അന്ന് ശബരിമല ഡ്യൂട്ടിക്ക് പോലീസുകാരന്‍റെ വേഷത്തില്‍ വന്നത് എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തോ?

രാഷ്ട്രീയം

വിവരണം

അന്ന് പോലീസ് വേഷമിട്ടു ശബരിമലയിൽ വന്ന ക്രിമിനൽ ഇവനായിരുന്നോ, വാണ്ടഡ് ലിസ്റ്റിലെ ഒന്നാമൻ……??? 

തത്വമസിയുടെ പൊരുളെന്നും സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു….. തീർന്നിട്ടില്ല.. ഒന്നും !!!

പത്മകുമാർ, റാന്നി

തലക്കെട്ട് നല്‍കി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളായവര്‍ക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസും ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന സംഘര്‍ഷം നിയന്ത്രിക്കാന്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രവും ചേര്‍ത്ത് വെച്ചു ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. അന്ന് ഭക്തരെ ആക്രമിച്ച പോലീസുകാരുടെ കൂട്ടത്തില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരജ്ഞിത്ത് പോലീസ് വേഷത്തിലുണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. പദ്മകുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ജൂലൈ 15ന് അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് ഇതുവരെ 162ല്‍ അധികം ഷെയറുകളും 400ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍-

Archived Link

സിവില്‍ പോലീസ് പരീക്ഷയില്‍ പിഎസ്‌സി റാങ്കില്‍ ഒന്നാമനാണ് കേസില്‍ പ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്ത് എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ നിലവില്‍ വിദ്യാര്‍ഥിയായ ശിവരഞ്ജിത്ത് തന്നെയാണോ ശബരിമലയില്‍ പോലീസ് വേഷത്തില്‍ ഡ്യൂട്ടിക്ക് എത്തിയത്? ആ യൂണിഫോം അണിഞ്ഞ വ്യക്തി പോലീസ് തന്നെയല്ലേ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകള്‍ നടത്തിയ അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ സംഘര്‍ഷങ്ങളാണ് പോലീസും അക്രമികളും തമ്മില്‍ കഴിഞ്ഞ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ നടന്നത്. ഇതിനിടയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം ചൂണ്ടിക്കാണിച്ച് അന്നും ചില പ്രചരണങ്ങള്‍ നടന്നിരന്നു. ഇന്ന് എസ്എഫ്ഐ പ്രവര്‍ത്തകന്‍ ശിവരഞ്ജിത്താണ് ഫോട്ടോയില്‍ കാണുന്ന പോലീസുകാരന്‍ എന്നാണ് അവകാശവാദം ഉന്നയിക്കുന്നതെങ്കില്‍ അന്ന് വേഷം മാറി വന്ന ഡിവൈഎഫ്ഐയുടെ ഗുണ്ട എന്നായിരുന്നു ഇതെ പോലീസുകാരന്‍റെ ചിത്രത്തിന് തലക്കെട്ട് നല്‍കി പ്രചരണം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായി വ്യാജ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കേരള പോലീസ് തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. അന്നും ഇന്നും വ്യാജപ്രചരണങ്ങള്‍ക്ക് ഇരയാകുന്ന ചിത്രത്തില്‍ ചുവന്ന വട്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നത് യഥാര്‍ത്ഥത്തില്‍ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കെ എ പി അഞ്ചാം ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിളായ ആഷിക്ക് എന്ന ഉദ്യോഗസ്ഥനാണ്.പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തും വിധം ചിലര്‍ വ്യാജപ്രചരണം നടത്തുകയാണെന്നും കേരള പോലീസ് അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രവും വിശദീകരണവും സഹിതവും വിശദീകരിച്ചിട്ടുണ്ട്. 2018 ഒക്ടബോര്‍ 25നാണ് കേരള പോലീസ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

കേരള പോലീസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Archived Link

നിഗമനം

ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്കിടയില്‍ ഡിവൈഎഫഐയുടെ വേഷം മാറി വന്ന ഗുണ്ട എന്ന വ്യാജപ്രചരണത്തിന് ഇരയാക്കപ്പെട്ട അതെ പോലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രമാണ് ഇപ്പോള്‍ വീണ്ടും എസ്എഫ്ഐ നേതാവിന്‍റെ പേരില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. കേരള പോലീസ് ഔദ്യോഗികമായി മുന്‍പ് ഇതെ കുറിച്ച് വിശദീകരണം നടത്തിയിട്ടുള്ളതുമാണ്. ഇത്തരം വ്യാജപ്രചരണങ്ങള്‍ അതും പോലീസിനെതിരെ അടിസ്ഥാനരഹിതമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കടുത്ത നിയമനടപടികള്‍ക്ക് കാരണമായേക്കാം.

Avatar

Title:അന്ന് ശബരിമല ഡ്യൂട്ടിക്ക് പോലീസുകാരന്‍റെ വേഷത്തില്‍ വന്നത് എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •