എക്സ്പ്രസ്സ് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

“തൃണമൂൽ കോൺഗ്രസ്സ് എംപി അഭിഷേക് ബാനർജി മമത ബാനർജിയുടെ അനന്തിരവനാണ്. അദ്ദേഹം പാർട്ടിയുടെ ശക്തനായ നേതാവുമാണ്. അഭിഷേക് ബാനർജിയെ പോലെ ഒരു നേതാവ് പാർട്ടി ഉപേക്ഷിച്ച് ബിജെപിയിൽ ചേരാൻ തീരുമാനിച്ചാൽ അത് ബംഗാളിൽ വലിയ മാധ്യമ വാർത്തയാകും.” എന്നാണ് ബംഗാളിലുള്ള ഞങ്ങളുടെ പ്രതിനിധി അറിയിച്ചത്. ബംഗാളിലെ ബിജെപി നേതൃത്വം ഇക്കാര്യം ശരിവയ്ക്കുന്ന തരത്തിൽ യാതൊരു പ്രസ്താവനകളും നടത്തിയിട്ടില്ല എന്ന് വാർത്തകൾ വിശകലനം ചെയ്തും ബംഗാളിലെ ബിജെപിയുടെ വെബ്‌സൈറ്റ് പരിശോധിച്ചും ഞങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. 

കൂടാതെ ഞങ്ങൾ അഭിഷേക് ബാനർജിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് പരിശോധിച്ചു നോക്കി. എന്നാൽ പോസ്റ്റിലെ വാർത്തയെ പിന്തുണയ്ക്കുന്ന യാതൊരു സൂചനകളും പേജിൽ നൽകിയിട്ടില്ല. മാത്രമല്ല, പൗരത്വ ബില്ലിനെതിരെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള പ്രചാരണത്തിൽ പ്രസംഗിക്കുന്നതിന്‍റെ വീഡിയോ അഭിഷേക് ബാനർജി തന്‍റെ ഫേസ്‌ബുക്ക് പേജിൽ അപ്‌ലോഡ്  ചെയ്തിട്ടുണ്ട്.

അദ്ദേഹം തൃണമൂൽ കോൺഗ്രസ്സിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളാണ് ഇപ്പോഴും തന്‍റെ പേജിൽ  പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. അഭിഷേക് ബാനർജിയോട് നേരിട്ട് സംസാരിക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ മൂലം സാധിച്ചില്ല. തുടര്‍ന്ന് ഞങ്ങളുടെ പ്രതിനിധി തൃണമൂല്‍ കോണ്‍ഗ്രസ്സ് വക്താവും ബെംഗാള്‍ വിദ്യാഭ്യാസ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയോട് വാര്‍ത്തയുടെ വസ്തുത അന്വേഷിച്ചു. “ഇത് പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ്. പാര്‍ട്ടി ഒന്നടങ്കം പൌരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിലാണ്. അഭിഷേക് ബാനര്‍ജി ബിജെപിയില്‍ ചേരുന്നു എന്നുള്ളതൊക്കെ നുണ പ്രചരണങ്ങളാണ്.” ഇതാണ് അദ്ദേഹം നല്കിയ വിശദീകരണം.   

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. തൃണമൂൽ കോൺഗ്രസ്സ് എംപി അഭിഷേക് ബാനർജി ബിജെപിയിൽ ചേരുന്നു എന്നും  അദ്ദേഹം പൗരത്വ ബിൽ അനുകൂല റാലിയിൽ പങ്കെടുത്തു എന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജ പ്രചാരണങ്ങളാണ്. പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ് വസ്തുത മനസ്സിലാക്കണമെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു 

Avatar

Title:തൃണമൂൽ എംപി അഭിഷേക്ബാനർജി പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •