‘വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് സംഘപരിവാര്‍ മര്‍ദ്ദനം’- പ്രചരിക്കുന്ന ചിത്രം യെമനില്‍ നിന്നുള്ളതാണ്… സത്യമറിയൂ…

അന്തര്‍ദേശീയം കുറ്റകൃത്യം

ജാതി-വര്‍ണ്ണ വിവേചനം ഇന്ത്യന്‍ ഭരണഘടനാ പ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും ഒറ്റപ്പെട്ട ചില അതിക്രമ സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വടക്കേ ഇന്ത്യയില്‍ ക്ഷേത്രത്തില്‍ കയറിയ ബാലനെ സംഘപരിവാര്‍  ക്രൂരമായി മര്‍ദ്ദിച്ചു എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ശരീരമാസകലം മര്‍ദ്ദനമേറ്റ് തിണര്‍ത്ത പാടുകളുമായി നില്‍ക്കുന്ന ബാലന്‍റെ രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. വടക്കേ ഇന്ത്യയില്‍  വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് നേരെ സംഘപരിവാര്‍ നടത്തിയ  ക്രൂരതയാണിത് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ദാഹം അകറ്റാൻ ക്ഷേത്രത്തിൽ കയറിയ കുട്ടിയെ വിവിധം ചെയ്യാൻ സംഘപരിവാറിനല്ലാതെ മറ്റാർക്ക് കഴിയും” ‘സംഘികളുടെ ദൈവം ഈ ക്രൂരത അംഗീകരിക്കുന്ന ദൈവമാണെങ്കിൽ ആ ദൈവം പൊട്ടനാണ് സംഘികളുടെ ദൈവം”

FB postarchived link

എന്നാൽ ഈ ചിത്രത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. ചിത്രം യമനിൽ നിന്നുള്ളതാണ്. 

വസ്തുത ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ യമനിൽ നിന്നുള്ള alnabba-alyemeni എന്ന മാധ്യമം 2020 ഒക്ടോബർ അഞ്ചിന് സമാന ചിത്രത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. 

ചിത്രത്തിലുള്ള കുട്ടിയുടെ പേര് ഷമീർ റാഷിദ് അൽ-ഖഹിലി  എന്നാണ്. യമനില്‍ 2020 ഒക്ടോബർ മൂന്നിന് നടന്ന സംഭവമാണിത് എന്നാണ് വാർത്ത അറിയിക്കുന്നത്. കുട്ടിയെ പിതാവ് റാഷിദ് മുഹമ്മദ് മർദ്ദിച്ചതിന്‍റെ ചിത്രമാണിത്.  കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് കുട്ടിയെ മർദ്ദിച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു. പോലീസ് സംഭവസ്ഥത്തെത്തി കുട്ടിയെ മോചിപ്പിച്ചതായും പിതാവിനെതിരെ നടപടികൾ സ്വീകരിച്ചതായും വാർത്തയിലുണ്ട്. 

ക്രൂരമായി കുട്ടിയെ മര്‍ദ്ദിച്ച പിതാവിനെതിരെ നടപടി സ്വീകരിച്ചതായി വ്യക്തമാക്കിക്കൊണ്ട് യമനി സർക്കാർ പത്രക്കുറിപ്പ്  ഇറക്കിയിരുന്നു:

ഇന്ത്യയിൽ ഇത്തരത്തിൽ എന്തെങ്കിലും സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്ന് അറിയാനായി വീണ്ടും തിരഞ്ഞപ്പോൾ 2021 മാര്‍ച്ച് 14 ന് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. “ഗാസിയാബാദ്- ക്ഷേത്രത്തിൽ വെള്ളം കുടിച്ചതിന് മുസ്ലീം ബാലനെ മർദിച്ചു, രണ്ടു പേർ അറസ്റ്റിൽ” എന്ന തലക്കെട്ടിലുള്ള വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെ: “ഗാസിയാബാദിലെ ദസ്‌നയിൽ ക്ഷേത്രത്തിനുള്ളിൽ വെച്ച് 14 വയസ്സുള്ള മുസ്ലീം ആൺകുട്ടിയെ ഒരാൾ മർദിക്കുന്ന വീഡിയോ വെള്ളിയാഴ്ച വൈകുന്നേരം വൈറലായിരുന്നു. 23 കാരനായ ക്ഷേത്രം സൂക്ഷിപ്പുകാരൻ ശൃംഗി നന്ദൻ യാദവ് വെള്ളം കുടിക്കാൻ ക്ഷേത്രത്തിനകത്ത് കയറിയ കുട്ടിയെ പിടികൂടി മർദിച്ചപ്പോൾ മറ്റൊരു കെയർടേക്കർ ശിവാനന്ദ് സരസ്വതി കൂട്ട് ചേര്‍ന്നു. ഗാസിയാബാദ് പോലീസ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.”

 ഈ വാര്‍ത്ത അല്ലാതെ ഇത്തരത്തിൽ എന്തെങ്കിലും സംഭവം അടുത്തകാലത്ത് ഇന്ത്യയിൽ ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.  അന്വേഷണത്തിൽ മുകളിലെ ചിത്രത്തിലുള്ളത് യമനിൽ നിന്നുള്ള കുട്ടിയാണ് എന്ന് വ്യക്തമായിട്ടുണ്ട്.  ഇന്ത്യയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ് ചിത്രം ഇന്ത്യയിൽ നിന്നുള്ളതല്ല. യമനിൽ 2020 ഒക്ടോബറില്‍ പിതാവ് സ്വന്തം മകനെ ക്രൂരമായി മർദ്ദിച്ചതിന്‍റെ ചിത്രമാണിത്. സംഘപരിവാറുമായോ ഇന്ത്യയുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയ ബാലന് സംഘപരിവാര്‍ മര്‍ദ്ദനം’- പ്രചരിക്കുന്ന ചിത്രം യെമനില്‍ നിന്നുള്ളതാണ്… സത്യമറിയൂ…

Written By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •