
ചിത്രം കടപ്പാട്:ഹിന്ദുസ്ഥാന്‍ ടൈംസ്
വിവരണം
1975ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജയ് പ്രകാശ് നാരായന്‍, രാജ് നാരായന്‍, മൊറാര്‍ജി ദേശായി, അട്ടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ ജയിലിലിട്ടു. ഇന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി അന്ന് ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായിരുന്നു. അടിയന്തിരാവസ്ഥയെ എതിര്‍ത്തതിനാല്‍ സിതാറാം യെച്ചുരിക്കും ജയിലില്‍ പോകേണ്ടി വന്നു. 1977ല്‍ അടിയന്തിരവസ്ഥ ഇന്ദിര ഗാന്ധി പിന്‍വലിച്ചപ്പോള്‍ അറസ്റ്റ് ചെയ്ത എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലില്‍ നിന്ന് മോചിതരാക്കി. ഇതിനെ ശേഷമുണ്ടായ തെരഞ്ഞെടുപ്പുകളില്‍ ഇന്ദിര ഗാന്ധി പരാജയപ്പെട്ടു. ഇന്ത്യയില്‍ ജനത പാര്‍ട്ടിയുടെ സര്‍ക്കാര്‍ അധികാരത്തിലെയ്ക്കെത്തി. അടിയന്തിരാവസ്ഥയില്‍ സിതാറാം യെച്ചുരി ഇന്ദിര ഗാന്ധിയോട് മാപ്പ് ചോദിച്ചു എന്ന് ആരോപിച്ച് ചില പോസ്റ്റുകള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും അടികുറിപ്പ് താഴെ നല്‍കിട്ടുണ്ട്.
Archived Link |
പോസ്റ്റില്‍ മലയാളത്തില്‍ നല്‍കിയ അടികുറിപ്പ് ചിത്രത്തില്‍ കാണുന്ന ഇംഗ്ലീഷ് വാചകത്തിന്‍റെ പരിഭാഷയാണ്. പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “1975ൽ അടിയന്തിരാവസ്ഥയ്‌ക്കെതിരെ പ്രതികരിച്ചതിന് അന്നത്തെ ജെ എൻ യു പ്രസിഡന്‍റായിരുന്ന സീതാറാം യെച്ചൂരിയെക്കൊണ്ട് പ്രസിഡന്‍റ് സ്ഥാനം രാജിവെപ്പിച്ചു ഇന്ദിരാഗാന്ധി സമക്ഷം കോൺഗ്രസ് എഴുതി നൽകിയ ക്ഷമ പറയിക്കുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ധിരാ ഫിറോസ് ഗാന്ധി @SitaramYechury? മറുപടിയുണ്ടോ.”
പോസ്റ്റില്‍ ആരോപ്പിക്കുന്ന പോലെ സിതാറാം യെച്ചുരി ഇന്ദിര ഗാന്ധിയോട് മാപ്പ് പറയുന്നതിന്‍റെതാണോ? ഇന്ദിര ഗാന്ധി സിതാറാം യെച്ചുരിയിനോദ് ബലം ഉപയോഗിച്ച് ജെ.എന്‍.യു. വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷ സ്ഥാനത്തില്‍ നിന്ന് രാജി വെപ്പിച്ചുവോ? ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഇന്ത്യ രേസിസ്റ്റ്സ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നി വെബ്സൈറ്റുകളില്‍ ഈ ചിത്രം ലഭിച്ചു. ചിത്രത്തിനെ പറ്റി നല്‍കിയ വിവരം പ്രകാരം സെപ്റ്റംബര്‍ 5, 1977ല്‍ ജെ.എന്‍.യുവിന്‍റെ ചാന്‍സിലറായ ഇന്ദിര ഗാന്ധിയുടെ മുന്നില്‍ അദേഹം ജെ.എന്‍.യു ചാന്‍സിലര്‍ സ്ഥാനം രാജിവെക്കണം തുടങ്ങിയുള്ള ആവശ്യങ്ങള്‍ നിവേദനപത്രികയില്‍ നിന്ന് വായിക്കുന്ന സിതാറാം യെച്ചുരിയുടെ ചിത്രമാണിത്.
സിപിഎമിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 1977-78ല്‍ സിതാറാം യെച്ചുരി ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്‍റ് ആയിരുന്നു. ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഔട്ട്‌ലുക്ക് എന്ന വെബ്സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ച് ഒരു വാര്‍ത്ത ലഭിച്ചു.
വാര്‍ത്ത പ്രകാരം 1977ല്‍ തെരെഞ്ഞെടുപ്പില്‍ പരാജയം നേടിയിട്ടും ഇന്ദിര ഗാന്ധി ജെ.എന്‍.യുവിന്‍റെ ചാന്‍സിലര്‍ സ്ഥാനം വിട്ടില്ല. സിതാറാം യെച്ചുരി നയിച്ച വിദ്യാര്‍ഥി സമരത്തിന്‍റെ പശ്ചാതലത്തില്‍ ഇന്ദിര ഗാന്ധിക്ക് ചാന്‍സിലര്‍ സ്ഥാനം രാജി വെക്കേണ്ടി വന്നു. ഇതിനെ മുന്നേ വിദ്യാര്‍ഥികള്‍ പ്രതിഷേധം മൂലം വൈസ് ചാന്‍സിലര്‍ സ്ഥാനം ഡോ. ബി.ഡി. നാഗ്ചൌധരി രാജി വെച്ചിരുന്നു. ഈ സംഭവത്തിനു ശേഷം അതേ ദിവസം ഉച്ചക്ക് സിതാറാം യെച്ചുരിയും വിദ്യാര്‍ഥികളും ഇന്ദിര ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഇന്ദിര ഗാന്ധിയുടെ വസതിയുടെ മുന്നില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ കാണാനായി ഇന്ദിര ഗാന്ധി വേദിയില്‍ വന്നപ്പോളാണ് വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്‍റ് സിതാരം യെച്ചുരി ഈ നിവേദനപത്രിക വായിച്ചത്. തുടക്കത്തില്‍ തന്നെ ഇന്ദിര ഗാന്ധി അടിയെന്തിരവസ്ഥയില്‍ നടത്തിയ അതിക്രമങ്ങളെ കുറിച്ച് യെച്ചുരി വായിക്കുന്നത് കേട്ട് രോഷാകുലയായി ഇന്ദിര ഗാന്ധി തിരിച്ചു വീടിനകത്തേയ്ക്ക് പോയി. പിറ്റേ ദിവസം ഇന്ദിര ഗാന്ധി ജെ.എന്‍.യു ചാന്‍സിലര്‍ സ്ഥാനം രാജി വെച്ചു.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ഇന്ദിര ഗാന്ധി പോലീസിന്‍റെ പിന്‍ബലത്തോടെ സിതാറാം യെച്ചുരിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന ചിത്രമല്ല പകരം 1977ല്‍ ഇന്ദിര ഗാന്ധിയുടെ വസതിയുടെ മുന്നില്‍ പ്രതിഷേധം നടത്തിയ അന്നത്തെ ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്‍റ് സിതാറാം യെച്ചുരി വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ വായിക്കുന്നതിന്‍റെ ചിത്രമാണ്. ഈ സംഭവത്തിന്‍റെ പിറ്റേ ദിവസം തന്നെ അന്ന്‍ ജെ.എന്‍.യുവിന്‍റെ ചാന്‍സിലറായ ഇന്ദിര ഗാന്ധി രാജി വെച്ചു.

Title:Fact Check: 1977ല്‍ ജെ.എന്‍.യുവില്‍ ഇന്ദിര ഗാന്ധിയുടെ മുന്നില്‍ മാപ്പ് പറയുന്നതിന്‍റെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
