സ്റ്റീവ് ജോബ്സിന്‍റെ അവസാന വാക്കുകൾ എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പിന്‍റെ യാഥാര്‍ഥ്യം…

അന്തര്‍ദേശിയ൦ | International സാമൂഹികം

ആപ്പിളിന്‍റെ സഹസ്ഥാപകനും മുൻ ചീഫ് എക്‌സിക്യൂട്ടീവുമായ സ്റ്റീവ് ജോബ്‌സിനെ അറിയാത്തവര്‍ വിരളമാണ്.  കമ്പ്യൂട്ടർ, സംഗീതം, സിനിമ, വയർലെസ് വ്യവസായങ്ങൾ എന്നിവയെ മാറ്റിമറിച്ച ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ട് സ്റ്റീവ് ജോബ്സ് വർഷങ്ങളോളം അപൂർവ പാൻക്രിയാറ്റിക് ക്യാൻസറുമായി മല്ലിട്ട് 2011 ഒക്ടോബർ 5-ന് അന്തരിച്ചു. 

അദ്ദേഹത്തിന്‍റെ അവസാന വാക്കുകള്‍ എന്ന പേരില്‍ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്. 

പ്രചരണം 

സമ്പത്തിന് അതീതമായി ജീവിതത്തിന്‍റെ ചില കാഴ്ചപ്പാടുകളാണ് കുറിപ്പില്‍ കാണുന്നത്. “വിടപറയും മുൻപേ ..

തന്റെ അമ്പത്താറാമത്തെ വയസ്സിൽ ലോകം ഉപേക്ഷിച്ചു പോകേണ്ടി വന്ന സ്റ്റീവ് ജോബ്‌സ് അവസാനം എഴുതിയ കുറിപ്പ് :

“ഞാൻ കച്ചവട സാമ്രാജ്യത്തിൽ വിജയത്തിന്റെ കൊടുമുടി കയറി. മറ്റുള്ളവരുടെ നോട്ടത്തിൽ എന്റെ ജീവിതം വലിയ വിജയം തന്നെ.

എന്നാൽ , ജോലിക്ക് പുറത്ത് സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞില്ല.

ആത്യന്തികമായി , സമ്പത്ത് ആർജ്ജിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.

ആശുപത്രീയിൽ , മരണക്കിടക്കയിൽ കിടന്നുകൊണ്ട് എന്റെ മൊത്തം ജീവിതത്തെ പുനർവിചിന്തനം ചെയ്യുമ്പോൾ , ഞാൻ മനസിലാക്കുന്നു , ഞാൻ അഭിമാനിച്ചിരുന്ന എന്റെ സമ്പത്തും അംഗീകാരങ്ങളുമെല്ലാം മങ്ങിപ്പോയിരിക്കുന്നു. അതെല്ലാം ആസന്നമായ മൃത്യുവിന്റെ മുന്നിൽ അപ്രസക്തമായിരിക്കുന്നു.

വാഹനം ഓടിക്കാൻ ഒരു ഡ്രൈവറെയോ , പണമുണ്ടാക്കാൻ ആരെയെങ്കിലുമോ നിങ്ങൾക്ക് നിയമിക്കാൻ സാധിക്കും . രോഗങ്ങളോ , വേദനകളോ സഹിക്കുവാനോ, നിങ്ങൾക്ക് വേണ്ടി മരിക്കുവാനോ ആരെയും നിയമിക്കാനാവില്ല.

നഷ്ടപ്പെട്ട ഒരു വസ്തു നിങ്ങൾക്ക് തേടി കണ്ടു പിടിക്കാം . എന്നാൽ നഷ്ടപ്പെട്ട ഒന്നുമാത്രം നിങ്ങൾക്ക് വീണ്ടും തേടി കണ്ടുപിടിക്കാനാവില്ല. അതാണ് ജീവിതം .

നിങ്ങൾ ഇപ്പോൾ ജീവിതത്തിന്റെ ഏതു ഘട്ടത്തിൽ ആണെങ്കിലും , നമ്മൾ ഒരിക്കൽ ജീവിതത്തിന്റെ കർട്ടൻ വീഴുന്ന ദിവസം അഭിമുഖീകരിക്കേണ്ടി വരും .

അതുകൊണ്ട് , കുടുംബം , ഇണ , കുട്ടികൾ , സുഹൃത്തുക്കൾ .. അവറോടെല്ലാം നന്നായി പെരുമാറുക.

നമുക്ക് പ്രായം കൂടി വരികയും , വികാരം ബുദ്ധിക്ക് വഴിമാറുകയും ചെയ്യുന്ന സമയത്ത് നമ്മൾ പതുക്കെ മനസ്സിലാക്കി തുടങ്ങുന്നു..:

300 ഡോളറിന്റെ വാച്ചും , 30 ഡോളറിന്റെ വാച്ചും കാണിക്കുന്നത് ഒരേ സമയം തന്നെയാണെന്ന സത്യം.

300 ഡോളറിന്റെ പണസഞ്ചിയോ , ചെറിയ പേഴ്‌സോ കൊണ്ടുനടന്നാലും അതിലുള്ള തുക യ്ക്ക് മാറ്റം വരുന്നില്ല എന്ന കാര്യം .

ഒന്നര ലക്ഷം ഡോളറിന്റെ വാഹനമോ , മുപ്പതിനായിരം ഡോളറിന്റെ വാഹനമോ ഉപയോഗിച്ചാലും വഴിയും അകലവും ഒഒന്നായിരിക്കും . രണ്ടും നിങ്ങളെ ഒരേപോലെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.

1000 ഡോളറിന്റെ മദ്യം കഴിച്ചാലും , 10 ഡോളറിന്റെ മദ്യം കഴിച്ചാലും , രണ്ടും തലയ്ക്ക് പിടിക്കുന്നത് ഒരേപോലെ ആയിരിക്കും .

താമസിക്കുന്ന വീട് ചെറുതായാലും , വലുതായാലും അനുഭവിക്കുന്ന ഏകാന്തത ഒരേപോലായിരിക്കും.

ആന്തരിക സന്തോഷം ഭൗതികവസ്തുക്കളുമായി ബന്ധപ്പെട്ടല്ല സ്ഥിതിചെയ്യുന്നത് എന്ന സത്യം നമ്മൾ തിരിച്ചറിയുന്നു.

ഫസ്റ്റ് ക്‌ളാസിൽ സഞ്ചരിച്ചാലും , സാധാരണ സീറ്റിൽ യാത്രചെയ്താലും വിമാനം തകർന്നാൽ നിങ്ങൾ വീഴുന്നത് ഒരേ താഴ്ചയിലേക്കായിരിക്കും .

അതുകൊണ്ട് നിങ്ങൾ തിരിച്ചറിയുക, നിങ്ങൾക്ക് സംസാരിക്കാൻ സുഹൃത്തുക്കൾ , സഹോദരീ സഹോദരന്മാർ ഉള്ളപ്പോൾ അവരോടൊത്ത് ചിരിക്കുക, കളിക്കുക , സംസാരിക്കുക, പാട്ട് പാടുക ..തെക്കും വടക്കും , പടിഞ്ഞാറും സ്വർഗ്ഗവും , ഭൂമിയും .. തോന്നുന്നതെന്തും സംസാരിക്കുക.

അതാണ് ജീവിതത്തിലെ യഥാർത്ഥ സന്തോഷം .

ജീവിതത്തിലെ അനിഷേധ്യമായ സത്യം :

നിങ്ങളുടെ മക്കളെ സമ്പന്നരാകാൻ പഠിപ്പിക്കരുത് .

അവരെ സന്തോഷമായിരിക്കുവാൻ പഠിപ്പിക്കുക.

അങ്ങനെ വളർന്നു വരുമ്പോൾ അവർ വസ്തുക്കളുടെ വിലയല്ല , മൂല്യം മനസ്സിലാക്കും .

അപ്പോൾ ജീവിതം സുന്ദരമാകും .”

archived linkFB post

എന്നാല്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായി. 

വസ്തുത ഇങ്ങനെ 

പ്രചരിക്കുന്ന കുറിപ്പ് ജോബ്‌സിന്‍റെതാണ് എന്നുറപ്പിക്കാന്‍ യാതൊരു തെളിവുകളുമില്ല എന്നതാണു യാഥാര്‍ഥ്യം.  ഈ കുറിപ്പിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചാല്‍ സോഷ്യൽ മീഡിയ പോസ്റ്റുകളും ബ്ലോഗുകളും മാത്രമേ കാണാനാകൂ. വിശ്വസനീയമായ സ്രോതസുകളിലൊന്നും ജോബ്സ് ഇങ്ങനെയൊന്ന് പറഞ്ഞതായി യാതൊരു സൂചനകളുമില്ല. സ്റ്റീവ്  ജോബ്‌സിനെ കുറിച്ചുള്ള വാൾട്ടർ ഐസക്‌സന്‍റെ ജീവചരിത്രത്തിൽ  ഈ കുറിപ്പിനെ കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ല. 

ഡിജിറ്റല്‍ രംഗത്ത് അതികായനായ സ്റ്റീവ് ജോബ്‌സിന്‍റെ ചെറിയ ചെറിയ വാക്കുകള്‍ പോലും അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍  വാർത്താ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലൊന്നും ജോബ്‌സിന്‍റെ ഈ അവസാന കുറിപ്പിനെ കുറിച്ച് പരാമര്‍ശമില്ല. ജോബ്‌സ് തന്‍റെ അവസാന വാക്കുകളായി ദീർഘവും വിശദവുമായ ഉപദേശം നൽകിയിട്ടുണ്ടെങ്കിൽ, അത് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിലോ പുസ്തകങ്ങളിലോ മാധ്യമ റിപ്പോർട്ടുകളിലോ തീര്‍ച്ചയായും രേഖപ്പെടുത്തുമായിരുന്നു.

സന്തോഷമായിരിക്കാനും നന്നായി ഭക്ഷണം കഴിക്കാനും മറ്റും കുട്ടികളെ പഠിപ്പിക്കാൻ ഉപദേശിക്കുന്നതോടൊപ്പം ജീവിതത്തെക്കുറിച്ചുള്ള “അനിഷേധ്യമായ  വസ്തുതകളും” കുറിപ്പിൽ ഉൾപ്പെടുന്നു. ഈ “അനിഷേധ്യമായ വസ്തുതകൾ” വർഷങ്ങളായി ഓൺലൈനിൽ പ്രചരിക്കുന്നു, ഏതാണ്ട് 2013 ഡിസംബര്‍ മുതല്‍ സമാന വീക്ഷണങ്ങള്‍ പ്രചരണത്തിലുണ്ട്. ഇത്തരം സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത് സ്റ്റീവ് ജോബ്സിന്‍റെ പേരില്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് അനുമാനിക്കുന്നത്. 

സ്റ്റീവ് ജോബ്സിന്‍റെ സഹോദരി മോണ സിംപ്സനെ 2011 ഒക്ടോബർ 16-ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ മെമ്മോറിയൽ ചർച്ചിൽ നടന്ന ഒരു അനുസ്മരണ ചടങ്ങിൽ ആദരിച്ചിരുന്നു

പ്രസംഗത്തിനൊടുവില്‍ മോണ സിംപ്സനിന്‍റെ വാക്കുകള്‍ ഇങ്ങനെ: “ലോകത്തോട് വിടപറയുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്റ്റീവിന്‍റെ അവസാന വാക്കുകൾ ഏകാക്ഷരങ്ങളായിരുന്നു. അദ്ദേഹം ഒരേ വാക്ക് മൂന്ന് തവണ ആവർത്തിച്ചു. വിമാനം കയറുന്നതിന് മുമ്പ് സഹോദരി പാറ്റിയെയും പിന്നീട് മക്കളെയും വളരെ നേരം ജീവിത പങ്കാളിയായ ലോറനെയും നോക്കി. സ്റ്റീവിന്‍റെ അവസാന വാക്കുകൾ ഇതായിരുന്നു: “OH WOW… OH WOW… OH WOW…” 

ഇതിന് മുമ്പ് ഫാഷന്‍ ബ്ലോഗറായ കിർസൈദ  റോഡ്രിഗസിന്‍റെ പേരില്‍ സമാനമായ കുറിപ്പ് പ്രചരിച്ചിരുന്നു. ഫാക്റ്റ് ചെക്ക് വായിക്കാം: 

FACT CHECK ഈ ചിത്രം ഫാഷന്‍ ബ്ലോഗര്‍ കിർസൈദ റോഡ്രിഗ്‌സിന്‍റെതല്ല, നിക്കോൾ ഷ്വെപി എന്ന യുവതിയുടെതാണ്…

ലോകത്തിന്‍റെ പല ഭാഗങ്ങളിലും സാമൂഹ്യ മാധ്യമങ്ങളില്‍ ഈ കുറിപ്പ് രണ്ടു കൊല്ലം മുമ്പ് മുതല്‍ തന്നെ പ്രചരിക്കുന്നുണ്ടായിരുന്നു. റോയിട്ടേഴ്സ് കുറിപ്പിനു മുകളില്‍ വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്. 

നിഗമനം 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കുറിപ്പ് സ്റ്റീവ് ജോബ്‌സിന്‍റെ ഈ വാക്കുകൾ എന്നുറപ്പിക്കാന്‍ ഒരു തെളിവുമില്ല. കുറിപ്പില്‍ നല്‍കിയിരിക്കുന്നത് ഉദാത്തമായ ജീവിത വീക്ഷണമാണെങ്കിലും സ്റ്റീവ് ജോബ്സുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്റ്റീവ് ജോബ്സിന്‍റെ അവസാന വാക്കുകൾ എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പിന്‍റെ യാഥാര്‍ഥ്യം…

Fact Check By: Vasuki S 

Result: Misleading