സഖാവ് പുഷ്പന്റെ ചികിത്സ ചെലവുകൾ വഹിക്കുന്നത് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്…..

രാഷ്ട്രീയം സാമൂഹികം

വിവരണം 

സഖാവ് പുഷ്പൻ രാഷ്ട്രീയ ഭേദമന്യേ  കേരളത്തിലെ എല്ലാവർക്കും സുപരിചിതനാണ്.  യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 1994 നവംബര്‍ 25ന് വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെ വഴി തടഞ്ഞ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ അന്ന് മുതല്‍ കിടപ്പിലായിരുന്നു. 

പാർട്ടി തന്നെയാണ് തന്റെ ചികിത്സാ ചെലവുകൾ വഹിക്കുന്നതെന്ന്  പല സമയത്ത് ഇതേപ്പറ്റി ഉയർന്ന വിവാദങ്ങൾക്ക് അദ്ദേഹം തന്നെ മറുപടി നൽകിയതായി മാധ്യമ വാർത്തകൾ വന്നിരുന്നു.

ഈ അവസരത്തിലാണ്  പുതിയ അവകാശവാദവുമായി ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നത്. പുഷ്പന്റെ ചികിത്സ ഹിന്ദു ജാഗരൺ ഭാരതി ഏറ്റെടുത്തു. വർഷങ്ങളായുള്ള ദുരിതത്തിന് ആശ്വാസം. ഏഴു കമ്മ്യുണിസ്റ്റ് കുടുംബങ്ങളെയാണ് സഖാവ് പുഷ്പന്റെ പേര്  പറഞ്ഞ് ഉപദ്രവിച്ചത്. ഈ വാർത്തയ്ക്ക് “പുസ്പനെ അറിയാമോ ഞമ്മടെ പുസ്പനെ അറിയാമോ ഇനി ആ പാട്ട് പാടിയാ ചകാവിന്റെ കുണ്ടിക്ക് ചൂരല് വീഴും” എന്നൊരു അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. 

archived linkFB post

പോസ്റ്റിൽ നൽകിയിരിക്കുന്നതുപോലെ സഖാവ് പുഷ്പന്റെ ചികിത്സാ ചെലവുകൾ ഹിന്ദു ജാഗരൺ ഭാരതി ഏറ്റെടുത്തിട്ടില്ല. അദ്ദേഹത്തിൻറെ ചികിത്സയുടെ കാര്യങ്ങൾ അന്വേഷിക്കുന്നതും ചെലവ് വഹിക്കുന്നതും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയാണ്. കൂടുതൽ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ വസ്തുത അറിയാനായി സിപിഎം  കണ്ണൂർ ജില്ലാ ബന്ധപ്പെട്ടപ്പോൾ അവർ തലശ്ശേരി എംഎൽഎ എഎം  ഷംഷീറിനാണ്‌ പുഷ്പന്റെ ചികിത്സയെ പറ്റി കൂടുതൽ അറിയുക എന്നും അദ്ദേഹവുമായി ബന്ധപ്പെട്ടാൽ വിവരങ്ങൾ അറിയാൻ സാധിക്കുമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഞങ്ങൾ എഎം  ഷംസീറിനോട് സംസാരിച്ചപ്പോൾ അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്. “പോസ്റ്റിലെ വാദം വ്യാജമാണ്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മറ്റിയാണ് സഖാവ് പുഷ്പന്റെ ചികിത്സയുടെ കാര്യങ്ങൾ മുഴുവൻ അന്വേഷിക്കുന്നത്. മറ്റാരെങ്കിലും ചികിൽസാ ചെലവ് വഹിക്കുന്നു എന്നൊക്കെ തെറ്റിദ്ധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുകയാണ്”

കൂടുതൽ അറിയാനായി ഞങ്ങൾ സഖാവ് പുഷ്പനോട് നേരിട്ടു സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: കിടപ്പിലായതു മുതലുള്ള എല്ലാ ചികിത്സാ ചെലവുകളും എന്റെ പാർട്ടിയാണ് വഹിക്കുന്നത്. ഡിവൈഎഫ്‌ഐയും സിപിഐഎമ്മും എന്റെ എല്ലാ കാര്യത്തിനും മുന്നിൽ തന്നെയുണ്ട്. കുറെ നാളുകളായി ചിലർ എന്റെ  ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് പാർട്ടിയെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ഈ പ്രചാരണത്തിൽ യാതൊരു സത്യവുമില്ല. ചികിത്സ ചെലവ് വഹിക്കാമെന്നേറ്റ് ഇതുവരെ മറ്റാരും എന്നെ സമീപിച്ചിട്ടില്ല. ഇനി സമീപിച്ചാൽത്തന്നെ ഞാനത് സ്വീകരിക്കുകയുമില്ല

ഹിന്ദു ജാഗരൺ ഭാരതിയാണ്  സഖാവ് പുഷ്പന്റെ ചികിത്സാ ചെലവുകൾ വഹിക്കുന്നത് എന്ന മട്ടിലുള്ള പ്രചാരണങ്ങൾ തെറ്റാണ് എന്ന് സഖാവ് പുഷ്പൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്‍റെ  ചികിത്സാ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന തലശ്ശേരി എംഎൽഎ എ എം ഷംസീർ ഇക്കാര്യത്തിൽ വ്യക്തത നൽകിയിട്ടുണ്ട്. 

തന്റെ ചികിൽസയുടെ പേരിൽ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ പുഷ്പൻ പ്രതികരിക്കുന്നതിനെപ്പറ്റി വന്ന മാധ്യമ വാർത്തയുടെ സ്ക്രീൻഷോട്ട്

archived link

ഹിന്ദു ജാഗരൺ ഭാരതി എന്ന പേരിൽ ഒരു സംഘടനാ നിലവിലില്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. ഹിന്ദു ജാഗരൺ മഞ്ച് എന്നൊരു സംഘപരിവാർ പോഷകസംഘടനയുണ്ട്.  ഇത് മുസ്‌ലിം ക്രിസ്തു മതങ്ങളിലേക്ക് ഹിന്ദുക്കളെ പരിവർത്തനം ചെയ്യുന്നത് നിയന്ത്രിക്കാനും തടയാനായി രൂപപ്പെട്ട സംഘടനയാണ്. ഹിന്ദു ജാഗരൺ ഭാരതി എന്ന പേരിൽ ഒരു സംഘടനയെപ്പറ്റി അറിയില്ല എന്നാണ്  സംഘപരിവാർ വൃത്തങ്ങളിൽ നിന്നും ലഭിച്ച മറുപടി.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. കിടപ്പിലായ സിപിഐഎം  പാർട്ടി പ്രവവർത്തകൻ സഖാവ് പുഷ്പന്റെ ചികിത്സാ ചെലവുകൾ വഹിക്കുന്നത് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണെന്ന് സഖാവ് പുഷ്പൻ അറിയിച്ചിട്ടുണ്ട്. മറ്റാരെങ്കിലും ചികിത്സാ ചെലവുകൾ ഏറ്റെടുത്തു എന്ന തരത്തിൽ പ്രചരിക്കുന്നതെല്ലാം ദുഷ്പ്രചരണങ്ങളാണ്. 

Avatar

Title:സഖാവ് പുഷ്പന്റെ ചികിത്സ ചെലവുകൾ വഹിക്കുന്നത് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്…..

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •