
വിവരണം
ജനനായകൻ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 13 മുതൽ പ്രചരിപ്പിക്കുന്ന പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത ഇതാണ്. “കുട്ടികൾക്ക് സൗജന്യ ചികിത്സയുമായി പിണറായി സർക്കാർ. 18 വയസ്സുവരെയുള്ള ഏതു കുട്ടിക്കും ഏതു ചികിത്സയും സർക്കാർ വക . മുതിർന്നവർക്ക് രണ്ടു ലക്ഷത്തിന്‍റെ പദ്ധതിയും പിണറായി സർക്കാർ വക “. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും മുകളിൽ നൽകിയിട്ടുള്ള വാചകങ്ങൾക്കുമൊപ്പം പദ്ധതിയെപ്പറ്റിയുള്ള വിവരണവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. “18 വയസ്സുവരെയുള്ള ഏത് കുട്ടിക്കും ഏത് ചികിത്സയും എത്ര ലക്ഷം രൂപാ ആയാലും അതെല്ലാം സർക്കാർ വക. ക്യാഷ് ഇല്ലെന്നും പറഞ്ഞു കൊണ്ട് ഒരാളും തങ്ങളുടെ കുട്ടികളുടെ ചികിത്സ വൈകിപ്പിക്കരുത്.
തിരുവനന്തപുരം S.A.T ആശുപത്രിയിൽ കൊണ്ടുപോയി ” താലോലം ” എന്ന സ്‌കീമിൽ രജിസ്റ്റർ ചെയ്യുക. എന്നാൽ 18 വയസ്സുവരെയുള്ള ഏത് കുട്ടിക്കും ചികിത്സ ലഭിക്കും. കിഡ്‌നി, ലിവർ എന്നിവ മാറ്റി വെയ്‌ക്കേണ്ടതാണ് എങ്കിൽ അതിന്‍റെ ദാദാവിനെ കണ്ടെത്തേണ്ടതും അവർക്ക് സാമ്പത്തികം നൽകേണ്ടതും ഉണ്ട്. ബാക്കിയുള്ള ഏത് തരം രോഗത്തിനും ശസ്ത്രക്രിയയ്ക്കും ഒന്നും ഒരു ചിലവും ഇല്ല. പ്രൈവറ്റ് ആശുപത്രിയിൽ 12 ലക്ഷം രൂപാ വേണം എന്ന് പറഞ്ഞ ഒരു കുട്ടിയുടെ രണ്ടു കിഡ്‌നിയുടെയും ശസ്ത്രക്രിയ ഒരു രൂപാ ചെലവ് ഇല്ലാതെ ഇവിടെ നടത്തി. അതുകൊണ്ട് നാം ക്യാഷ് ഉണ്ടാക്കി പ്രൈവറ്റ് ആശുപത്രിക്കാരന് കൊടുക്കരുത് എന്ന് അറിയിക്കുന്നു. ആരുടെ കുട്ടികൾക്കും ഏത് അസുഖത്തിനും ലഭിക്കുന്ന ചികിത്സാ സ്‌കീം ” താലോലം ”മുതിർന്നവർക്ക് 2 ലക്ഷം രൂപായുടെ ചിക്ത്സ ലഭിക്കു ന്ന പദ്ധതിയും ഉണ്ട്.”
പോസ്റ്റിൽ അവകാശപ്പെടുന്ന കാര്യം സത്യമാണോ..? ഇങ്ങനെയൊരു പദ്ധതി പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം നടപ്പിലാക്കിയോ..? വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ ഇതേ വിഭാഗത്തിൽ പെട്ട മറ്റൊരു പോസ്റ്റിന്റെ വസ്തുതാ പരിശോധന നടത്തിയിരുന്നു. താലോലം പദ്ധതിയുടെ പരിധി എന്താണ്..? 18 വയസിനു താഴെയുള്ള എല്ലാ രോഗികൾക്കും ഏതു രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടിയും പദ്ധതി വഴി സഹായം ലഭിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളുടെ വസ്തുതാ പരിശോധനയാണ് നടത്തിയത്. താഴെയുള്ള ലിങ്ക് സന്ദർശിച്ച് ലേഖനം വായിക്കാവുന്നതാണ്
18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളും താലോലം ചികിത്സാ പദ്ധതിക്ക് അർഹരാണോ…?
താലോലം പദ്ധതി ആവിഷ്കരിച്ചത് പിണറായി സർക്കാരിനോ എന്നറിയാൻ ഞങ്ങൾ ഓൺലൈനിൽ വിവരങ്ങൾ ലഭ്യമാണോ എന്ന് തിരഞ്ഞു നോക്കി. വിക്കിപീഡിയയുടെ മലയാളം പേജിൽ താലോലം പദ്ധതിയെക്കുറിച്ച് മലയാളത്തിൽ വിവരങ്ങൾ ലഭ്യമാണ്. 2010 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്ചുതാനന്ദനാണ് താലോലം പദ്ധതി ഉദ്ഘാടനം ചെയ്തത് എന്ന് അതിൽ പരാമർശമുണ്ട്.

archived link | wikipedia |
താലോലം പദ്ധതിയെപ്പറ്റി സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങളുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു

archived link | social security mission |
അതിനു ശേഷം ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ പദ്ധതിയുടെ പേര് ആരോഗ്യകിരണം എന്നായി മാറി. ആരോഗ്യകിരണം പദ്ധതിയിൽ ഉൾപ്പെട്ട സഹായങ്ങളും താലോലം പദ്ധതിയുടേതിന് തുല്യം തന്നെയായിരുന്നു.

പദ്ധതിയുടെ വിശദാംശങ്ങൾ താഴെയുള്ള ലിങ്ക് സന്ദർശിച്ച് വായിക്കാവുന്നതാണ്
archived link | people 24×7 |
താലോലം പദ്ധതി ഏതു സർക്കാരാണ് ആരംഭിച്ചത് എന്ന് കൃത്യമായി അറിയാനായി ഞങ്ങൾ സംസ്ഥാന സാമൂഹ്യ സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടു. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 2010 ലാണ് പദ്ധതി ആരംഭിച്ചതെന്ന് അവിടെ നിന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ വിശകലനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് താലോലം പദ്ധതി ആരംഭിച്ചത് 2010 ൽ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എന്നാണ്. പോസ്റ്റിൽ ആരോപിക്കുന്നതു പോലെ പിണറായി സർക്കാർ ആരംഭിച്ച പദ്ധതിയല്ല.
നിഗമനം
ഈ പോസ്റ്റിൽ അവകാശപ്പെടുന്ന വസ്തുത തെറ്റാണ്. താലോലം പദ്ധതി ആവിഷ്കരിച്ചത് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാരല്ല. പോസ്റ്റിൽ നൽകിയ വിവരണം പോലെ പദ്ധതിയിൽ 18 വയസ്സുവരെയുള്ള എല്ലാവർക്കും എല്ലാ രോഗങ്ങളുടെ ചികിത്സയ്ക്കും പദ്ധതി വഴി ധനസഹായം ലഭിക്കില്ല. അതിനു ചില മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ വസ്തുത മുഴുവൻ മനസ്സിലാക്കാതെ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു
