സ്വയം തീറ്റ തേടാനാകാത്ത വയസ്സായ പക്ഷിക്ക് ആഹാരം പകര്‍ന്നു നല്‍കുന്ന കുഞ്ഞിക്കിളി- ദൃശ്യങ്ങളുടെ സത്യമിതാണ്…

കൌതുകം സാമൂഹികം

ആരോഗ്യപരമായി അത്ര നല്ല സ്ഥിതിയിലല്ല എന്ന് തോന്നിപ്പിക്കുന്ന കിളിക്ക് ഒരു ചെറുകിളി ആഹാരം ചുണ്ടിലേക്ക് പകർന്നു കൊടുക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

കാഴ്ചയിൽ പുള്ളിക്കുയിൽ പോലെ തോന്നിപ്പിക്കുന്ന ഒരു പക്ഷിക്കാണ് ചെറുകിളി ആഹാരം പകർന്നു നൽകുന്നത്. കുഞ്ഞിക്കിളിയെക്കാൾ വലുതാണ് ഭക്ഷണം സ്വീകരിക്കുന്ന പക്ഷി. വാ തുറക്കാൻ പ്രയാസമുള്ളതുപോലെയാണ് കിളി പെരുമാറുന്നത്. പ്രായമായ കിളിക്ക് ചെറുകിളി ഭക്ഷണം നൽകുന്നു എന്നാണ് സൂചന. ഈ സഹായമനസ്കത ഇനിയും മനുഷ്യർ കിളികളിൽ നിന്നും പഠിക്കേണ്ടതാണെന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ:  ‘പ്രായമായ പക്ഷികൾക്ക് പറക്കാൻ കഴിയില്ല; അവർക്കായി വൃദ്ധസദനങ്ങളുമില്ല. എന്നാൽ കുഞ്ഞിളം പക്ഷികൾ ആ വൃദ്ധപക്ഷികളെ ആഹാരം നൽകി സംരക്ഷിക്കുന്നു…..!!’

FB postarchived link

എന്നാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തിന് ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇതാണ്

ഈ വീഡിയോയുടെ യാഥാർത്ഥ്യമറിയാൻ ആദ്യം തന്നെ ഞങ്ങൾ കേരളത്തിലെ മുതിർന്ന പക്ഷി നിരീക്ഷകനും ഓര്‍ണിത്തോളജിസ്റ്റുമായ  ഡോ. ആര്‍. സുഗതനുമായി സംസാരിച്ചു അദ്ദേഹത്തിന്‍റെ വിശദീകരണം ഇങ്ങനെ: “വീഡിയോയിൽ ഭക്ഷണം കഴിക്കുന്നത് മുട്ടവിരിഞ്ഞ് പുറത്തുവന്ന കുയിലിന്‍റെ കുഞ്ഞാണ്.  പ്രായം ചെന്ന പക്ഷിയല്ല.  കുയിൽ പാരസൈറ്റിക് ഇനത്തിൽപ്പെട്ട പക്ഷിയാണ്. മുട്ട ഇട്ടശേഷം കുഞ്ഞിനെ വളർത്താൻ മറ്റൊരു കിളിയെ ആശ്രയിക്കുകയാണ് ഇവ ചെയ്യുക. ഭക്ഷണം നൽകുന്ന കിളിയാണ് അടയിരുന്ന് മുട്ട വിരിയിച്ചത്.  മുട്ടവിരിഞ്ഞ് പുറത്തു വരുന്ന കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞ് എന്നു കരുതിയാണ്  കിളികൾ നോക്കുക.  പറക്കാൻ പ്രായമാകുമ്പോൾ ഇവ അമ്മക്കിളിയുടെ അടുത്തുനിന്ന് പറന്നു പോവുകയും ചെയ്യും. പക്ഷികളിൽ മാത്രമല്ല ചില മത്സ്യ വർഗ്ഗങ്ങളിലും പ്രാണി വർഗ്ഗങ്ങളിലും ഇത്തരക്കാരുണ്ട്.”

scienceofbirds | archived link

തുടർന്ന് പാരസൈറ്റിക് ഇനത്തിൽപ്പെട്ട പക്ഷികളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് പല വെബ്സൈറ്റുകളിൽ നിന്നും യൂട്യൂബ് ചാനലുകളിൽ നിന്നും നിരവധി വിവരങ്ങൾ ലഭിച്ചു. 

ബ്രൂഡ് പാരാസിറ്റിസം (Brood Parasitism) അഥവാ സാമൂഹിക പരാദഭോഗം എന്നാണ് പൊതുവേ ജീവജാലങ്ങളുടെ ഈ സ്വഭാവരീതി അറിയപ്പെടുന്നത്. മറ്റേതെങ്കിലും പക്ഷിയുടെ കൂട്ടിലാണ് പാരസൈറ്റിക് ഇനത്തില്‍പ്പെട്ട പക്ഷി മുട്ടയിടുക. നമുക്ക് ഈയിനത്തില്‍ പെട്ട കുയിലിനെ ഏറെ പരിചിതമാണ്. കുയിലിന്‍റെ ഈ സ്വഭാവരീതിയെ കുറിച്ച് കഥകളും കവിതകളും നാം കേട്ടിട്ടുണ്ട്. സാഹചര്യങ്ങള്‍ ഒത്തിണങ്ങി വന്നാല്‍ എത്ര ചെറിയ പക്ഷിയുടെ കൂടു ലഭിച്ചാലും കുയിൽ അവിടെ മുട്ടയിടും. മുട്ട വിരിഞ്ഞാലും, കുഞ്ഞുങ്ങൾ പുറത്തു വന്നാലും തുടങ്ങിയ കാര്യങ്ങളൊന്നും തള്ളക്കുയിൽ അന്വേഷിക്കാറില്ല.  അടയിരിക്കുന്നതും മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞിന് തീറ്റ നല്‍കുന്നതും വളര്‍ത്തുന്നതുമെല്ലാം പുതിയ അമ്മക്കിളിയാണ്. 

കുയിലിന്‍റെ കുഞ്ഞുങ്ങൾ വളരുന്നതും വലുതാകുന്നതും എല്ലായ്പ്പോഴും  മറ്റൊരു പക്ഷിയുടെ കൂടെ ആയിരിക്കും. സ്വന്തം കുഞ്ഞിനെപോലെ അവ കുയില്‍ കുഞ്ഞിനെ വളർത്തുകയാണ് ചെയ്യുന്നത്.

പ്രായമേറിയ പക്ഷിക്ക് മറ്റൊരു ചെറുകിളി ഭക്ഷണം പകർന്നു നൽകുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് കുയിലിന്‍റെ കുഞ്ഞിന്, മുട്ട വിരിയിച്ച അമ്മക്കിളി ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങളാണ് 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോയില്‍  കാണുന്നത് മുട്ട അടയിരുന്നു വിരിയിച്ച കിളി കുയിലിന്‍റെ കുഞ്ഞിന് ഭക്ഷണം പകർന്നു നൽകുന്ന ദൃശ്യങ്ങളാണ്. അല്ലാതെ പ്രായമേറിയ കിളിയെ സഹായിക്കാനായി മറ്റൊരു കിളി ഭക്ഷണം നൽകുകയല്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്വയം തീറ്റ തേടാനാകാത്ത വയസ്സായ പക്ഷിക്ക് ആഹാരം പകര്‍ന്നു നല്‍കുന്ന കുഞ്ഞിക്കിളി- ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: MISLEADING

  •  
  •  
  •  
  •  
  •  
  •  
  •  
  •