ചിത്രത്തിലുള്ള സ്വര്‍ണാഭാരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടി പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതം ഡീലറുടെ മകളാണോ?

കൗതുകം

വിവരണം

പഴനി അമ്പലത്തിലെ പഞ്ചാമൃതം ഡീലറുടെ മകളുടെ വിവാഹം? എന്ന തലക്കെട്ട് നല്‍കി ജൂലൈ 26 മുതല്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സി.കെ.സുജിത്ത് ചെന്നൈ എന്ന പേരുള്ള ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 2,300ല്‍ അധികം ഷെയറുകളും 220 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ചിത്രത്തില്‍ കാണുന്നത്  പഴനിയിലെ പഞ്ചാമൃതം ‍ഡീലറുടെ മകളുടെ കല്യാണ ഫോട്ടോ തന്നെയാണോ? ആരാണ് ആ പെണ്‍കുട്ടി? സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ചിത്രത്തില്‍ സ്വര്‍ണാഭരണം അണിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടി ആരാണെന്ന അന്വേഷണമാണ് ‍‍‍ഞങ്ങള്‍ ആദ്യം നടത്തിയത്. അന്വേഷണത്തില്‍ നിന്നും ഇതൊരു തമിഴ് സീരിയല്‍ നടിയാണെന്നും പേര് വാണി ഭോജന്‍ എന്നാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ഏതോ വ്യാപാര സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാഥിതിയായി എത്തിയതാണ് വാണിയെന്നും അറിയാന്‍ സാധിച്ചു. മാത്രമല്ല വാണിയുടെ പിതാവിന്‍റെ പേര് ഭോജന്‍ എന്നാണ്. ഇദ്ദേഹം പഴനിയിലെ പഞ്ചാമൃത വില്‍പ്പന ഡീലറും അല്ല.

വാണിയുടെ ഇതെ ചിത്രം തിരുപ്പതിയിലെ ലഡ്ഡു നിര്‍മ്മിക്കുന്ന കരാറുകാരന്‍റെ മകളാണെന്ന പേരിലും ഏറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം വസ്‌തുത വിരുദ്ധമാണ്.

പിന്‍ടെറെസ്റ്റില്‍ വാണി ഭോജന്‍റെ പേരില്‍ ഈ ചിത്രം കാണാന്‍ കഴിയും-

നിഗമനം

പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതം ഡീലറുടെ മകളുടെ കല്യാണ ഫോട്ടോ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം സീരിയല്‍ താരം വാണി ഭോജന്‍റെയാണെന്ന് കണ്ടെത്തി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫെയ്‌‌സ്ബുക്ക് പോസ്റ്റിലെ അവകാശവാദങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് അനുമാനിക്കാം.

Avatar

Title:ചിത്രത്തിലുള്ള സ്വര്‍ണാഭാരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടി പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതം ഡീലറുടെ മകളാണോ?

Fact Check By: Dewin Carlos 

Result: False