ടി.കെ.ഹംസയുടെ പേരക്കുട്ടിയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം ആരുടേതാണ്?

രാഷ്ട്രീയം

വിവരണം

സഖാവ് ടി.കെ.ഹംസയുടെ പേരക്കുട്ടിക്ക് ഫുള്‍ എ പ്ലസ് എന്ന തലക്കെട്ട് നല്‍കി കൊണ്ടോട്ടി സഖാക്കൾ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് മെയ് 7 മുതല്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രവും ഉപയോഗിച്ച് ഫര്‍ഹാന ടി.കെ എന്ന പേരും നല്‍കിയിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇപ്രാകരമാണ്-

“സഖാവ് ജീവിതത്തിലും 
കമ്മ്യുണിസം പിന്പറ്റുന്നവർ..

സഖാവിന്റെ പേരക്കുട്ടിയുടെ 
SSLC ബുക്കിൽ ജാതി കോളത്തിൽ,
രേഖപ്പെടുത്തിയത് NIL..

സഖാവിനും, ഫർഹാന മോൾക്കും 
അഭിവാദ്യങ്ങൾ ♥♥”

Archived Link

പേജില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഇതുവരെ 550ല്‍ അധികം ലൈക്കുകളും 100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം നേതാവ് ടി.കെ.ഹംസയുടെ പേരക്കുട്ടിയുടെ ചിത്രം തന്നെയാണോ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്? വസ്തുത എന്താണെന്ന് പരിശോധിക്കാം?

വസ്‌തുത വിശകലനം

മുന്‍ എംപിയും സിപിഎം നേതാവുമായ ടി. കെ. ഹംസയുടെ വീട്ടിലെ ഫോണ്‍  നമ്പറില്‍ ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെടുകയും പോസ്റ്റ് സംബന്ധിച്ച അന്വേഷണം നടത്തുകയും ചെയ്തു. പോസ്റ്റില്‍ പറയുന്ന ഫര്‍ഹാന എന്ന പേരിലൊരു പേരക്കുട്ടി ടി.കെ.ഹംസയ്‌ക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂടാതെ പേരക്കുട്ടികള്‍ പ്ലസ് ടുവിലേക്ക് പാസ് ആയതെയുള്ളു എന്നും അവര്‍ പറഞ്ഞു. പേരക്കുട്ടിയുടെ പേരില്‍ പ്രചരിക്കുന്ന  ചിത്രം സംബന്ധിച്ചാണ് രണ്ടാമത് ഞങ്ങള്‍ അന്വേഷണം നടത്തിയത്. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ക്രോപ്പ് ചെയ്‌ത് ഗൂഗിള്‍ റിവേഴ്‌‌സ് ഇമേജ് സര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ തന്നെ ഇത് വിദേശ പോണ്‍ (അഡള്‍ട്ട് മൂവി) താരം മിയ ഖലീഫയാണെന്ന് തിരിച്ചറിയാന്‍ സാധിച്ചു. മിയ ഖലീഫയുമായി സര്‍ച്ച് റിസള്‍ട്ട് മാച്ച് ചെയ്‌ത് അവരുടെ ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിയുകയും ഇതെ സ്ത്രീയുടെ ചിത്രമാണ് കൊണ്ടോട്ടി സഖാക്കള്‍ പേജില്‍ തെറ്റായി പ്രചരിപ്പിച്ചിരിക്കുന്നതെന്നും തിരിച്ചറിയുകയും ചെയ്‌തു. (സര്‍ച്ച് റിസള്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു)

മാത്രമല്ല ടി.കെ.ഹംസയുടെ കൊച്ചുമകള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതായും സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ലെന്നുമൊക്കെ ഒരു മുഖ്യധാരമാധ്യമങ്ങളോ മറ്റ് വിശ്വാസയോഗ്യമായ വാര്‍ത്ത സ്ഥാപനങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.  അടിസ്ഥാന രഹിതമായ വിവരങ്ങള്‍ മാത്രമാണ് പോസ്റ്റിലും അതിന് നല്‍കിയിരിക്കുന്ന തലക്കെട്ടിലും നല്‍കിയിരിക്കുന്നതെന്നും വ്യക്തമാണ്.

നിഗമനം

ബന്ധുക്കള്‍ തന്നെ വിവരങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ച സാഹചര്യത്തില്‍. പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മാത്രമല്ല സ്ഥിരമായി വ്യാജ വാര്‍ത്തകളും ചിത്രങ്ങളും വ്യക്തികളുടെ പേരില്‍ പ്രചരിപ്പിക്കുന്ന പേജ് കൂടിയാണത്. അതുകൊണ്ട് തന്നെ പേജില്‍ വരുന്ന പോസ്റ്റുകളുടെ ആധികാരികത പരിശോധിച്ച ശേഷം മാത്രമെ പോസ്റ്റുകള്‍ ജനങ്ങള്‍ പങ്കുവയ്ക്കാന്‍ പാടുള്ളു.

Avatar

Title:ടി.കെ.ഹംസയുടെ പേരക്കുട്ടിയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം ആരുടേതാണ്?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •